പന്തീരങ്കാവ് ഗാര്‍ഹിക പീഢനക്കേസിലെ പ്രതി രാഹൂല്‍ കെ. ഗോപാലന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്ന് മര്‍ദ്ദനമേറ്റ നവവധുവിന്റെ പിതാവ്. ഞങ്ങളോട് സ്ത്രീധനം ചോദിച്ചിട്ടില്ലെന്ന വാദം കളവാണ് മകന്റെ ഇപ്പോഴത്തെ പൊസിഷനൊക്കെ അറിയാമല്ലോ അതനുസരിച്ച് നിങ്ങള്‍ കാര്യമായി ചെയ്യുമല്ലോയെന്ന രാഹുലിന്റെ മാതാവ് ചോദിച്ചതായി നവവധുവിന്റെ പിതാവ് വ്യക്തമാക്കി. ഞങ്ങള്‍ സ്ത്രീധനം ചോദിച്ചില്ലെന്നായിരുന്നു രാഹുലിന്റെ അമ്മ പറഞ്ഞിരുന്നത്. മകളെ മര്‍ദ്ദിച്ചിട്ടില്ലെന്ന വാദവും കള്ളമാണ്. അമ്മയും സഹോദരിയുടെയും അറിവോടെയാണ് എന്റെ മോളെ രാഹൂല്‍ മര്‍ദിച്ച് അവശയാക്കിയത്. അക്കാരണത്താല്‍ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കണമെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അച്ഛന്‍ പറഞ്ഞു.
കല്യാണത്തിനു മുന്‍പ് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവന്റെ അമ്മയോടു ചോദിച്ചിരുന്നു. ഞങ്ങളുടെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ അതനുസരിച്ചു നിങ്ങള്‍ കാര്യമായി ചെയ്യുമല്ലോ എന്നാണ് അവര്‍ മറുപടി പറഞ്ഞത്. കല്യാണശേഷം മകളുടെ ആഭരണങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്ന അവര്‍ അക്കാര്യം പറഞ്ഞ് നിരന്തരം മോളുമായി വഴക്കുണ്ടാക്കാറുണ്ട്. മോളെ മര്‍ദിക്കുന്നതിനു മുമ്പ് ഒരു മണിക്കൂറോളം അമ്മയും രാഹുലും സഹോദരിയുമായി മുറിയടച്ചിട്ടു സംസാരിച്ചത് ഗൂഢാലോചനയാണെന്നും അച്ഛന്‍ പറഞ്ഞു. എല്ലാം അവരുടെ ഒത്താശയോടെയാണ് നടന്നിട്ടുള്ളതെന്നും രാഹുലിന്റെ മുന്‍കാല പശ്ചാത്തലവും അന്വേഷിക്കണം. ലഹരി ഉപയോഗവും വില്‍പ്പനയും അവനുണ്ടോയെന്ന് അന്വേഷിക്കണം. ലഹരിയുമായി ബന്ധപ്പെട്ട് രാഹുലിനും കൂട്ടുകാര്‍ക്കുമെതിരെ അവിടുത്തെ റസിഡന്റ് അസോസിയേഷനിലും പരാതികള്‍ ഉണ്ടെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു.
കല്യാണശേഷം മകളെ ജര്‍മനിയിലേക്കു കൊണ്ടുപോകുമെന്നാണ് അവന്‍ പറഞ്ഞത്. അതിനായി ഒന്‍പതാം തീയതി വീട്ടില്‍ വന്ന അവര്‍ ആലുവയില്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിനായി പോയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ പ്രകാരം അവന്‍ ജര്‍മ്മനിയിലും പോയിട്ടില്ല അതെല്ലാം അവന്റെ വ്യക്തമായ തട്ടിപ്പാണെന്നും വ്യക്തമായിട്ടുണ്ട്. ആളുകളെ വിദേശത്തേക്കു കടത്തുന്ന ഏജന്റാണോ ഇവന്‍ എന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും അച്ഛന്‍ പറഞ്ഞു.
രാഹൂല്‍ മകളെ മര്‍ദ്ധിച്ചില്ലെന്ന് കള്ളം പറയുകയാണ്, അവളെ മര്‍ദ്ധനശേഷം കണ്ടപ്പോള്‍ ഇത് എന്റെ മകള്‍ തന്നയാണോയെന്ന് ചിന്തിച്ചു പോയി. ആകെ ഭയപ്പെട്ട അവസ്ഥയിലായിരുന്ന അവളുടെ തല മുഴച്ചിരുന്നു. മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്ന് ഉണങ്ങിയ പാടുണ്ടായിരുന്നു. ഇതൊക്കെ താനേ സൃഷ്ടിച്ചതാണോ? അവന്‍ ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. കൈമടക്കി തലയില്‍ ഇടിച്ചതുകാരണം മോള്‍ക്ക് ഇപ്പോഴും തല അനക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രാഹുല്‍ വിദേശത്തേക്കു കടന്നതായി വിവരമെന്ന് യുവതിയുടെ അമ്മ പറഞ്ഞു. രാഹുല്‍ ബെംഗളൂരു വഴി സിംഗപ്പൂരിലേക്കു കടന്നുവെന്നാണു വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്നു വിവരം ലഭിച്ചതെന്നും, രാഹുലിനു രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ഒരുക്കിയെന്നും അവര്‍ ആരോപിച്ചു. ലുക്കൗട്ട് നോട്ടീസ് ഇറക്കുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞാണു രാഹുല്‍ നാടുവിട്ടത്. ഐജി വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞു.
അതേസമയം, പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്കു തിരിച്ചു. ഫറോക്ക് എസിപി സാജു കെ.ഏബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഗാര്‍ഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.