ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇടിഞ്ഞതും പ്രധാനപ്പെട്ട ദേശീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ ശൈലിയിൽ പൊടുന്നനേ സംഭവിച്ച മാറ്റങ്ങളും വിലയിരുത്തിയ ശേഷം ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ ബിജെപിക്ക് തിരിച്ചടി നേരിട്ടേക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുതിച്ചു പായുകയായിരുന്ന ആഭ്യന്തര ഓഹരി വിപണിയിൽ ഇതേസമയം തന്നെ തിരുത്തൽ നേരിട്ടതോടെ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വിജയ സാധ്യതയിലേക്കും ചോദ്യങ്ങൾ ഉയർന്നു. അടുത്തിടെ ഇന്ത്യ വിക്സ് സൂചിക ഉയർന്നത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇത് ഉയരാൻ ഉള്ള ഏറ്റവും വലിയ കാര്യം കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി ഓഹരി വിപണിയിൽ ശക്തമായ ചാഞ്ചാട്ടം പ്രകടമായിട്ടുണ്ട്. അതുപോലെ സമീപകാലയളവിനിടെ വിപണിയിൽ സംഭവിക്കാവുന്ന ചാഞ്ചാട്ടത്തിന്റെ തീവ്രതയുടെ അളവുകോലായി പരിഗണിക്കപ്പെടുന്ന ഇന്ത്യ വിക്സ് (VIX) സൂചികയാകട്ടെ ഏതാനും ആഴ്ചകൾ കൊണ്ട് ഒരു വർഷക്കാലയളവിലെ ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചുയർന്നു.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇന്ത്യ വിക്സ് സൂചിക 39 നിലവാരത്തിലേക്കും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ വിക്സ് സൂചിക 30 നിലവാരത്തിലേക്കും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മാർക്കറ്റ് ട്രെൻഡുകൾ പരുവപ്പെടുന്നതിന് പിന്നിൽ പല ഘടകങ്ങൾക്കും സ്വാധീനം ചെലുത്താൻ കഴിയുമെന്നതും ഓർക്കുക. ജിയോപൊളിറ്റിക്കൽ റിസ്ക് ഘടകങ്ങൾ മുതൽ പലവിധ ആഭ്യന്തര ഘടകങ്ങൾക്കും വരെ വിപണിയിൽ സ്വാധീനം ചെലുത്താനാകും.
സമീപകാലയളവിനിടെ ഇന്ത്യ വിക്സ് സൂചികയിൽ വർധന രേഖപ്പെടുത്തിയത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനമാണെന്ന് കരുതാൻ സാധിക്കില്ല. പക്ഷേ,ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മോദി വിജയിക്കും എന്ന പ്രതീക്ഷയെ ഓഹരി വിപണി ഉൾക്കൊണ്ടു കഴിഞ്ഞിട്ടുള്ള കാര്യമായതിനാൽ പോളിങ് ശതമാനത്തിലെ കുറവ് ഒരു വിഭാഗം നിക്ഷേപകരെ എങ്കിലും ആശങ്കപ്പെടുത്താം. വിദേശ നിക്ഷേപകരുടെ വിൽപനയും അമേരിക്കൻ കടപ്പത്രങ്ങളുടെ ആദായ നിരക്കിലെ വർധനയും വിപണിയെ സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്. ഇതിലൂടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെയും വിപണിയിൽ ചാഞ്ചാട്ടത്തിനുള്ള സാധ്യത നിലനിൽക്കുന്നു.