ലോക പ്രശസ്തരായ പല വ്യക്തികൾക്കും വിഷാദമുണ്ടായിരുന്നു. ഐസക്ക് ന്യൂട്ടൻ അവസാന നാളുകളിൽ വിഷാദത്തിനു അടിമയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. വാൻഗോഗ് മരിച്ചത് വിഷാദം കാരണമാണ്. പലർക്കും വിഷാദം പിടിപെടുന്നത് അറിയാൻ കഴിയില്ല.
ഭാവനയും യാഥാർത്ഥതലവുമായി ഒട്ടും പൊരുത്തപ്പെടലുകളുമില്ലാതെ പോകുമ്പോൾ മസ്തിഷ്കത്തിന്റെ നിയന്ത്രണം നഷ്ടപെടുന്ന ചില നിമിഷങ്ങളിൽ ഉന്മാദം വ്യക്തിയെ ആക്രമിക്കുന്നു. സ്ഥായിയായ അടിസ്ഥാന ഭാവമാണ് മൂഡ്. ചില വ്യക്തികളിൽ ഉണ്ടാകുന്ന വൈകാരിക വ്യതിയാനങ്ങൾ സാധാരണ മൂഡ് മാറ്റങ്ങളിൽനിന്ന് ത്രീവമായതും നീണ്ടുനിൽക്കുന്നതുമാകുമ്പോൾ അത് രോഗമാകുന്നു. -വൈകാരിക രോഗങ്ങൾ -മൂഡ് വളരെ താഴുമ്പോൾ -വിഷാദം. മൂഡ് ഉയരുമ്പോൾ -ഉന്മാദം.
തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗികൾ പ്രകടമായ ചില ശാരീരിക രോഗലക്ഷണങ്ങൾ അത് നെഞ്ചുവേദന, കൈകൾ വേദന, മരവിപ്പ്, വയർ സംബന്ധമായ തകരാറുകൾ തുടങ്ങിയ അസ്വസ്ഥതകളുമായി ഡോക്ടർമാരെ സമീപിക്കുന്ന ചില രോഗികളുണ്ട്. ഇത്തരത്തിലുള്ള മനോജന്യ രോഗങ്ങൾ അനുഭവിക്കുന്നവർക്ക് മെഡിക്കൽ പരിശോധനയിൽ പ്രത്യേകിച്ച് രോഗങ്ങളുണ്ടെന്ന് കണ്ടെത്താൻ കഴിയാറില്ല.
വിഷാദം ശരീരത്തെ ബാധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വ്യക്തിയെ ബാധിക്കുന്നത്. മദ്യാസക്തി- ലഹരിവസ്തുക്കളുടെ ഉപയോഗങ്ങളിലേക്ക് ജീവിതത്തെ പറിച്ചു നടുന്നവർ വിവിധതരം വിഷാദാവസ്ഥകൾ അനുഭവിക്കുന്നവരാണെന്ന് ചില പഠനങ്ങളിൽ പറയുന്നു.
വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ
സാധാരണയായി കാണുന്ന ഒരു രോഗമാണ് വിഷാദം. ജീവിതത്തിലുണ്ടാകുന്ന ചില തിരിച്ചടികൾ, ദുരന്തം തുടങ്ങിയവ വിഷാദാവസ്ഥ സൃഷ്ടിക്കും. ചിലരിൽ വിഷാദം താൽക്കാലികമായിരിക്കും. ഈ അവസ്ഥയിൽ നിന്ന് മറ്റു ചിലർക്ക് കരകയറാൻ കഴിയാറില്ല. വിഷാദരോഗം ആവർത്തിച്ച് അനുഭവപ്പെടാം. ചിലപ്പോൾ അത് വർഷങ്ങളോളം നിലനിൽക്കും. അത്തരം അവസ്ഥക്ക് ഡിസ്‌തീമിയ എന്ന് പറയുന്നു.
ലക്ഷണങ്ങൾ
- കുറ്റബോധം, നിരാശ, ആത്മ വിശ്വാസമില്ലായ്മ
- ശ്രദ്ധക്കുറവ്, മറവി
- ഉന്മേഷമില്ലായ്മ, ഒന്നിനും ഉത്സാഹമില്ല
- നീണ്ടുനിൽക്കുന്ന അടിസ്ഥാന മനോഭാവ മാറ്റങ്ങൾ
- വിഷാദാത്മകമായ അവസ്ഥ
- ലൈംഗിക തകരാറുകൾ
- ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ
- വിശപ്പിലുണ്ടാകുന്ന മാറ്റങ്ങൾ– ചിലപ്പോൾ ഭക്ഷണത്തിനോടുള്ള വിരക്തി, ചിലപ്പോൾ അമിത ഭക്ഷണം
- ശരീരത്തിന്റെ തൂക്കം കുറയുക
- ആത്മഹത്യാപ്രവണത
ഉന്മാദവും വിഷാദവും മാറി മാറി വരുമ്പോൾ
ഉന്മാദവും വിഷാദവും ഒന്നിന് പുറകിലായി അനുഭവിക്കുന്നവർ വിഭ്രാന്തിയോടെ പെരുമാറുന്നു. അമിതാഹ്ളാദം, അമിത സംസാരം, തനിക്ക് അസാധാരണമായ കഴിവുണ്ടെന്ന വീമ്പുപറച്ചിൽ, അമിത വേഗത എന്നിവ ഇവരിൽ കാണാം. വിഷാദവും ഉന്മാദവും മാറി മാറി വരുന്ന അവസ്ഥയാണ് ബൈപോളാർ മൂഡ് ഡിസോർഡർ. ഇത്തരത്തിലേതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽനിങ്ങൾ ഉറപ്പായും മെഡിക്കൽ ഹെൽപ്പ് എടുക്കേണ്ടതാണ്