കേരം തിങ്ങും കേരള നാട് എന്നാണ് നമ്മുടെ നാട് അറിയപ്പെടുന്നത് തന്നെ. തെങ്ങില്ലാതെ എന്ത് കേരളം, തേങ്ങ ചേർക്കാത്ത എന്ത് കേരള ഫുഡ് അല്ലേ. ഒരു കരിക്ക് കുടിക്കാൻ തോന്നിയാൽ ആദ്യം കിട്ടുന്നത് നമ്മുടെ കേരളത്തിൽ അല്ലേ, എന്നാൽ കേരളത്തില്‍ ഈ തെങ്ങ് കൃഷി വ്യാപിച്ചത് എന്നാണെന്ന കാര്യത്തില്‍ വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്.
ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വിഷ്ണു പുരാണം,മത്സ്യ പുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ പുരാണങ്ങളിലും എല്ലാം തെങ്ങിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കാളിദാസന്‍റ രഘുവംശത്തിലും ചില പ്രാചീന തമിഴ് കൃതികളിലും ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലും എല്ലാം തെങ്ങിനെ കുറിച്ച് പറയുന്നുണ്ട്.
അതിനാല്‍ ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ തെങ്ങ് വളരെ പ്രാചീന കാലം മുതല്‍ക്ക് നിലവിലുണ്ടായിരുന്നു എന്ന് കരുതാം.
എന്നാല്‍ ആദ്യകാല സഞ്ചാരികളുടെ വിവരണങ്ങളിലൊന്നും തെങ്ങ് ഒരു വാണിജ്യ ഉല്‍പ്പന്നമായി പ്രത്യക്ഷപ്പെടുന്നില്ല. കേരളത്തെ കുറിച്ചു പരാമര്‍ശിക്കുന്ന പ്രാചീന സമുദ്ര യാത്ര വിവരണമായ ഒന്നാം നൂറ്റാണ്ടിലുള്ള പെരിപ്ലസ് മാരിസ് എറിത്രിയയിലോ, രണ്ടാം നൂറ്റാണ്ടിലെ കേരളത്തെ കുറിച്ചു വിവരിക്കുന്ന ടോളമിയോ പ്ലിനിയോ തെങ്ങിനെയോ നാളികേര ഉല്‍പ്പന്നങ്ങളെയോ കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
തെങ്ങ് ഉണ്ടാവാമെങ്കിലും അതൊരു വാണിജ്യ ഉല്‍പ്പന്നമോ അല്ലെങ്കില്‍ കയറ്റുമതി ചരക്കോ ആയിരുന്നില്ല എന്നതിന്‍റ സൂചനയാവാം ഇത്.
എന്നാല്‍ 6 ാം നൂറ്റാണ്ടില്‍ (AD 550) കേരളത്തില്‍ എത്തിയ ബൈസാന്‍റിയന്‍ പുരോഹിതന്‍ കോസ്മോസ് ( ഈജിപ്ത്) കേരളത്തില്‍ അഥവാ മലൈയില്‍ സമൃദ്ധമായി വളരുന്ന ഒരു വൃക്ഷമാണ് തെങ്ങ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
തീരപ്രദേശങ്ങളില്‍ ആണ് ഇവ കൂടുതല്‍ വളരുന്നത് എന്നും ശാഖകള്‍ തീരെയില്ലാത്ത ഈ മരത്തിന് ചില കാര്യങ്ങളില്‍ ഈന്തപ്പനയോട് സാദൃശ്യം ഉണ്ടെങ്കിലും അതിനെ അപേക്ഷിച്ച് വളരെ ഉയരത്തില്‍ വളരുന്ന, തടിക്ക് ഉറപ്പുള്ള മരമാണെന്നും കോസ്മോസ് രേഖപ്പെടുത്തുകയുണ്ടായി.തലപ്പത്ത് ചുറ്റും കുലകളായി കായ കാണുന്നു.ഇവയുടെ ഒരു കുലയില്‍ ധാരാളം കായകള്‍ ഉണ്ടാവുമെന്നും ഇതിന്‍റ പുറംതോടിന്‍റ നിറം പച്ചയാണെന്നും അദ്ദേഹം തുടര്‍ന്ന് വിവരിക്കുന്നുണ്ട്.
മൂപ്പെത്താത്ത കായയുടെ അകത്ത് നിറയെ മധുരമുള്ള വെള്ളവും വഴുവഴുപ്പുള്ള കഴമ്പുമാണ്. ഈ സ്വാധിഷ്ടമായ പാനീയം ദാഹവും ക്ഷീണവും മാറ്റാന്‍ ഉത്തമമാണ്. മൂപ്പെത്തിയാല്‍ കാമ്പിന് കട്ടി കൂടും. തനിയെയും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തും ഇവ ഉപയോഗിക്കുന്നു…
തേങ്ങയും ഇളനീരും അക്കാലത്ത് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണെന്ന് കോസ്മോസിന്‍റ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം.
ലോക സഞ്ചാരിയായ മാര്‍ക്കൊ പോളോ ഇന്ത്യന്‍ കായ എന്നാണ് നാളികേരത്തെ വിശേഷിപ്പിച്ചത്. മലബാറില്‍ കുരുമുളകും ഇഞ്ചിയും ഇന്ത്യന്‍ കായയും സമൃദ്ധമായി വളരുന്നതായി അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ കുരുമുളകും ഇഞ്ചിയും മറ്റും വിപുലമായ രീതിയില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതായി പറയുന്നുണ്ടെങ്കിലും തേങ്ങയുടെ ഉപയോഗത്തെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല.
എന്നാല്‍ 14 ാം നൂറ്റാണ്ടിന്‍റ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത തെങ്ങിനെ കുറിച്ചും തേങ്ങയുടെ ഉപയോഗത്തെ കുറിച്ചുമെല്ലാം രസകരനായ പല വിവരണങ്ങളും നല്‍കുന്നുണ്ട്. ഏകദേശം നാല് വര്‍ഷത്തോളം കേരളത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞു കൂടിയ ഇബ്നു ബത്തൂത്ത കേരളീയരുടെ ജീവിത രീതികളെ അടുത്തറിഞ്ഞ ആളാണ്.
കേരളത്തിന്‍റ തീരദേശത്തുടനീളം തെങ്ങ് സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. ” തെങ്ങ് കാഴ്ചയില്‍ ഈന്തപ്പനയുമായി സാദൃശ്യമുള്ള മരമാണെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നു.
നാളികേരത്തിന് മനുഷ്യന്‍റ തലപോലെ രണ്ട് കണ്ണുകളും വായയുമുണ്ട്. മാലിദ്വീപിലെ തേങ്ങയ്ക്ക് മനുഷ്യന്‍റ തലയോളം വലിപ്പമുണ്ടെന്നും അദ്ദേഹം വിവരിക്കുന്നു.
തേങ്ങയ്ക്ക് ഇത്തരത്തില്‍ രൂപം വരാനുണ്ടായ രസകരമായ ഐതിഹ്യം മാലി ദ്വീപില്‍ വച്ചു കേട്ടതും വിവരണത്തിലുണ്ട്. നാളികേരത്തിന്‍റ ഗുണഗണങ്ങള്‍ ബത്തൂത്ത ഇപ്രകാരം വിവരിക്കുന്നു.
” നാളികേരം ശരീരത്തിന് ഔജസ്സും ശക്തിയും പ്രധാനം ചെയ്യുന്നതിന് പുറമെ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വേണ്ടത്ര മൂപ്പെത്താത്ത നാളികേരത്തിന് ഇളനീര്‍ എന്നാണ് പേര്. കത്തികൊണ്ട് അതിന്‍റ തൊലി ചെത്തിക്കളഞ്ഞ് മുകള്‍ ഭാഗം തുരന്ന് വെള്ളം കുടിക്കുന്നു. വളരെ മധുരമുള്ളതും തണുത്തതുമായ ആ വെള്ളം ശരീരത്തിന് ഉത്തമമാണ്. വെള്ളം കുടിച്ചു കഴിഞ്ഞാല്‍
അതിന്‍റ പുറംതോട് കൊണ്ട് ഒരു സ്പൂണ്‍ പോലെ ഉണ്ടാക്കി ഉള്ളിലുള്ള ഭക്ഷ്യ പദാര്‍ത്ഥം ചുരണ്ടി തിന്നുന്നു. ഇത് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നു.”
നാളികേരത്തില്‍ നിന്ന് എണ്ണ, പാല്‍, തേന്‍ എന്നിവ ഉണ്ടാക്കുന്നതിനെ കുറിച്ച് വിശദമായ വിവരണം ബത്തൂത്ത തുടര്‍ന്ന് നല്‍കുന്നു.
തേന്‍ ഏന്ന് ഉദ്ദേശിച്ചത് ചക്കര താലി ഉണ്ടാക്കുന്നതിനെയാണ്. തെങ്ങു ചെത്തി തേന്‍ ഉണ്ടാക്കുന്നവരെ ഹാസനിയ്യ എന്നാണ് അദ്ദേഹം വിളിക്കുന്നത്. തെങ്ങ് ചെത്തി ലഭിക്കുന്ന നീര് ഒരു പാത്രത്തിലൊഴിച്ച് നമ്മള്‍ മുന്തിരി വെള്ളം കാച്ചുന്നതു പോലെ കാച്ചുന്നു. കുറെ നേരം അടുപ്പത്ത് വച്ച് തിളപ്പിച്ചാല്‍ അത് താലിയായി മാറും. അതാണ് ചക്കര തേന്‍. സ്വാദുള്ളതും വളരെ പോഷക ഗുണമുള്ളതുമായ ഈ തേന്‍ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും ചൈന,യമന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതായും അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി.
എല്ലാ വീട്ടിലും വീതി കുറഞ്ഞതും ഉയരത്തിലുള്ളതുമായ ഒരു പലക ഉള്ളതായും ഈ പലകയുടെ അറ്റത്ത് ഇരുമ്പ് നാക്ക് ഘടിപ്പിച്ചിരിക്കുന്നതായും സ്ത്രീകള്‍ ഈ പലകയില്‍ ഇരുന്ന് നാളികേര മുറി ഇരുമ്പു നാക്ക് കൊണ്ട് ചുരണ്ടിയെടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് പാല്‍ പോലെ നിറവും മണവുമുള്ള തേങ്ങാ പാല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചുമെല്ലാം
ബത്തൂത്ത പറയുന്നുണ്ട്.
ഈ പാല്‍ കറികളിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കുന്നു.വെളിച്ചെണ്ണ നിര്‍മ്മിക്കുന്നതിനെ കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്.
“നല്ലവണ്ണം മൂപ്പെത്തിയ നാളികേരം പൊളിച്ചെടുത്ത് അതിന്‍റ കഴമ്പെല്ലാം ചെറിയ കഷണങ്ങളാക്കി വെയിലത്തിട്ട് ഉണക്കുന്നു.പാകമായാല്‍ ചട്ടിയിലാക്കി അടുപ്പത്ത് വച്ച് തീകത്തിച്ച് എണ്ണയെടുക്കുന്നു.ആ എണ്ണയാണ് വിളക്ക് കത്തിക്കാനും കറികളില്‍ ചേര്‍ക്കാനും തലയില്‍ തേക്കാനും ഉപയോഗിച്ചു വരുന്നത്.
പതിനാലാം നൂറ്റാണ്ടിന്‍റ ആദ്യ പാദത്തില്‍ കേരളത്തില്‍ എത്തിയ കത്തോലിക്കാ മിഷണറിയായ ഫ്രയര്‍ ജോര്‍ഡാനൂസിന്‍റ വിവരണത്തില്‍ ചകിരിയുടെയും കയറിന്‍റയും എല്ലാം പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ” തെങ്ങിന്‍റ എല്ലാ ഭാഗവും മനുഷ്യര്‍ക്ക് പ്രയോജനപ്രദമാണ്. തേങ്ങയുടെ പുറംതോടില്‍ നിന്നെടുക്കുന്ന ചകിരി സംസ്കരിച്ചു പിരിച്ചുണ്ടാക്കുന്ന കയര്‍ വഞ്ചികളും കപ്പലുകളും കെട്ടി മുറുക്കുവാന്‍ വിശേഷമാണ്.
ഇതിന്‍റ തടി വീടുണ്ടാക്കുവാനും ഓല പുര മേയുവാനും ഉപയോഗിക്കുന്നു. കത്തിക്കാനുള്ള വിറകും തെങ്ങില്‍ നിന്നു ലഭിക്കുന്നു”. കയര്‍ കൊണ്ടു കെട്ടി മുറുക്കിയ ഇന്ത്യന്‍ കപ്പലുകളുടെ പ്രാധാന്യം മാര്‍കൊ പോളോയും ഇദ്രീസിയുമെല്ലാം എടുത്തു പറയുന്നുണ്ട്.
” ഇവിടെയുള്ള ചെറുതും വലുതുമായ എല്ലാ കപ്പലുകളും വഞ്ചികളും നല്ല ഉറപ്പുള്ള മരങ്ങള്‍ കൊണ്ട് പണി തീര്‍ത്തതാണ്. ചിലതിന്‍റ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഒരറ്റ മരത്തടി കൊണ്ട് പണി തീര്‍ത്തതും, മറ്റ് ചിലത് ഉറപ്പുള്ള അനവധി പലകകള്‍ ചേര്‍ത്ത് കയര്‍ കൊണ്ട് കെട്ടി ഉറപ്പിച്ചിട്ടുള്ളവയുമാണ്. പലകകള്‍ തമ്മില്‍ യോജിപ്പിക്കാന്‍ ആണികള്‍ക്ക് പകരം കയര്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ ഈ കപ്പലുകള്‍ പാറകളിലോ പവിഴപ്പുറ്റുകളിലോ അറിയാതെ മുട്ടിപ്പോയാലും പെട്ടന്ന് തകരുകയില്ല “.
പതിനഞ്ചാം നൂറ്റാണ്ടിലെ കേരളത്തെ കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതാണ് ചീന മുസ്ലിം സഞ്ചാരിയായ മാഹ്വാന്‍റ വിവരണങ്ങള്‍. കൊച്ചിയിലെ വീടുകള്‍ തെങ്ങിന്‍ തടി ഉപയോഗിച്ചു പണിതിട്ടുള്ളതായും വെള്ളം ചോരാത്ത വിധത്തില്‍ തെങ്ങോല കൊണ്ട് മേഞ്ഞതായും അദ്ദേഹം വിവരിക്കുന്നു.
കോഴിക്കോടും ധാരാളം തെങ്ങുകളും ഓല മേഞ്ഞ വീടുകളും അദ്ദേഹം കാണുകയുണ്ടായി.ബാര്‍ബോസ, വര്‍ത്തേമ, ഫെയ്സീന്‍ തുടങ്ങിയവരുടെയെല്ലാം അക്കാലത്തെ വിവരണങ്ങളില്‍ കേരളത്തിലെ തെങ്ങുകളെ കുറിച്ച് വിവരിക്കുന്നുണ്ട്. കേരളത്തില്‍ എത്തിയ ആദ്യ ബ്രിട്ടീഷ് സഞ്ചാരിയായ മാസ്റ്റര്‍ റാല്‍ഫ് ഫിച്ച് ” തീര പ്രദേശങ്ങളില്‍ ഏറ്റവും സമൃദ്ധമായി വളരുന്ന വൃക്ഷമാണ് തെങ്ങ് എന്നും ഇതിന്‍റ എല്ലാ ഭാഗവും ഉപയോഗപ്രദമായതിനാല്‍ ഇതിനെ കല്‍പ്പ വൃക്ഷമായി കരുതി വരുന്നതായും അഭിപ്രായപ്പെടുകയുണ്ടായി.തെങ്ങിനും നാളീകേര ഉല്‍പ്പന്നങ്ങള്‍ക്കും കേരളീയ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ വിവരണങ്ങളെല്ലാം.
തെങ്ങു കൃഷിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നതും നാളീകേര ഉല്‍പ്പന്നങ്ങള്‍ പ്രധാന കയറ്റുമതി ഇനമായതും പോര്‍ച്ചുഗീസു കാരുടെ വരവോടെയാണ്. അവര്‍ പുതിയ തരം തെങ്ങിനങ്ങള്‍ പലതും ഇവിടെ പ്രചരിപ്പിക്കുകയുണ്ടായി. കപ്പലിന്‍റ വടത്തിനും പലകകള്‍ ബന്ധിപ്പിക്കുവാനും മറ്റും കയര്‍ ഉപയോഗിക്കാമെന്നും ഉപ്പുവെള്ളത്തില്‍ കിടന്നാലും കേട് വരില്ലെന്നുമുള്ള കാര്യം അവര്‍ മനസ്സിലാക്കിയതോടെ കയറിന്‍റ പ്രാധാന്യവും വര്‍ദ്ധിച്ചു.
ഡച്ചുകാരും ശാസ്ത്രീയ കൃഷി രീതികള്‍ പ്രചരിപ്പിക്കുകയുണ്ടായി. കള്ളില്‍ നിന്ന് ചാരായമുണ്ടാക്കുന്ന ഡിസ്റ്റിലറികള്‍ സ്ഥാപിക്കപ്പെട്ടതും വലിയ തോതില്‍ മദ്യോല്‍പാദനം തുടങ്ങിയതുമെല്ലാം ബ്രിട്ടീഷുകാരുടെ കാലത്താണ്. കൊപ്രയാട്ടാന്‍ നാടന്‍ ചക്കുകള്‍ക്ക് പകരം ഓയില്‍ മില്ലുകള്‍ സ്ഥാപിക്കപ്പെട്ടതും വെളിച്ചെണ്ണ വന്‍തോതില്‍ കയറ്റി അയക്കാന്‍ തുടങ്ങിയതുമെല്ലാം ഈ കാലഘട്ടത്തില്‍ ആണ്.