നിശബ്‌ദനായ കൊലയാളി എന്നറിയപ്പെടുന്ന ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ രക്തസമ്മർദ്ദം പലരിലും വ്യാപകമായി കാണപ്പെടുന്നു.ധമനികളുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സാധാരാണ പരിധിയിൽ കവിയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവ ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്. ഇത് ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന അവസ്ഥയാണെങ്കിലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാറില്ല.
ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യാവസ്ഥയാണ് രക്താതിമർദ്ദം. എന്നാൽ, പലരും രോഗനിർണയം നടത്താതെ പോകുന്നു. കൃത്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും നടത്തിയില്ലെങ്കിൽ ഇത് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.
ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളെ ബാധിക്കുകയും മരണകാരണമാകുകയും ചെയ്യുന്നു. ഇത് ഓരോ വർഷവും ഏകദേശം 7.5 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലക്ഷണങ്ങൾ പ്രകടമാകാത്തതും പലർക്കും ഇതിനെ സംബന്ധിച്ച് അവബോധം ഇല്ലാത്തതുമാണ് സ്ഥിതി ഗുരുതരമാക്കുന്നത്.
ഹൈപ്പർടെൻഷന്റെ വ്യാപനത്തെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധിക്കേണ്ടതിന്റെ പ്രാധന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്താനാണ് ലോക ഹൈപ്പർടെൻഷൻ ദിനം ആചരിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം നേരത്തെ കണ്ടെത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ മറ്റ് പല രോഗങ്ങളെയും തടയാനാകും.
വരുന്നതറിയില്ല
പലരും വിചാരിക്കുന്നതുപോലെ തലവേദനയും തലകറക്കവുമൊന്നും ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തലയുടെ പുറകിലായനുഭവപ്പെടുന്ന തലവേദനയും ഹൈപ്പർടെൻഷനുള്ളവരിൽ കാണാറുണ്ട്. കൂടാതെ നെഞ്ചിടിപ്പ്, തലയ്ക്ക് പെരുപ്പ്, ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഹൈപ്പർടെൻഷനുള്ളവർ പറയാറുണ്ട്.
ഹൈപ്പർടെൻഷൻ
എപ്പോഴാണ് ഒരാൾ ഹൈപ്പർടെൻഷന്റെ പരിധിയിൽ വരുന്നതെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികൾ വിശകലനം ചെയ്ത് പുനർനിർണയിക്കാറുണ്ട്. സിസ്റ്റോളിക് മർദം 140ൽ കൂടുമ്പോഴും ഡയസ്റ്റോളിക് മർദം 90ൽ കൂടുമ്പോഴാണ് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
ഇന്ത്യൻ ഹൈപ്പർടെൻഷൻ ഗൈഡ് ലൈൻസ്, ജോയിന്റ് നാഷണൽ കമ്മിറ്റി 7, 8 ശുപാർശകൾ തുടങ്ങിയവയെല്ലാം 140/90ന് മുകളിൽ ബി.പി. എത്തുമ്പോൾ ഹൈപ്പർ ടെൻഷനുണ്ടെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി/അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശാനുസരണം 130/80 ന് മുകളിലെത്തുമ്പോൾ തന്നെ സ്റ്റേജ് 1 ഹൈപ്പർടെൻഷനുണ്ടെന്ന് പറയാം.