തിരുവനന്തപുരം: പൊതുജനാരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ഘടകമായാണ് ഏകാരോഗ്യം (വണ്‍ ഹെല്‍ത്ത്) എന്ന ആശയത്തെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക പരിപാടിയായ ട്രിമയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തിരുവനന്തപുരത്തും കോഴിക്കോട്ടും വൺ ഹെൽത്തുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സംസ്ഥാന സർക്കാർ സ്ഥാപിച്ചു. ഏകാരോഗ്യമെന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ആരോഗ്യ നയം പരിഷ്കരിച്ചതും കഴിഞ്ഞവര്‍ഷം ഒരു പൊതുജനാരോഗ്യ ചട്ടം നിയമസഭ പാസാക്കിയതും. സർക്കാരുമായും പ്രാദേശികസമൂഹങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യാനായി കേരളത്തിലുടനീളം 250,000 സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, മൃഗസംരക്ഷണം എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ ടീമിന് രൂപംകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇതിന്‍റെ ചെയര്‍പേഴ്സണ്‍. ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് നിരീക്ഷിക്കാനും വേഗത്തിൽ തിരിച്ചറിയാനും പ്രാദേശികമായി അതിനോട് ഉടനടി പ്രതികരിക്കാനും ഇതിലൂടെ സാധിക്കും.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും മാത്രമേ പകർച്ചവ്യാധികളുടെ ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിയൂ. നിപ്പയെപ്പറ്റി ഐസിഎംആർ നടത്തുന്ന പഠനങ്ങൾ ഈ വർഷം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ആലപ്പുഴയിലും കോട്ടയത്തും അടുത്തിടെയുണ്ടായ ഏവിയൻ ഫ്ലൂ കേസുകൾക്കൊപ്പം ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും കാര്യമായ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ പക്ഷിപ്പനി മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും ആഗോളതലത്തിൽ 800 പേർക്കാണ് രോഗം ബാധിച്ചത്. പനി മനുഷ്യരിലേക്ക് പകരുകയാണെങ്കിൽ അത് വിനാശകരമായേക്കാം. സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വീണ ജോര്‍ജ് പറഞ്ഞു.
മുൻ അംബാസഡറും ട്രിമ ചെയർമാനുമായ ടിപി ശ്രീനിവാസൻ, ട്രിമ കോ-ചെയർ എയർ മാർഷൽ (റിട്ട) ഐ.പി. വിപിൻ, ഡബ്ല്യുഎച്ച്ഒ ഐഎച്ച്ആർ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. റിതു സിംഗ് ചൗഹാൻ, ടിഎംഎ പ്രസിഡന്റ് സി. പത്മകുമാർ, ടിഎംഎ സെക്രട്ടറി വിങ് കമാൻഡർ രാഗശ്രീ ഡി. നായർ എന്നിവർ സംസാരിച്ചു.