ആപ്പിള്‍ ഈ വര്‍ഷം അവസാനത്തോടെ പുതിയ ആക്സസബിലിറ്റി ഫീച്ചറുകള്‍ ഐഫോണില്‍ അവതരിപ്പിക്കും. ആപ്പിള്‍ ന്യൂസ് റൂമില്‍ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. ഐ ട്രാക്കിങ്, മ്യൂസിക് ഹാപ്റ്റിക്സ്, വോക്കല്‍ ഷോര്‍ട്ട്കട്ട്സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുക. എഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചറുകള്‍ പുറത്തിറക്കാനിരിക്കുന്ന ഐ ഒസ് 18 ല്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകളുള്ളവരെ ഫോണ്‍ നിയന്ത്രിക്കാന്‍ പ്രാപ്തമാക്കുകയാണ് ഐട്രാക്കിങ് സംവിധാനം ചെയ്യുക. കണ്ണുകൊണ്ട് നോക്കി ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇതുവഴി ഉപഭോക്താവിന് സാധിക്കും. ഫോണിലെയും ഐപാഡിലേയും ഫ്രണ്ട് ക്യാമറ ഉപയോഗിച്ചാണ് കണ്ണുകളുടെ ചലനം നിരീക്ഷിക്കുക.
ഫോണില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മെഷീന് ലേണിങ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട ഡേറ്റ ഫോണില്‍ തന്നെയാണ് സൂക്ഷിക്കുകയെന്നും കമ്പനി പറഞ്ഞു.
മ്യൂസിക് ഹാപ്റ്റിക്സ്
കേള്‍വിക്ക് പ്രശ്നങ്ങളുള്ളവര്‍ക്ക് വേണ്ടിയാണ് മ്യൂസിക് ഹാപ്റ്റിക്സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐഫോണില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ആ പാട്ടിനനുസരിച്ച് ഐഫോണിന്റെ ടാപ്റ്റിക് എഞ്ചിന് ഫോണില്‍ വൈബ്രേഷനുകളും ടാപ്പുകളുമെല്ലാാം പ്രവര്‍ത്തിപ്പിക്കും. ആപ്പിള്‍ മ്യൂസിക്കിലെ ലക്ഷക്കണക്കിന് പാട്ടുകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഈ സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് മ്യൂസിക് ഹാപ്റ്റിക്സിന്റെ എപിഐയും ഡവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കും.
വോക്കല്‍ ഷോര്‍ട്കട്ട്സ്
വോക്കല്‍ ഷോര്ട്ക്കട്ട്സ് സംവിധാനം ഉപയോഗിച്ച് ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കള്‍ക്ക് സങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ ശബ്ദനിര്‍ദേശങ്ങള്‍ ഉപയോഗിക്കാനാവും. ഓരോ ജോലിക്കും നിങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സെറ്റ് ചെയ്ത് സിരിയുടെ സഹായത്തോടെ ആ ജോലി ചെയ്യാം.
ലിസന്‍ ഫോര്‍ എടിപ്പിക്കല്‍ സ്പീച്ച്
ലിസന്‍ ഫോര്‍ എടിപ്പിക്കല്‍ സ്പീച്ച് ആണ് ആപ്പിള്‍ പ്രഖ്യാപിച്ച മറ്റൊരു ഫീച്ചര്‍. വ്യത്യസ്തങ്ങളായ സംഭാഷണങ്ങള്‍ തിരിച്ചറിയാനാകുന്ന സംവിധാനമാണിത്. ഓണ്‍ ഡിവൈസ് മെഷീന് ലേണിങ് സംവിധാനം ഉപയോഗിച്ചാണ് ലിസന്‍ ഫോര്‍ എടിപ്പിക്കല്‍ സ്പീച്ചിന്റെ പ്രവര്‍ത്തനം. വിവിധ രോഗാവസ്ഥകളെ തുടര്‍ന്ന് സാധാരണ പോലെ സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും.
വെഹിക്കിള്‍ മോഷന്‍ ക്യൂസ്
ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച മറ്റൊരു സൗകര്യമാണ് വെഹിക്കിള്‍ മോഷന്‍ ക്യൂസ് (Vehicle Motion Cues). ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട് (മോഷന്‍ സിക്ക്നെസ്). വാഹനത്തിലിരുന്നും ഐഫോണ്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സൗകര്യമാണ് വെഹിക്കിള്‍ മോഷന്‍ ക്യൂസ്.
വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാണുന്നതും അനുഭവപ്പെടുന്നതുമായ കാര്യങ്ങളില്‍ മനുഷ്യരുടെ ഇന്ദ്രീയങ്ങളിലുണ്ടാകുന്ന ആശയക്കുഴപ്പമാണ് മോഷന്‍ സിക്ക്നെസിന് കാരണമാകുന്നത് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.
വെഹിക്കള്‍ മോഷന്‍ ക്യൂ ഉപയോഗിക്കുമ്പോള്‍ ഡിസ്പ്ലേയില്‍ അനിമേറ്റഡ് ഡോട്ടുകള്‍ കാണാം. ഇത് വാഹനത്തിന്റെ ചലനത്തിനുസരിച്ച് ചലിക്കുകയും അത് നമ്മുടെ ഇന്ദ്രീയങ്ങളുടെ ആശയക്കുഴപ്പം ഇല്ലാതാക്കുകയും ചെയ്യും. ഫോണിലെയും ടാബിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇവയെ കൂടാതെ കാര്‍പ്ലേയിലും വിഷന്‍ ഒഎസിലും ആക്സസബിലിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.