അൽഐൻ: കമ്യൂണിറ്റി ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് അൽഐനിലെ അൽ ദാഹിറിൽ അഡ്വാൻസ്ഡ് ഡേ സർജറി സെൻ്റർ ആരംഭിച്ചു. സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ സെന്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻഷ്യൽ കോർട്ട് ചെയർമാൻ്റെ ഓഫീസ് ഡയറക്ടർ ഹിസ് എക്സലൻസി ഹുമൈദ് അൽ നെയാദി, ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്ത് അണ്ടർ സെക്രട്ടറി നൂറ അൽ ഗെയ്‌തി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
നൂതന പരിശോധന, ചികിത്സ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഡേ സർജറി സെൻ്റർ, രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണമാണ് ഉറപ്പാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആശുപത്രിവാസം കുറയ്ക്കാൻ ലക്ഷ്യമിടുന്ന സെന്ററിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് നൂതന ചികിത്സകൾ ലഭ്യമാക്കുക. 16 സ്പെഷ്യാലിറ്റികളിലുള്ള മെഡിക്കൽ സേവനങ്ങൾ സേവങ്ങൾ സെന്ററിൽ ഉണ്ടാകും. അൽ ഐനിലെ അൽ ദാഹിർ, ഉം ഗഫ, മെസിയാദ് എന്നിവിടങ്ങളിലുള്ളവർക്ക് ഇത് സഹായകരമാകും.
സാമൂഹ്യാരോഗ്യം മുൻനിർത്തിയുള്ള ആരോഗ്യ ഇടപെടലുകളാണ് പുതിയ ഡേ സർജറി സെന്ററിലൂടെ ബുർജീൽ ഹോൾഡിങ്‌സ് ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങൾക്ക് കേന്ദ്രം ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് നൂറ ഗെയ്‌തി പറഞ്ഞു.
ബുർജീൽ ഹോൾഡിങ്‌സിന്റെ അൽ ഐനിൽ നിലവിലുള്ള മൂന്ന് ആരോഗ്യകേന്ദ്രങ്ങളുടെ ശൃംഖലയുമായി ചേർന്നാണ് പുതിയ ഡേ സർജറി സെന്റർ പ്രവർത്തിക്കുക. സങ്കീർണ്ണമായ കേസുകൾ സ്പെഷ്യലൈസ്ഡ് ചികിത്സയ്ക്കായി നഗരത്തിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിലേക്കും ബുർജീൽ റോയൽ അഷ്റജിലേക്കും മാറ്റും.