കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. ഒരു മാസത്തിനിടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചത് 221 പേർക്കാണ്. 31 പേർ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളത്തിൽനിന്നാണ് രോഗം പടർന്നത്. തുടർന്ന് ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തിയത്.
വേങ്ങൂർ പഞ്ചായത്തിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കായി ധന സമാഹരണം തുടരുകയാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നവർക്ക് അടക്കം ലക്ഷങ്ങളാണ് ചെലവായത്.
കളമശേരി, നെടുമ്പാശേരി, ആലുവ, മട്ടാഞ്ചേരി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും നടക്കുന്നുണ്ട്.