ചെന്നൈ: തിരുപ്പൂരിൽ കനത്ത മഴയെത്തുടർന്ന് നാലുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. പാലം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനും, രക്ഷിക്കാനെത്തിയ മൂന്നു പേരുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. തിരുപ്പുരിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിൽ കനത്ത മഴ തുടരുന്നതോടൊപ്പം അയാൾ സംസ്ഥാനമായ തമിഴ്നാട്ടിലും മഴ ദുരിതം വിതക്കുന്നതായാണ് റിപ്പോർട്ടുകൾ.
കന്യാകുമാരി, തേനി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലായി അതിതീവ്രമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. കൂടാതെ വിരുദുനഗർ, തിരുപ്പുർ, കോയമ്പത്തൂർ, നീലഗിരി, ഡിണ്ടിഗൽ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോയമ്പത്തൂരിലും കന്യാകുമാരിയിലും അടക്കം എട്ടു ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട്.