കാസർകോട്: രണ്ടിങ്ങളിലായി പൂട്ടിയിട്ട രണ്ട് വീടുകളിൽ കവർച്ച നടത്തി. കവർച്ചയിൽ 44 പവൻ സ്വർണാഭരണങ്ങളും 9 ലക്ഷം രൂപയും റാഡോ വാച്ചും രേഖകളും കവർന്നു. കാസർകോട് മൊഗ്രാൽപുത്തൂർ മുണ്ടായ്ക്കാൽ ഇബ്രാഹിമിന്റെ വീട്ടിൽനിന്നാണ് 35 പവൻ സ്വർണം കവർന്നത്. ഇബ്രാഹിമും ഭാര്യയും വീടുപൂട്ടി മകളുടെ വീട്ടിലേക്കുപോയ സമയത്തായിരുന്നു കവർച്ച.
ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്നു കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് കവർന്നത്. സ്വർണ ലോക്കറ്റ്, മാല, കമ്മലുകൾ, അരഞ്ഞാണം തുടങ്ങിയവയാണു കവർന്നത്.
കാസർകോട് പൊലീസ് കേസെടുത്തു. മഞ്ചേശ്വരം മച്ചംപാടി സിഎംനഗറിലെ ഇബ്രാഹിം ഖലീലിന്റെ വീട്ടിൽനിന്നാണ് 9 പവൻ സ്വർണവും 9 ലക്ഷം രൂപയും റാഡോ വാച്ചും രേഖകളും കവർന്നത്. വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിലെ അലമാരയുടെ ലോക്കർ അതേപോലെ മോഷ്ടാക്കൾ കടത്തി. അതിനുള്ളിലായിരുന്നു വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും ഉണ്ടായിരുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.