ജീവനക്കാരിൽ ഉത്സാഹവും സന്തോഷവും വർദ്ധിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട കാര്യക്ഷമത കൈവരിക്കുക എന്ന ഉദ്ദേശത്തോടെ “കോർപ്പറേറ്റ് ഡെമോക്രസി” എന്ന വിപ്ലവകരമായ ആശയം തങ്ങളുടെ സ്ഥാപനത്തിൽ നടപ്പാക്കാൻ ഒരുങ്ങി പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ഏരീസ് ഗ്രൂപ്പ്. ആഗോള തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ജീവനക്കാരുടെ സന്തോഷം കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുവാനായി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ആശയപദ്ധതിയുമായി ഒരു കോർപ്പറേറ്റ് സ്ഥാപനം മുന്നിട്ടിറങ്ങുന്നത്. സ്ഥാപനത്തിന്റെ ഇരുപത്തിയാറാം വാർഷികത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ഒരു നവീന പദ്ധതി ആവിഷ്കരിച്ചിരിയ്ക്കുന്നത് . 29 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 66 കമ്പനികൾ അടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനമാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. നിരവധി ആധുനിക ആശയങ്ങൾ മുൻവർഷങ്ങളിൽ കൃത്യമായി ആവിഷ്കരിച്ച് നടപ്പാക്കിയതിലൂടെ സാമുദ്രിക വ്യവസായമേഖലയിലെ മുഖ്യധാരാസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ ലോകത്തിലെ ഒന്നാം സ്ഥാനത്തെത്താൻ ഇതിനകം ഏരീസിന് സാധിച്ചിട്ടുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി, സ്ഥാപനത്തിൽ ജീവനക്കാർ തെരഞ്ഞെടുത്ത പത്ത് വ്യത്യസ്ത മന്ത്രാലയങ്ങൾക്ക് രൂപം നൽകും. പുതിയ മന്ത്രാലയ ഘടനയിൽ ഹാപ്പിനസ്, ആരോഗ്യം , ധനകാര്യം , ഹോം അഫയേഴ്സ്, എഡ്യുക്കേഷൻ & സ്കിൽസ്, കാര്യക്ഷമത, സാംസ്കാരികം, സാമൂഹിക പ്രതിബദ്ധത, ഗതാഗതം എന്നീ വകുപ്പുകൾ ഉൾപ്പെടും. സ്ഥാപനത്തിൽ ഒരു വർഷം പിന്നിട്ട എല്ലാ സ്ഥിരം ജീവനക്കാർക്കും തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അർഹത ഉണ്ടായിരിക്കും.
“പുതുപുത്തൻ ആശയങ്ങൾ പ്രായോഗികമായി നടപ്പിലാക്കുക എന്നത് എല്ലാ കാലത്തും ഞങ്ങളുടെ നയമാണ്. കേവലം ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മാത്രമല്ല, സ്ഥാപനത്തിന്റെ മാനേജ്മെന്റ് രീതികളിലും പുതിയ ആശയങ്ങൾക്ക് സ്ഥാനം നൽകുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട് ” ഏരീസ് ഗ്രൂപ്പിൻ്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ് പറഞ്ഞു.
“പ്രതിഭയും കഴിവുമുള്ള ജീവനക്കാർക്ക് സ്ഥാപനത്തിന്റെ ഭരണസാരഥ്യത്തിൽ അർഹമായ ഇടം നേരിട്ട് ലഭ്യമാക്കുന്ന ഈ വിപ്ലവകരമായ പദ്ധതിയിലൂടെ ജീവനക്കാരുടെ പരസ്പര സഹകരണവും സ്ഥാപനത്തിന്റെ കാര്യക്ഷമതയും ഇനിയും ഒരുപാട് വർദ്ധിക്കും എന്ന് ഞങ്ങൾ കണക്കുകൂട്ടുന്നു. ‘കോർപ്പറേറ്റ് ഡെമോക്രസി’ എന്ന ഈ സംവിധാനത്തിൽ, സ്ഥാപനത്തിന്റെ ആഗോള തലത്തിലുള്ള താൽപര്യങ്ങളേയും കാഴ്ചപ്പാടുകളെയും കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായി ഓരോ മന്ത്രാലയത്തിനും പ്രത്യേകം ക്യാബിനറ്റ് മന്ത്രിമാരും അവർക്കൊപ്പം അധികമായി പ്രാദേശിക തലത്തിലുള്ള അഞ്ച് മന്ത്രിമാരും ഉണ്ടായിരിക്കും.
ജീവനക്കാർ തെരഞ്ഞെടുക്കുന്ന മന്ത്രിമാർക്ക് അഞ്ചുവർഷം ആയിരിക്കും സേവന കാലാവധി.
പ്രധാനമന്ത്രിയുടെ റോൾ, കമ്പനിയുടെ സിഇഒ അല്ലെങ്കിൽ നിലവിലുള്ള മാനേജിംഗ് ഡയറക്ടർമാരിൽ ഒരാൾ നിർവഹിക്കും. ഏതെങ്കിലും മന്ത്രാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാത്ത മന്ത്രിമാർ ഉണ്ടെങ്കിൽ അവരെ ജീവനക്കാരുടെ വാർഷിക അവലോകനത്തിന്റെ അടിസ്ഥാനത്തിൽ തൽസ്ഥാനത്തുനിന്ന് മാറ്റും.ഇപ്രകാരം സ്ഥാനമൊഴിയുന്ന മന്ത്രിമാർക്ക് അവർ മുൻപ് ചെയ്തിരുന്ന ജോലികളിലേക്ക് മടങ്ങാവുന്നതാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാർക്ക് അവരുടെ കാര്യക്ഷമതയ്ക്കും നേതൃപാടവത്തിനും അനുസൃതമായി തക്കതായ പ്രതിഫലവും ഉണ്ടാകും.
ഈ സ്ഥാപനത്തിന്റെ ഭാവി, ശ്രേഷ്ഠമായ രീതിയിൽ രൂപപ്പെടുത്താൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ജീവനക്കാരെ ഈ ഉത്തരവാദിത്വവും ആവശ്യമായ വിഭവങ്ങളും ഞങ്ങൾ ഏൽപ്പിയ്ക്കുകയാണ്. ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളിൽ പൂർണ്ണവിശ്വാസം അർപ്പിക്കുകയും അവരുടെ പ്രതിഭ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം അവരുടെ വ്യക്തിപരമായ വളർച്ചയും ശാശ്വതമായ സന്തോഷവും ഉറപ്പുവരുത്തുവാനും തികച്ചും സൗഹൃദപരമായ ഒരു അന്തരീക്ഷം അവരുടെ ജോലിസ്ഥലത്ത് സൃഷ്ടിയ്ക്കുവാനും ഇത്തരത്തിലുള്ള ഒരു വ്യത്യസ്തമായ മാനേജ്മെന്റ് പോളിസിയിലൂടെ സാധിക്കുന്നു. ‘കോർപ്പറേറ്റ് ഡെമോക്രസി’ യിലൂടെ ലഭിക്കുന്ന വർദ്ധിച്ച ഉത്തരവാദിത്വം അവരുടെ കാര്യക്ഷമതയെ മെച്ചപ്പെടുത്തുന്നതിനു പുറമേ ഏരീസ് ഫാമിലിക്ക് മുഴുവൻ സന്തോഷം പകർന്നു നൽകുന്നതിനോടൊപ്പം ലക്ഷ്യബോധത്തിന്റേയും ഉടമസ്ഥ ബോധത്തിന്റെയും ഒരു പുതിയ തലം കൂടി ജീവനക്കാരുടെ മനസ്സിൽ വളർത്തിയെടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കോർപ്പറേറ്റ് ഡെമോക്രസി സമ്പ്രദായത്തിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ അവരുടെ അനൗദ്യോഗിക സമയവും അനുവദിച്ച ഫണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യക്ഷമതയും സന്തോഷവും മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കും. ഈ നയം പ്രകാരമുള്ള മന്ത്രാലയങ്ങൾക്കായുള്ള തെരഞ്ഞെടുപ്പ്, വരുന്ന മാസങ്ങളിൽ ഷെഡ്യൂൾ ചെയ്യുന്നതാണ്. സോഹൻ റോയ് കൂട്ടിച്ചേർത്തു.
അൻപത് ശതമാനം ലാഭം ജീവനക്കാരുമായി പങ്കിടുക എന്ന നയം, റിട്ടയർമെന്റിനുശേഷം പെൻഷൻ, രക്ഷകർത്താക്കൾക്ക് പെൻഷൻ നൽകൽ, ജീവനക്കാർക്കുള്ള സ്റ്റാർട്ടപ്പ് പിന്തുണ, ഭവനരഹിതരായ ജീവനക്കാർക്ക് വീട്, ജീവിത പങ്കാളിയ്ക്ക് നൽകുന്ന ശമ്പള ആനുകൂല്യങ്ങൾ, കുട്ടികൾക്കുള്ള അലവൻസുകൾ, പ്രിവിലേജ് ലീവും രണ്ടുവർഷത്തെ ശിശു സംരക്ഷണ അവധിയും ഉൾപ്പെടെ സ്ത്രീകൾക്കായുള്ള പ്രത്യേക പദ്ധതികൾ എന്നിവ ഉൾപ്പെടെ വിപ്ലവകരമായ നിരവധി തൊഴിലാളി അനുകൂല നയങ്ങൾക്ക് പ്രശസ്തിയാർജ്ജിച്ച സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്.
ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള 2400-ലധികം ജീവനക്കാർ ഒരേ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് ഈ സ്ഥാപനത്തെ ഒരൊറ്റ മനസ്സായി ഒന്നിപ്പിക്കുകയും സന്തോഷത്തിൽ അധിഷ്ഠിതമായ ഒരു കർമ്മ മാർഗ്ഗം പ്രദാനം ചെയ്യുകയും ചെയ്യുന്നു. തങ്ങളുടെ ജീവനക്കാർക്ക് ശാരീരികമായും മാനസികമായും സാമ്പത്തികമായും ആത്മീയമായും മെച്ചപ്പെടുന്നതിനുള്ള ക്രിയാത്മകമായ വഴികൾ തുറന്നു നൽകുകയും അവരെ പ്രചോദിപ്പിച്ച് കൂടുതൽ നന്നായി ഇടപഴകി ജോലി ചെയ്യുവാനുമുള്ള അന്തരീക്ഷം, ‘കോർപ്പറേറ്റ് ഡെമോക്രസി’ എന്ന ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുക തന്നെ ചെയ്യും