വെസ്റ്റ് ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ വീണ്ടും ലൈംഗിക അതിക്രമ ആരോപണം.ഓഫീസിൽ വച്ച് രണ്ടു തവണ പീഡിപ്പിച്ചെന്ന രാജ്ഭവൻ ജീവനക്കാരിയുടെ പരാതിയുടെ പിന്നാലെയാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒഡിസി നർത്തകി നൽകിയ പരാതിയുടെ വാർത്ത പുറത്ത് വരുന്നത്. വിസ ആവശ്യത്തിന് സഹായിക്കാമെന്നു പറഞ്ഞാണ് ഗവർണർ തന്നെ സമീപിച്ചതെന്നും തുടർന്ന് പീഡനശ്രമം നടത്തുകയായിരുന്നെന്നും നർത്തകി കൽക്കത്ത പോലീസിൽ മൊഴി നൽകിയിരുന്നു.
ഡൽഹിയിൽ ഒരു നൃത്തപരിപാടിക്ക് തന്നെ കൊണ്ടുപോയ ഗവർണർ വിസയിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകി. പിന്നീട് ബാംഗ്ലൂർ ഉള്ള ബന്ധുവിനെ കൊണ്ട് ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകുകയും യുവതി താമസിച്ച സ്ഥലത്ത് ചെല്ലുകയായിരുന്നുവെന്ന് അവർ പോലീസിൽ പരാതി നൽകി. സംഭവം കേസ് ആക്കാതിരിക്കാൻ രാജ് ഭവൻ ജീവനക്കാർ യുവതിയെ നിർബന്ധിച്ചെന്നും അവർ പറഞ്ഞു. അന്നേ ദിവസത്തെ സി സി ടി വി ദൃശ്യം പുറത്ത് വിടുമെന്ന് ഗവർണർ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന രാജ്ഭവൻ ജീവനക്കാരിയുടെ പരാതിയിൽ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും സത്യം വിജയിക്കുമെന്നും ഗവർണർ ആനന്ദ ബോസ് പ്രതികരിച്ചു. “തന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ആരെങ്കിലും എന്തെങ്കിലും തിരഞ്ഞെടുപ്പ് നേട്ടങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവം അവരെ അനുഗ്രഹിക്കട്ടെ. ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ എൻ്റെ പോരാട്ടം തടയാൻ അവർക്ക് കഴിയില്ല,” ഗവർണർ പറഞ്ഞു. യുവതിയെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് പരാതി നൽകിയെന്ന് മുതിർന്ന ടിഎംസി നേതാക്കൾ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഗവർണറുടെ പ്രസ്താവന.