Travel

കോടമഞ്ഞും മഴയും തീർക്കുന്ന മായാലോകം; സഞ്ചാരികളുടെ മനസ്സ് നിറച്ച് മീശപ്പുലിമല

മീശപ്പുലിമലയിൽ ഒളിഞ്ഞിരിക്കുന്ന സ്വർഗീയ സൗന്ദര്യം

കേരളത്തിലെ വിനോദസഞ്ചാരികൾക്കിടയിൽ ഒട്ടും പോപ്പുലർ അല്ലാതിരുന്ന മീശപ്പുലിമലയെ ഹിറ്റ് ആക്കിയത് നടൻ ദുൽഖറാണ്. ‘മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ, ഇതൊക്കെ കാണാതെ സ്വർഗത്തിലോട്ട് ചെന്നാൽ അവിടുന്ന് ചോദിക്കും’ എന്നായിരുന്നു ആ ഡയലോഗ്. മീശപ്പുലിമലയിൽ ഒളിഞ്ഞിരിക്കുന്ന ആ സ്വർഗീയ സൗന്ദര്യം എന്താണെന്ന് അറിയണ്ടേ…

പ്ര​കൃ​തി മ​നോ​ഹാ​രി​ത​യും ഒ​പ്പം സാ​ഹ​സി​ക​ത​യും ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും ഭൂമിയിലെ ഈ സ്വർഗം കാണാതെ പോകരുത്. കോടമഞ്ഞും മഴയും നമ്മുടെ മനസിനെ പോലും കുളിരണിയിക്കുന്ന കാഴ്ചകൾ. മേഘങ്ങൾ പൊതിഞ്ഞു നിൽക്കുന്ന മലനിരകളെ പ്രകൃതിയുടെ വിസമയം എന്നല്ലാതെ അടയാളപ്പെടുത്താൻ കഴിയില്ല. ഈ മൺസൂണിലും മീ​ശ​പ്പു​ലി​മ​ല​യി​ലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് യാതൊരു കുറവുമില്ല. കാരണം കണ്ണിനും മനസിനും അത്രയേറെ കുളിരു പകരുന്ന കാഴ്ചാനുഭവങ്ങളാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്.

സം​സ്ഥാ​ന വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ് (കെ.​എ​ഫ്.​ഡി.​സി) ഇ​വി​ട​ത്തെ ടൂ​റി​സം നി​യ​ന്ത്രി​ക്കു​ന്ന​ത്. മൂന്നാറിൽ നിന്ന് ഓഫ് റോഡ് വാഹനത്തിൽ സൈലന്റ്‌വാലി റോഡോ മാൻഷൻ പോയിന്റിലെത്തിയ ശേഷം 4 കിലോമീറ്റർ മൊട്ടക്കുന്നുകൾ കയറി വേണം ഇവിടേക്കെത്താൻ. ഇരുചക്രവാഹനങ്ങൾക്കു പ്രവേശനമില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. മീശപ്പുലിമലയിലെ ബേസ് ക്യാമ്പിലേക്കുള്ള യാത്ര വിചാരിക്കുന്നത്ര സുഖകരമൊന്നുമല്ല. എന്നാൽ പോകുന്ന വഴിയിൽ പാണ്ഡവ ഗുഹയോക്കെ കണ്ട് ആവേശമൊട്ടും ചോരാതെ നമുക്കവിടെ എത്തിച്ചേരാം.

ട്രെക്കിംഗിനും ക്യാമ്പിംഗിനും വേണ്ട എല്ലാ സൗകര്യങ്ങളും നൽകി കേരള ഫോറസ്‌റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎഫ്‌ഡിസി) കൂടെയുണ്ട്. അവർ നൽകുന്ന ഒരു വിദഗ്ധ ഗൈഡും നിങ്ങളോടൊപ്പമുണ്ടാകും. ബേസ് ക്യാമ്പിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് റോഡോ വാലി, ഇവിടെയാണ് നാല് ചക്ര വാഹനങ്ങളുടെ യാത്ര അവസാനിക്കുന്ന ഇടം.

ഈ അതിമനോഹരമായ സ്ഥലത്ത് നിങ്ങൾക്ക് ഒരുപക്ഷേ തങ്ങാൻ ആഗ്രഹം തോന്നിയാൽ അതിനുമുണ്ട് പരിഹാരം. റോഡോ വാലിയിൽ ആവശ്യത്തിന് ടെൻ്റുകൾ ലഭ്യമാണ്. ബേസ് ക്യാമ്പിൽ നിന്ന് അതിരാവിലെ ആരംഭിക്കുന്ന യാത്ര, ഉച്ചയോടെ കൊടുമുടിയിൽ എത്തിച്ചേരും. അവിടെ നിങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 8661 അടി ഉയരത്തിലായിരിക്കും. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയും മാട്ടുപ്പെട്ടി, ആനയിറങ്കൽ റിസർവോയറുകളുടെ വിശാലമായ കാഴ്‌ചകളും അവിടെ നിന്ന് ആസ്വദിക്കാം.


ബുക്കിങ്ങിന്: www.kfdcecotourism.com
നിരക്ക് (ഒരാൾക്ക്): ട്രെക്കിങ് – 1000 രൂപ
സ്കൈ കോട്ടേജ്, റോഡോ മാൻഷൻ: 3540 രൂപ (മൂന്നുനേരം ഭക്ഷണം, താമസം, ഗൈഡ്, ട്രെക്കിങ് ഉൾപ്പെടെ)
ടെന്റ് ക്യാംപിങ്: 2360 രൂപ
പ്രവേശന സമയം: സൂര്യോദയം കാണേണ്ടവർ പുലർച്ചെ 5.30നു റോഡോ മാൻഷനിൽ (ബേസ് ക്യാംപ്) എത്തണം. ട്രെക്കിങ് രാവിലെ 9 മുതൽ.