രാവിലെ എഴുന്നേൽക്കുമ്പോൾ ചൂടോടെ ഒരു ചായയോ, കാപ്പിയോ കുടിച്ചില്ലെങ്കിൽ ക്ഷീണവും, തലവേദനയും വരുന്നവരാണ് പലരും. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുന്നത് ഒരു വിധത്തിലും ഗുണം ചെയ്യില്ല. ഇവ ശീലമായി മാറുന്നതിനോടൊപ്പം തന്നെ ഷുഗർ, കൊളസ്‌ട്രോൾ, അസിഡിറ്റി എന്നിവ വരും. വെറും വയറ്റൽ കുടിക്കാൻ സാധിക്കുന്ന അനേകം പാനീയങ്ങൾ നമുക്കുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നവയാണ് അവ ഓരോന്നും. അതിലൊന്നാണ് തേനും നാരങ്ങാ നീരും
രാവിലെ ഉറക്കമുണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ? തേനും നാരങ്ങ വെള്ളവും ആരോഗ്യകരമായ ഒരു കൂടിച്ചേരൽ മാത്രമല്ല. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഈ പാനീയത്തിന്റെ വ്യത്യസ്ത ഗുണങ്ങൾ. തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തോടൊപ്പം ചേർത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കിയാൽ നിങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെ പറ്റി അറിയേണ്ടേ? ഈ പാനീയത്തിന്റെ ചില സവിശേഷതകൾ ഇതാ:
1. ദഹനക്രിയ മെച്ചപ്പെടുത്താൻ
നിങ്ങളുടെ ദഹന പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും ആരോഗ്യകരമായ പോംവഴിയാണിത്. എല്ലാ ദിവസവും അതിരാവിലെ ഈ പാനീയം ശീലമാക്കി തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ ദഹനസംബന്ധമായ അസ്വസ്ഥതകളെല്ലാം പതിയെ പിൻവാങ്ങാൻ തുടങ്ങും.
ദഹനവ്യവസ്ഥിതി ശരിയായി പ്രവർത്തിക്കുവാൻ ആവശ്യമായ ദഹനരസങ്ങളായ പിത്തരസം, ആമാശയ ആസിഡുകൾ എന്നിവയുടെ സ്രവണം വർദ്ധിപ്പിക്കാൻ തേനും നാരങ്ങയും മികച്ച രീതിയിൽ സഹായിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കൂടുതൽ എളുപ്പത്തിൽ ദഹന പ്രക്രിയയിലൂടെ കടത്തിവിട്ടു കൊണ്ട് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സമില്ലാത്ത രീതിയിലാക്കി മാറ്റുകയും ചെയ്യുന്നു ഇത്. ചെറുചൂടുള്ള വെള്ളത്തിലാണ് ഈ ചേരുവകൾ രണ്ടും ചേർത്ത് കുടിക്കുന്നത് എങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വീക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കാനും സഹായിക്കും.
2. ശരീരഭാരം കുറയ്ക്കുന്നതിന്
ഗ്രീൻ ടീ പോലെ, തേൻ-നാരങ്ങ പാനീയം ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വർദ്ധിപ്പിച്ചു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ പാനീയം ഇത് നിങ്ങളുടെ വയറിന് മിക്കപ്പോഴും പൂർണ്ണത അനുഭവപ്പെടുത്തുകയും അതുവഴി മികച്ച രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എല്ലായിപ്പോഴും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനായി ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്ന ഒന്നു കൂടിയാണിത്. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിക്കുന്നത് രീതി പരിഗണിക്കുക. ഇത് നിങ്ങളെ അധിക ഭക്ഷണം കഴിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ട് ഇത് കുറഞ്ഞ കലോറി ഉപഭോഗത്തിലേക്ക് നയിക്കും. നിങ്ങളുടെ കലോറി കുറയ്ക്കുന്നതിനായി പഞ്ചസാര ലായനികളും സോഡകളും എല്ലാം ഉപയോഗിക്കുന്നതിന് പകരമായി ഈ പാനീയത്തെ പുന:സ്ഥാപിക്കാം.
3. വിഷാംശത്തെ പുറന്തള്ളാൻ
ആധുനികമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, പരിസര മലിനീകരണം, ദോഷകരമായ രാസവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായ രീതിയിൽ ബാധിക്കുന്നുണ്ട്. ഈ ബാഹ്യ ഘടകങ്ങൾ മൂലം ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞു കൂടാൻ കാരണമാകുന്നു.
ദിവസവും തേനും നാരങ്ങനീരും ചേർത്ത വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ അകറ്റി നിർത്താൻ സഹായിക്കും. ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും വിഷവസ്തുക്കളിൽ നിന്നുമെല്ലാം നിങ്ങളെ വിമുക്തമാക്കും. ഫ്രീ റാഡിക്കലുകളുടെ ദോഷഫലങ്ങളെ നിർവീര്യമാക്കിക്കൊണ്ട് കരളിനെ പരിരക്ഷിക്കാൻ സഹായിക്കുന്ന ഒരു ഫലപ്രദമായ ടോണിക്കായി ഈ പാനീയത്തിന് പ്രർത്തിക്കാൻ കഴിയും.
4. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
കാലാനുസൃതമായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ശരീരത്തിനുണ്ടാവുന്ന അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഇത് നിങ്ങളെ സംരക്ഷിക്കും. ചുമ, പനി എന്നിവയ്ക്കുള്ള ഒരു ജനപ്രിയ പരിഹാരമാണ് തേൻ. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇത് രോഗങ്ങളെ വേഗത്തിൽ ശമിപ്പിക്കാൻ സഹായിക്കുകയും അണുക്കളെ നിർവീര്യമാക്കുകയും ചെയ്യുന്നു.
5. ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ
ദിവസവും തേനും നാരങ്ങ വെള്ളവും കുടിക്കുന്നത് മുഖക്കുരുവിനെയും അതിൻറെ ലക്ഷണങ്ങളെയും കുറയ്ക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചർമ്മത്തിൽ ഉൽപ്പാദിക്കപ്പെടുന്ന അനാവശ്യ എണ്ണകളെ നിയന്ത്രിക്കുന്ന സത്തകൾ നാരങ്ങയിലുണ്ട്. തേനിലെ ആന്റിഓക്‌സിഡന്റുകൾ കൂടി ഇതിനോടൊപ്പം ചേരുമ്പോൾ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തിക്കൊണ്ട് മുഖക്കുരുവിനെ അകറ്റാൻ സഹായിക്കുന്ന പ്രതിവിധിയായി ഇത് പ്രവർത്തിക്കുന്നു.