മനുഷ്യനെ മനുഷ്യനായി കാണണമെന്ന് പഠിപ്പിച്ച പെരിയോരെ നെഞ്ചേറ്റി നടക്കുന്ന ഒരാള്‍ക്കു പോലും ഇങ്ങനെയൊരു ഓഫര്‍ വന്നാല്‍ അത് സാധിക്കുമെന്നു തോന്നുന്നില്ല. കാരണം, ജീവിത മൂല്യത്തില്‍ ഊന്നിയുള്ള കഥാപാത്രത്തെ അതിന്റെ തന്‍മയത്വത്തോടെ അവതരിപ്പിക്കേണ്ടതുണ്ട് എന്നതു കൊണ്ടുതന്നെ. ആ ഒറ്റ കാരണം കൊണ്ടാണ് സത്യരാജിന്റെ രാഷ്ട്രീയം സിനിമാ അഭിനയത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് നിസ്സംശയം പറയാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലെന്നു പുറയുമ്പോഴും സത്യരാജിന് ഒരു രാഷ്ട്രീയമുണ്ടെന്ന് വ്യക്തം.
അത് മതാടിസ്ഥാനത്തിലുള്ളതല്ലെന്നു തന്നെയാണ്. നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിന് മതാടിസ്ഥാനമുണ്ട് എന്ന് അതിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയുള്ള സിനിമയോ, വേഷമോ വേണ്ടെന്നു വെയ്ക്കുന്നതിനും സത്യരാജിന് മുന്നോട്ടു വെയ്ക്കാനുള്ളത് പെരിയോരുടെ ചിന്തകള്‍ തന്നെയാണ്. തമിഴനെയും, ഭൂമിയെയും ചേര്‍ത്തുവെച്ച മഹാ മനുഷ്യനായ പെരിയോരുടെ ശിക്ഷയനായാല്‍ എങ്ങനെയാണ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവിനെ മഹത്വ വത്ക്കരിക്കുന്ന സിനിമ ചെയ്യാനാവുക എന്ന ചോദ്യം സത്യരാജിന്റെ വാക്കുകള്‍ക്കു മുകളില്‍ പടര്‍ന്നു നില്‍ക്കുന്നുണ്ട്.
പെരിയോരെ നെഞ്ചേറ്റി ജീവിക്കുന്ന, കഴിഞ്ഞ നാല്‍പത്തിയഞ്ചു വര്‍ഷമായി സിനിമ രംഗത്ത് തകര്‍ത്താടുന്ന നടന്‍ കൂടിയാണ് സത്യരാജ്. മലയാളിയായും നേപ്പാളിയായും ഗൂര്‍ഖയായും തെലുങ്കനായും പകര്‍ന്നാടാനാകുന്ന മുഖമുള്ള നടന്‍ എന്ന് സത്യരാജിനെ വിശേഷിപ്പിച്ചത് അടുത്ത കൂട്ടുകാരനും ഹിറ്റ്‌മേക്കറുമായ മണിവര്‍ണ്ണനാണ്. കോയമ്പത്തൂരിലാണ് ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. അഭിനയത്തോടുള്ള അഭിനിവേശം മൂലം നടന്‍ ശിവകുമാറിനെ ചെന്ന് കാണുകയും, പിന്നീട് അദ്ദേഹം വഴി സിനിമയില്‍ അവസരം ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം ചെന്നൈയിലേക്ക് താമസം മാറി. ആദ്യ ചിത്രം കൊടൂംഗള്‍ ഇല്ലാത കോലങ്ങള്‍ എന്ന ചിത്രമാണ്. സവി എന്ന ചിത്രത്തിലാണ് സത്യരാജ് ആദ്യമായി നായക വേഷം ചെയ്തത്. അഭിനേതാവ് എന്നതിലുപരി മികച്ച രാഷ്ട്രീയ നിലപാടുകളുള്ള ഒരു നടന്‍ കൂടിയാണ് സത്യരാജ്.
ദൈവം, മതം, ജാതി ഇതിലൊന്നും വിശ്വസമില്ലെന്ന് സത്യരാജ് നേരത്തെ തന്നെ വ്യക്തമാക്കിട്ടുണ്ട്. ഏതു കഥാപാത്രവും സിനിമയില്‍ ചെയ്യാം. അഭിനയിക്കുന്നതു കൊണ്ട് കുഴപ്പമില്ല. പക്ഷെ ജീവിതത്തില്‍ സ്വന്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് സത്യരാജ്. താനൊരു പെരിയാരിസ്റ്റാണെന്നും അങ്ങനെയൊരാള്‍ക്ക് മോദിയുടെ വേഷമിടാന്‍ സാധിക്കില്ലെന്നും സത്യരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2007ല്‍ സത്യരാജ് തമിഴ്നാട്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. മകളുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റി ചര്‍ച്ചകള്‍ വന്ന സമയത്ത് ഏതെങ്കിലും ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ജയമല്ല ജനതയുടെ സേവനമായിരിക്കും ലക്ഷ്യമെന്നും പറഞ്ഞിരുന്നു.
പെരിയാറിന്റെ തത്വങ്ങളുടെയും അദ്ദേഹം ആരംഭിച്ച പ്രസ്ഥാനങ്ങളുടെയും അടിത്തറ യുക്തിവാദമായിരുന്നു. സമൂഹത്തിലെ അപ്രധാനമായ ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തെ ചൂഷണം ചെയ്യുകയും അവരെ എക്കാലവും ഒരു കീഴാള സ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണെന്ന് പെരിയാര്‍ ഉറക്കെ വിളിച്ച പറഞ്ഞിരുന്നു. ചൂഷിതര്‍ ഇരുന്ന് അവരുടെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കണമെന്നും, തങ്ങള്‍ വിരലിലെണ്ണാവുന്ന ആളുകളാല്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ അവരുടെ യുക്തി ഉപയോഗിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
അവര്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍, മറ്റുള്ളവരെപ്പോലെ തങ്ങളും മനുഷ്യരാണെന്നും, ജന്മം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠത നല്‍കുന്നില്ലെന്നും, സ്വയം ഉണര്‍ന്ന് സ്വന്തം കാര്യം മെച്ചപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അവര്‍ മനസ്സിലാക്കും. കേവലം അഭിനയിക്കുക എന്നതിനപ്പുറം ശക്തമായ രാഷ്ട്രീയ നിലപാടുള്ള തമിഴ് സിനിമ ലോകത്ത് പെരിയാറിന്റെ അനുയായികള്‍ ഏറെയാണ്.