ചെറു തേനിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരായി ആരും കാണില്ല. ചർമ്മത്തിനും ആരോഗ്യത്തിനുമൊക്കെ തേൻ ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. തേൻ കഴിച്ചാൽ പല ഗുണങ്ങളും ലഭിക്കാറുമുണ്ട്. മധുരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവർക്കുമറിയാം. പ്രമേഹം പോലുള്ള രോഗങ്ങളുണ്ടാകാൻ ഇത് കാരണമാകാറുണ്ട്. പക്ഷെ തേനിലുള്ളത് സ്വാഭാവിക മധുരമായത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് അത്ര ദോഷകരമല്ല. കടയിൽ നിന്ന് വാങ്ങുമ്പോൾ ഗുണവും മികവുമുള്ള തേൻ വാങ്ങാൻ എല്ലാവരും ശ്രമിക്കണം. നല്ല ആരോഗ്യത്തിന് തേൻ ഏറെ നല്ലതാണ്.
തേൻ
ധാരാളം പോഷകങ്ങളും ധാതുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതാണ് തേൻ. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് മനുഷ്യ ശരീരത്തിന് നൽകുന്നത്.
ഒരു സ്പൂൺ ചെറു തേനിൽ
കലോറി – 58, കൊഴുപ്പ് – 0, കാർബോഹൈഡ്രേറ്റ്സ് – 15.3 ഗ്രാം,
ഫ്രക്ടോസ് – 8.4 ഗ്രാം, ഗ്ലൂക്കോസ് – 6.9 ഗ്രാം,
പ്രോട്ടീൻ – 0.08 ഗ്രാം, വെള്ളം – 3.5 ഗ്രാം
എന്നിങ്ങനെയാണ് അടങ്ങിയിരിക്കുന്നത്.
രോഗപ്രതിരോധശേഷി കൂട്ടുന്നു
രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ നല്ലതാണ് തേൻ. ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള തേനിൽ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും.
ഊർജ്ജം നൽകുന്നു
ശരീരത്തിന് ഊർജ്ജം നൽകാൻ ഏറെ നല്ലതാണ് തേൻ. പ്രകൃതിദത്ത എനർജി ബൂസ്റ്റർ എന്ന് വേണമെങ്കിൽ തേനിനെ വിളിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തിൽ പ്രവേശിച്ച് വേഗത്തിൽ മനുഷ്യ ശരീരത്തിന് ഊർജ്ജം നൽകുന്നു. പ്രഭാതത്തിൽ കുടിക്കുന്ന പാനീയങ്ങളിൽ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കാവുന്നതാണ്. രാവിലെ ബ്രെഡ് കഴിക്കുമ്പോൾ ജാമ്മിന് പകരമായും തേൻ ഉപയോഗിക്കാവുന്നതാണ്. വ്യായാമ ശേഷം ശരീരത്തിലെ ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും ഇത് സഹായിക്കും.
അമിതവണ്ണം കുറയ്ക്കാൻ
രാവിലെ ഉറക്കമുണർന്നതിന് ശേഷം വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളമോ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളമോ തേൻ ചേർത്ത് കുടിക്കുന്നത് അടിവയറ്റിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മോശം കൊഴുപ്പിനെ അലിയിക്കാൻ സഹായിക്കും. കൂടാതെ ഇതിലെ ആന്റി സെല്ലുലോയിഡ് ഗുണങ്ങൾ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അധികം എടുക്കരുത്. കാരണം ഇതിൽ കലോറി വളരെ കൂടുതലാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
പോളിഫോണിക് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് തേൻ. ദിവസവും ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത തടയുന്നു. രക്തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) അടിഞ്ഞുകൂടുന്നത് തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകൾ ചുരുങ്ങി പോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. തേനിലെ സ്വാഭാവിക മധുരം ശരീരത്തിലെ ഇന്‍സുലിന്‍ തോതു വര്‍ദ്ധിപ്പിക്കുന്നു. ഇന്‍സുലിന്‍ കുറവു മൂലം പ്രമേഹരോഗ സാധ്യതയും ഇല്ലാതാക്കുന്നു.
ചുമയ്ക്ക് ആശ്വാസം
പണ്ട് കാലം മുതലെ ചുമയ്ക്കുള്ള പ്രതിവിധിയായി തേൻ ഉപയോഗിക്കാറുണ്ട്. വിട്ടുമാറാത്ത ചുമയെ ശമിപ്പിക്കാനും തേനിന് ശക്തിയുണ്ട്. തേനിലെ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ തൊണ്ടയിലെയും ശ്വാസകോശത്തിലെയും ബാക്ടീരിയ അണുബാധകളെ നശിപ്പിക്കുകയും ചുമ, സീസണൽ രോഗങ്ങൾ എന്നിവ തടയുകയും ചെയ്യുന്നു. ചുമ മൂലം തൊണ്ടയിൽ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ തേൻ ഏറെ നല്ലതാണ്.