India

ഇന്ത്യ മറക്കാത്ത രാജീവ് ഗാന്ധി

1981 മുതല്‍ 1991 വരെ പത്ത് കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. സൗമ്യ മുഖം, ദൃഢമായ പ്രത്യാശ, മതനിരപേക്ഷതയും സാമൂഹിക നീതിയിലും ഊന്നിയുള്ള രാഷ്ട്രീയ നിലപാടുകള്‍. നാല്‍പത്തിയൊന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട്. ഇന്ന് രാജ്യം കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുടെ മുപ്പത്തിമൂന്നാം ചരമ വാര്‍ഷികമാണ്. ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ നഷ്ടമായ രാജീവ് ഗാന്ധിയുടെ ഓര്‍മ്മ ദിവസം ദേശീയ ഭീകരവാദവിരുദ്ധ ദിനമായും ആചരിക്കുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1984 ഒക്ടോബര്‍ 31ന് ആയിരുന്നു. അംഗരക്ഷകരാല്‍ കൊല്ലപ്പെട്ട അമ്മയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ ചിതയ്ക്ക് അഗ്‌നി പകരും മുന്‍പേ ആയിരുന്നു പ്രധാനമന്ത്രി പദത്തിലേക്കുള്ള രാജീവിന്റെ ആരോഹണം.സഹോദരന്‍ സഞ്ജയിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തിലേക്കുള്ള അപ്രതീക്ഷിത കടന്ന് വരവ്.
സയന്‍സ്, എന്‍ജിനീയറിങ് പുസ്തകങ്ങള്‍ വായിക്കാനും ഹിന്ദുസ്ഥാനി-പാശ്ചാത്യസംഗീതം കേള്‍ക്കാനും ആഗ്രഹിച്ചിരുന്ന രാജീവ്, ഒരിക്കലും രാഷ്ട്രീയം തന്റെ മേഖലയായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല.

ഫോട്ടോഗ്രാഫിയിലും അദ്ദേഹത്തിന് ഏറെ കമ്പമുണ്ടായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം ഡല്‍ഹി ഫ്‌ളൈയിങ് ക്ലബില്‍ ചേര്‍ന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ രാജീവ്, എയര്‍ ഇന്ത്യയില്‍ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. 1968-ലായിരുന്നു സോണിയയുമായുള്ള വിവാഹം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പഠനവേളയിലെ പ്രണയം അങ്ങനെ സഫലമായി. അധികാരത്തിലെത്തിയതിന് പിന്നാലെ രാജീവ് സര്‍ക്കാര്‍ പാസാക്കിയ ആദ്യനിയമം കൂറുമാറ്റ നിരോധനത്തിന് എതിരേയുള്ളതായിരുന്നു. 1985 ജനുവരിയിലായിരുന്നു ഇത്. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്‍, എയര്‍ലൈന്‍സ്, പ്രതിരോധം, കമ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് രാജീവ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്‍ക്കാരിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്റെ കാലത്തായിരുന്നു. ഫാദര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ടെലികോം റെവല്യൂഷന്‍ ഓഫ് ഇന്ത്യ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ്-സി ഡോട്ട് സ്ഥാപിതമാകുന്നത് 1984-ല്‍ ആണ്. ഇതിന് പിന്നാലെ ഇന്ത്യയിലെമ്പാടും കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍ സാധ്യമായി. പബ്ലിക് ടെലഫോണ്‍ ബൂത്ത് അഥവാ പി.സി.ഒകള്‍ ഇന്ത്യയുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും മഞ്ഞനിറമുള്ള സാന്നിധ്യമായി. 1986-ല്‍ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും നിലവില്‍ വന്നു.

ഇതും രാജ്യത്തെ ടെലഫോണ്‍ ശൃംഖല വ്യാപിക്കാന്‍ കാരണമായി.രാജ്യത്തിന്റെ പുരോഗതിയില്‍ ശാസ്ത്രത്തിനുള്ള പങ്ക് പോലെ തന്നെ പ്രധാനമാണ് സാധാരണ ജനങ്ങളുടെ പുരോഗതിയും എന്ന് ധാരണയുണ്ടായിരുന്ന രാജീവ് ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതിയ്ക്കും ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനും ആരംഭം കുറിച്ച്. രാജീവിനെ അടിപതറിച്ചത് പക്ഷെ ബൊഫോഴ്‌സ് അഴിമതി വിവാദമായിരുന്നു. 1986 മാര്‍ച്ച് 18-നാണ് സ്വീഡിഷ് ആയുധനിര്‍മാതാക്കളായ എ.ബി. ബൊഫോഴ്‌സുമായി ഇന്ത്യ 1437 കോടിയുടെ ആയുധകരാര്‍ ഒപ്പിടുന്നത്. പട്ടാളത്തിന് 155 എം.എമ്മിന്റെ 400 ഹൗവിറ്റ്‌സര്‍ ഗണ്ണുകള്‍ വാങ്ങാനുള്ളതായിരുന്നു കരാര്‍.

കരാര്‍ ഒപ്പിട്ട് ഒരു കൊല്ലത്തിനു ശേഷം 1987 ഏപ്രില്‍ 16-ന് ഒരു സ്വീഡിഷ് റേഡിയോ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടു. കരാര്‍ ലഭിക്കുന്നതിന് ബൊഫോഴ്‌സ് കമ്പനി ഇന്ത്യയിലെ രാഷ്ട്രീയ-പ്രതിരോധ മേഖലയിലെ ഉന്നതര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ആയിരുന്നു ആരോപണം. ഈ ആരോപണം രാജീവ് സര്‍ക്കാരിനെ പിടിച്ചുലച്ചു. ബൊഫോഴ്‌സിനെ സര്‍ക്കാരിന് കരിമ്പട്ടികയില്‍പ്പെടുത്തേണ്ടിവന്നു. ഇടനിലക്കാരന്‍ ഒക്ടോവിയോ ക്വാത്‌റോച്ചിക്ക് രാജീവിന്റെ കുടുംബവുമായുള്ള ബന്ധവും മറ്റും വലിയ വാര്‍ത്തകളായി.

എല്‍.ടി.ടി.ഇയുടെ ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യക്ക് രാജീവിനെ നഷ്ടമായി. എല്‍.ടി.ടി.ഇയുടെ ചാവേര്‍ സ്‌ക്വാഡ് ആയ ബ്ലാക്ക് ടൈഗേഴ്സിലെ അംഗമായിരുന്ന തനു എന്ന തേന്മൊഴി രാജരത്നമാണ് മാലയുമായി രാജീവിനെ കാത്തുനിന്നിരുന്നത്. ആര്‍.ഡി.എക്സ്. ഘടിപ്പിച്ച ബെല്‍റ്റ് ബോംബ് ധരിച്ചായിരുന്നു തനുവിന്റെ വരവ്. 1987-ല്‍ ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ച നടപടിയോടുള്ള പ്രതികാരമായാണ് രാജീവിനെ എല്‍.ടി.ടി.ഇ. കൊലപ്പെടുത്തിയതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. അന്ന് രാജ്യത്തിന് സൗമ്യനായ രാജീവ് ഗാന്ധിയെ നഷ്ടമായെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാതെ അത് കാത്തുസൂക്ഷിച്ചു പോരുന്ന അദ്ദേഹത്തിന്റെ പിന്ഗാമികളിലൂടെയും രാജീവ് ഗാന്ധി ഇന്നും ചിരിച്ചുകൊണ്ട് ജീവിക്കുന്നു.