ഉപഭോക്താക്കളുടെ വിനോദ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സോണി ഇന്ത്യ ഏറ്റവും പുതിയ ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ച് എത്തുന്ന ബ്രാവിയ 2 സീരീസില്‍, 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയുമുണ്ട്. ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ചതിനാല്‍ ഉപയോക്താക്കള്‍ക്ക് മുന്‍ഗണനകള്‍ക്കനുസൃതമായി വിവിധ ആപ്ലിക്കേഷനുകള്‍, സ്ട്രീമിങ് സേവനങ്ങള്‍ തത്സമയ ടിവി ചാനലുകള്‍ എന്നിവ അനായാസം ആക്സസ് ചെയ്യാന്‍ കഴിയും. സമാനതകളില്ലാത്ത ഗെയിമിങ് അനുഭവം നല്‍കുന്ന എസ്25, ഗെയിമിങിനപ്പുറം മറ്റു മികച്ച ഫീച്ചറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന എസ്20 എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ബ്രാവിയ 2 സീരീസ് വാഗ്ദാനം ചെയ്യുന്നത്.
108 സെ.മീ (43), 126 സെ.മീ (50), 139 സെ.മീ (55), 164 സെ.മീ (65) സ്ക്രീന്‍ സൈസുകളില്‍ ബ്രാവിയ 2 സീരീസ് ലഭിക്കും. എക്സ് വൺ പിക്ചര്‍ പ്രോസസര്‍, ലൈവ് കളര്‍ ടെക്നോളജി, 4കെ റിയാലിറ്റി പ്രോ, ഡോള്‍ബി ഓഡിയോക്കൊപ്പം 20 വാട്ട് ശബ്ദം പ്രദാനം ചെയ്യുന്ന ഓപ്പണ്‍ ബാഫിള്‍ ഡൗണ്‍ ഫയറിങ് ട്വിന്‍ സ്പീക്കര്‍, എക്സ്-പ്രൊട്ടക്ഷന്‍ പ്രോ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ബ്രാവിയ 2 സീരീസിലൂടെ 10,000ലേറെ ആപ്പുകള്‍ അനായാസം ഡൗണ്‍ലോഡ് ചെയ്യാനും, 700,000ലേറെ സിനിമകളും ടിവി എപ്പിസോഡുകളും ലൈവ് ടിവിയും കാണാനും സാധിക്കും. കെഡി-65എസ്25 മോഡലിന് 95,990 രൂപയും, കെഡി-55എസ്25 74,990 രൂപയുമാണ് വില. ഇരുമോഡലുകളും ഈ മാസം 24 മുതൽ വില്‍പനക്ക് ലഭ്യമാവും. കെഡി-50എസ്20, കെഡി-43എസ്20 മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും, ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും പുതിയ മോഡലുകള്‍ ലഭ്യമാകും.