ആത്മീയ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടിയുള്ള ഒരു യാത്രയെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഡൽഹിയിൽ നിന്നാണ് ഈ യാത്ര പ്ലാൻ ചെയ്യുന്നത്. എന്നാൽ കാശിയോ ഹരിദ്വാരോ ഒന്നുമല്ല.. കാശ്മീരിലേക്ക് വിട്ടാലോ.. കാശ്മീരിൽ എന്ത് ആത്മീയ അത്ര എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും അധികം വിശ്വാസികൾ ഒഴുകിയെത്തുന്ന മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ പുണ്യഭൂമിയിലേക്കാണ് ഈ തീർത്ഥയാത്ര. അതും ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ. ഒരുപാട് അത്ഭുതങ്ങളും വിശ്വാസങ്ങളും കഥകളും ചേരുന്ന ഇടമാണ് കത്രയിലെ വൈഷ്ണോദേവി ക്ഷേത്രം. വർഷത്തിൽ ഒരു കോടിയിലധികം തീർഥാടകർ ഇവിടെ എത്തിച്ചേരുന്നുവെന്നാണ് കണക്ക്.
മൂന്നു രാത്രിയും നാലു പകലും നീണ്ടുനിൽക്കുന്ന ഈ യാത്ര സജ്ജീകരിച്ചിരിക്കുന്നത് ട്രെയിനിലാണ്. രാത്രി 8.10ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും. വാരാന്ത്യങ്ങളൊഴികെ എല്ലാ ദിവസവും ഈ ട്രെയിൻ സർവീസുണ്ട്.
ട്രെയിൻ നമ്പർ 12425 രാജധാനി എക്സ്പ്രസിൽ തേഡ് എസി ക്ലാസിലാണ് യാത്ര. പിറ്റേന്ന് രാവിലെ 5.00 മണിക്ക് ജമ്മു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടുന്ന് ഒരു നോൺ എസി ബസിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമായ കത്രയിലേക്ക് പോകും. പോകുന്ന വഴി സരസ്വതി ധാമും സന്ദർശിക്കും. നേരേ ഹോട്ടലിലേക്ക്. പോയി ഭക്ഷണം കഴിച്ച് ഒന്ന് വിശ്രമിക്കാം.ഇവിടെ നിന്ന് നേരെ പോകുന്നത് ബാന്‍ഗംഗാ എന്ന സ്ഥലത്തേക്ക്. ഇവിടുന്ന് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് നിങ്ങൾക്ക് പോകാം.
ത്രികുട കുന്നുകൾക്കു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 5000 അടി ഉയരത്തിലാണ് ഈ പുണ്യഭൂമി. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ തിരക്കായിരിക്കും. എങ്കിലും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കൂടുതലും ആളുകൾ എത്തുന്നത്. മഞ്ഞു വീഴ്ചയുള്ള ഡിസംബർ, ജനുവരി കാലത്ത് തീർത്ഥാടകരുടെ എണ്ണം കുറയും. ക്ഷേത്രദർശനം പൂർത്തിയാക്കി വൈകിട്ടോടെ മടങ്ങിയെത്താം.
പിറ്റേന്ന് അഥവാ യാത്രയുടെ മൂന്നാം ദിവസം ഉച്ചവരെ നിങ്ങൾ ഫ്രീയായിരിക്കും. ആ സമയം എങ്ങനെ ചെലവഴിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. തുടർന്ന് 12.00 മണിക്ക് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഉച്ചഭക്ഷണം കഴിച്ച് 2:00 മണിക്ക് നോൺ എസി വാഹനത്തിൽ ജമ്മു റെയിൽവേ സ്‌റ്റേഷനിലേക്ക് പുറപ്പെടും. പോകുന്ന വഴി കണ്ടോളി ക്ഷേത്രം, രഘുനാഥ്ജി ക്ഷേത്രം, ബാഗേ ബഹു ഉദ്യാനം എന്നിവിടങ്ങളും കാണും. തുടർന്ന് 6.30 ന് ജമ്മു റെയിൽവേ സ്റ്റേഷനിൽ എത്തും. രാത്രി 9.25 ന് ട്രെയിൻ നമ്പർ 12426 എത്തിച്ചേരും. പിറ്റ്ന്ന് പുലർച്ചെ 5.55 ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതോടെ യാത്ര അവസാനിക്കും.
കൂടുതൽ വിവരങ്ങൾ
12 പേർക്കാണ് ഈ യാത്രയിൽ പങ്കെടുക്കുവാൻ അവസരമുള്ളത്. സിംഗിൾ ഒക്യുപൻസിയിൽ 10395/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 7855/- രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 6795/- രൂപ, കുട്ടികളിൽ ബെഡ് വേണ്ടവർക്ക് (5-11 വയസ്സ്)6160/- രൂപ, ബെഡ് വേണ്ടാത്തവർക്ക് 5145/- രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ന്യൂഡല്‍ഹിയിലെ ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, പ്ലാറ്റ്ഫോം നമ്പർ 16, ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്‍. ഫോൺ-9717641764, 9717648888, 8287930712, 8287930620, 8287930751, 8287930715, 8287930718