കട്ടപ്പന: ഇടുക്കിയിലെ കാപ്പി കർഷകർക്ക് ഇരുട്ടടി. രണ്ടാഴ്ചയ്ക്കിടെ കാപ്പി വില കുത്തനെ ഇടിഞ്ഞു. നിലവിൽ കാപ്പിക്കുരുവിന് 155 രൂപയും കാപ്പി പരിപ്പിന് 300 രൂപയും ആണ് വിപണിയിൽ വില. രണ്ടാഴ്ച മുമ്പ് വരെ ഇത് 240 രൂപയായിരുന്നു. കാപ്പി പരിപ്പ് ആകട്ടെ 362 രൂപയ്ക്കാണ് വ്യാപാരം നടന്നത്. സർവകാല റെക്കോർഡിൽ എത്തിയ വിലയാണ് കുത്തനെ ഇടിഞ്ഞത്.
നാലുവർഷം മുമ്പ് വരെ ഹൈറേഞ്ചിൽ കാപ്പി കുരുവിന് 70 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. പലകർഷകരെയും കാപ്പി കൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത് ഇതാണ്. എന്നാൽ കാപ്പിക്കുരുവിന് 230 മുതൽ 240 രൂപ ആയതും 110 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 362 രൂപയായി ഉയർന്നതും കാപ്പി കർഷകർക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ടായ ഇടിവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. ഇത് വൻകിട വ്യാപാരികൾക്കും കാപ്പിപ്പൊടി നിർമ്മാണ യൂണിറ്റുകൾക്കും ബുദ്ധിമുട്ടായി. ഇവർ കാപ്പിക്കുരു വാങ്ങി സ്റ്റോക്ക് ചെയ്യാൻ മടിക്കുന്നു. പിന്നാലെ വില വീണ്ടും താഴുകയായിരുന്നു.
സർവകാല റെക്കോഡിട്ട കൊക്കോവിലയും രണ്ടാഴ്ചയ്ക്കിടെ പാതിയായി താഴ്‌ന്നിരുന്നു. മേയ് തുടക്കത്തിൽ 1000-1080 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോപരിപ്പ് നിലവിൽ 580-610 രൂപയ്ക്കാണ് വില്പന നടത്തുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് 180 രൂപയായും വില താഴ്‌ന്നു.
അണ്ണാൻ, മരപ്പട്ടി എന്നിവയുടെ ശല്യവും കീടബാധയുമാണ് ഇടുക്കിയിൽ കർഷകർ കൊക്കോകൃഷി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചുകയറുകയുമായിരുന്നു. എന്നാൽ, കുത്തനെയുള്ള വിലയിടിവിന് കാരണം ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനിലനിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്. കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാർ, തങ്കമണി, അടിമാലി, കുമളി എന്നീ കമ്പോളങ്ങളിലാണ് ഹൈറേഞ്ചിൽ പ്രധാനമായും കൊക്കോ ശേഖരിക്കുന്നത്.