മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ലിറ്റില്‍ ഹാര്‍ട്സ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ പങ്കെടുത്ത നടന് ഷെയിന്‍ നിഗവും ബാബുരാജും നടി മഹിമ നമ്പ്യാരും തങ്ങളുടെ പ്രണയങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിനിടയില്‍ മലയാളസിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗം തന്റെ സ്കൂള്‍ കാലഘട്ടത്തെ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ വൈറല്‍ ആയി മാറുകയാണ്.
‘ഞാന്‍ ഓരോ ഫ്രൈഡേയും വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ദിവസം ആണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. ഞങ്ങളുടെ സ്കൂളുകള്‍ ദൂരത്തില്‍ ആയതിനാല്‍ നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അത് ഒരു റിലേഷന്‍ഷിപ്പിലേയ്ക്ക് എത്തിയതുമില്ല’ എന്നാണ് ഷെയിന്‍ തന്റെ ഹയര്‍ സെക്കണ്ടറി കാലഘട്ടത്തിലെ പ്രണയത്തിനെ കുറിച്ച് പറഞ്ഞത്. ഓരോ ഫ്രൈഡേയുമായിരുന്നു ഞങ്ങളുടെ പ്രണയം ഫേസ്ബുക്കില്‍ കൂടി പങ്കു വെച്ചിരുന്നത് എന്നാണ് താരം വെളിപ്പെടുത്തുന്നത്. സാധാരണ ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ടീച്ചേര്സ്നോടാണ് ക്രഷ് തോന്നുന്നതെന്ന മഹിമയുടെ വാദത്തിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയ്ക്കിടയില്‍ ഷെയിന്‍ പറഞ്ഞത് തനിക്ക് തന്റെ ഒപ്പം പഠിച്ച പെണ്കുട്ടിയോടാണ് ക്രഷ് തോന്നിയത് എന്നായിരുന്നു.
വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ലിറ്റില്‍ ഹാര്‍ട്സ് എന്ന ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ലിറ്റില്‍ ഹാര്‍ട്സ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വന്നിരുന്നു. ചിത്രം ജൂണ്‍ 7ന് ചിത്രം തിയറ്ററുകളില്‍ എത്തും. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാര്‍ട്സില്‍ നായക കഥാപാത്രമായ സിബിയായി ഷെയിനും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തില്‍ ആണ് നടന് ബാബുരാജ് എത്തുന്നത്.
സുഹൃത്തുക്കളെ പോലെ പെരുമാറുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ലിറ്റില്‍ ഹാര്‍ട്സ് പറയുന്നത്. കടന്നു വന്ന വഴികളില്‍ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും നേരിടേണ്ടി വന്ന നടനാണ് ഷെയിന്‍ നിഗം. ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയെങ്കിലും, സൂപ്പര്‍ സ്റ്റാറുകളുടെ നിരയിലേക്ക് ഉയര്‍ന്നെങ്കിലും ഇടയില്‍ എപ്പോഴോ തന്റെ അഭിനയജീവിതം പോലും ഉപേക്ഷിക്കേണ്ടി വരുമെന്ന നിലയിലേക്ക് ഷെയിന്‍ എത്തിയിരുന്നു. വെയില് എന്ന സിനിമയുടെ നിര്‍മ്മാതാവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് താര സംഘടന ആയ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും ഷെയിനെതിരെ വിലക്ക് പ്രഖ്യാപിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.
അന്ന് ഷെയിന്‍ അനുകൂലമായി സംസാരിച്ചതും ‘അവന്റെ ഭാവി നശിപ്പിക്കരുത് ‘ എന്ന് താരങ്ങളോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടതും നടന് ബാബുരാജ് മാത്രമായിരുന്നു. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാള്‍ ആയ അബിയുടെ മകന് തന്റെയും മകന് ആണെന്നായിരുന്നു അന്ന് ബാബുരാജ് പറഞ്ഞത്. ഇതേ സ്നേഹം ബാബുരാജിനോട് ഉണ്ടെന്ന് ഷെയിനും പറഞ്ഞിട്ടുണ്ട്. വാപ്പിച്ചിയോടുള്ള സ്നേഹവും ബഹുമാനവും ആണ് ബാബു രാജിനോടും ഉള്ളതെന്നാണ് ഷെയിന്‍ പറഞ്ഞത്.