ചിലർക്ക് മൂക്കിൻറെ തുമ്പത്താണ് ശുണ്ഠി എന്ന് പറഞ്ഞു കേൾക്കാറുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം അവർ പെട്ടെന്ന് ദേഷ്യപ്പെടും. എന്നാൽ ഇവരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേഷ്യവും ഹൃദയാഘാത സാധ്യതയും തമ്മിലുള്ള ബന്ധം അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ചെറിയ ദേഷ്യം പോലും ഹൃദയരോഗ്യത്തെ വഷളാക്കുന്നുണ്ട്. ഇവ ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. ചിലപ്പോൾ വളരെ കുറച്ച് നേരം മാത്രമേ ആ ദേഷ്യം നിലനിൽക്കാറുള്ളൂ. പക്ഷേ ആ ചെറിയ സമയം തന്നെ മതി രക്തക്കുഴലുകളുടെ പ്രവർത്തനം താളം തെറ്റാൻ.കൊളംബിയ യൂണിവേഴ്‌സിറ്റി ഇർവിംഗ് മെഡിക്കൽ സെന്റർ, യേൽ സ്‌കൂൾ ഓഫ് മെഡിസിൻ, ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
280 പേരെയാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. ഇവരെ നാലു ഗ്രൂപ്പുകളായി തിരിക്കുകയും അവരിൽ ദേഷ്യം ഉണർത്തുന്ന സംഭവങ്ങൾ ഓർമിപ്പിക്കുകയും ചെയ്തു. ഇവരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും കോപം വന്നതിനും ശേഷവുമുള്ള രക്തപ്രവാഹവും സമ്മർദവും അളക്കുകകയും ചെയ്തു. കോപം വന്നവരിൽ രക്തക്കുഴലിൽ കാര്യമായ മാറ്റം വന്നതായി ഗവേഷകർ കണ്ടെത്തിയെന്നും പഠത്തിൽ പറയുന്നു.