കേരളീയർ പൊതുവേ ഇഷ്ടപ്പെടുന്ന വസ്ത്രധാരണ രീതിയാണ് സാരി. വിവിധ ഗുണനിലവാരങ്ങളിൽ സാരി ലഭിക്കും. മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വില കൂടുതലാണ്. എങ്കിലും സാരിപ്രിയരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല.
സാരി അലമാരയിലാണ് ഭൂരിഭാഗം പേരും സൂക്ഷിക്കുക. എന്നാൽ ഇങ്ങനെ എടുത്തു വയ്ക്കുന്നതിലൂടെ പലപ്പോഴും അതിന് കേടുപാടുകൾ സംഭവിക്കുന്നു. ഒരുപക്ഷേ സാരിക്ക് നിറവ്യത്യാസം കാണപ്പെട്ടേക്കാം. സിൽക്ക് സാരികൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി തീരും.
സിൽക്ക് സാരികൾ എപ്പോഴും കഴുകേണ്ടതില്ല. ഉപയോഗിച്ചതിനുശേഷം അത് വായപ്രവാഹം ഉള്ള ഒരിടത്ത് വിരിച്ചിട്ടാൽ തന്നെ മതി. സിൽക്ക് സാരികൾ എപ്പോഴും ഡ്രൈ ക്ലീൻ ചെയ്യുന്നതും നല്ലതല്ല. ഒന്നോ രണ്ടോ തവണ മാത്രമേ സിൽക്ക് സാരികൾ ഡ്രൈ ക്ലീൻ ചെയ്യാൻ പാടുള്ളൂ.
ഡ്രൈ ക്ലീനിങ് രീതി ഒരുപക്ഷേ സിൽക്ക് സാരിയുടെ സ്വാഭാവികതയില്ലാതാക്കും. നിങ്ങൾ വീട്ടിലാണ് സാരി കഴുകുന്നതെങ്കിൽ അപ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തണുത്ത വെള്ളവും കട്ടികുറഞ്ഞ ഡിറ്റർജെന്റും ഉപയോഗിക്കുക. സാരി ഉണക്കുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയും നോക്കണം.
പലരും സാരികൾ ബോക്സിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ അങ്ങനെ സൂക്ഷിക്കരുത് എന്നാണ് നെയ്ത്തുകാർ പറയുന്നത്. വായു സഞ്ചാരമുള്ളിടത്ത് വേണം സാരി സൂക്ഷിക്കാൻ. കട്ടിയുള്ള ബോക്സുകൾ ബാഗുകൾ എന്നിവ ഒഴിവാക്കി കോട്ടൺ തുണിയിലോ മറ്റോ പൊതിഞ്ഞു സൂക്ഷിക്കാം. ഉപയോഗിക്കാതെ അലമാരയിൽ ഇരിക്കുന്ന സാരികൾ ആണെങ്കിൽ അവ നാലോ അഞ്ചോ മാസം കൂടുമ്പോഴെങ്കിലും പുറത്തെടുത്ത് വായു കൊള്ളിക്കുക.