ന്യൂഡല്‍ഹി: പൂനെയില്‍ ആഡംബരക്കാര്‍ അമിത വേഗതയില്‍ ഓടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയായ 17 കാരന് 15 മണിക്കൂറിനുള്ളില്‍ ജാമ്യം നല്‍കിയതിന് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് 14 വയസുകാരിയും സഹപാഠിയുമായ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച ആണ്‍കുട്ടിക്ക് സുപ്രീംകോടതി ജാമ്യം നിരസിച്ചത് . സംഭവത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അപമാനഭാരത്താൽ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയില്‍ പറയുന്നത്.
പോക്‌സോ കൂടാതെ ആത്മഹത്യാ പ്രേരണ കുറ്റവും ആണ്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ഉത്തരാഖണ്ഡ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പ്രതിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെല എം ത്രിവേദി, ജസ്റ്റിസ് പങ്കജ് മീത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.