കളക്ടർ ദിവ്യ എസ് അയ്യരെയും ഭർത്താവ് ശബരിനാഥനെയും അറിയാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. സാമൂഹിക സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആ ജീവിതത്തിനു മധുരം കൂടുകയായിരുന്നു. ഇതിനിടയിലേക്ക് ആയിരുന്നു മകൻ മൽഹാറിന്റെ വരവും. പാട്ടും ഡാൻസും മനോഹരമായ സ്പീച്ചുകളും ഒക്കെയായി സോഷ്യൽ മീഡിയയിലെ മിന്നുന്ന താരമാണ് കളക്ടർ എങ്കിൽ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങിയാണ് ശബരി നാഥൻ താരമാവുന്നത്. അടുത്തിടെ വുമൺ സേഫ്റ്റിയുടെ ഭാഗമായി നടന്ന മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ദിവ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.
“സാധാരണ ഗതിയിൽ ഞാനും എന്റെ ഭർത്താവും വൈകുന്നേരം ഒരുമിച്ച് വീട്ടിൽ കയറുക എന്നത് വളരെ വിരളമാണ്. രണ്ട് പേരും രണ്ട് നേരത്തായിരിക്കും വീട്ടിൽ വരുക. ഈ കഴിഞ്ഞ ആഴ്ച ഞങ്ങൾ ഒരുമിച്ചാണ് വീട്ടിൽ കയറിയത്. ചായ ഉണ്ടാക്കി വച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച്ച എന്തോ ആയിരുന്നു അന്ന്. ഞാൻ ചായ ഒഴിച്ച് ഒരു കപ്പിൽ ശബരിക്ക് കൊടുത്തു. ഒരു കൗതുകത്തിനായി വളരെ ലാഘവത്തോടെ അദ്ദേഹം കുഞ്ഞിനെ നോക്കാൻ വന്ന ചേച്ചിയെ വിളിച്ചു. രശ്മി ഇങ്ങോട്ട് ഒന്ന് വന്നേ. ഇതൊന്ന് കണ്ടേ എന്ന് പറഞ്ഞു. ഞാൻ ഓർത്തു എന്താ ഇവിടെ കാണാൻ. ഈ കാഴ്ച വർഷത്തിൽ ഒരിക്കലൊക്കെയേ കാണാൻ പറ്റുള്ളൂ. വേണമെങ്കിൽ ഇപ്പോ കണ്ടോളു എന്നും അദ്ദേഹം അപ്പോൾ പറഞ്ഞു. ഞങ്ങളെല്ലാവരും ആ സമയത്ത് പൊട്ടിച്ചിരിച്ചു.
സാധാരണ ഗതിയിൽ ദൈനംദിന ജീവിതത്തിൽ അടുക്കളയുമായി ബന്ധം പുലർത്തുന്ന വ്യക്തിയല്ല ഞാൻ. അത് പറയുന്നതിൽ എനിക്ക് അഭിമാനം ഒന്നും ഇല്ല. എന്ന് കരുതി ആവശ്യം വന്നാൽ അടുക്കളയിൽ കയറി ഫുഡ് ഉണ്ടാക്കാൻ എനിക്ക് അറിയാം. അത് എന്റെ ദൗത്യം ആയിട്ട് ഞാൻ ഏറ്റെടുത്തിട്ടില്ല. ഈ സംഭവം കഴിഞ്ഞതിനു ശേഷം ഞാൻ ഈ കാര്യത്തെ കുറിച്ച് ഒന്നാലോചിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിൽ മറ്റൊരു ചിന്തയാണ് വന്നത്. ഇതുവരെ നീ എനിക്കൊരു ചായ ഉണ്ടാക്കി തരണം അല്ലെങ്കിൽ കാപ്പി ഉണ്ടാക്കി തരണം എന്ന് ശബരി പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ് ഏഴു വർഷങ്ങൾ ആയി. അങ്ങിനെ യാതൊരു ആവശ്യങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ഒരു ഭർത്താവ് ആണ് ശബരി.
അങ്ങിനെ ഇരുന്നിട്ട് പോലും ഇത്രയും പുരോഗമന വാദി ആയിരുന്നിട്ട് പോലും അങ്ങിനെയൊരു തമാശ അടിക്കാൻ അന്ന് തോന്നി എന്നുള്ളത് ആണ് ഞാൻ ആലോചിച്ചത്. അപ്പോൾ സാമൂഹികമായി നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നമ്മൾ എത്രയൊക്കെ അതിനെ അതിജീവിക്കാൻ ശ്രമിച്ചു എങ്കിൽ പോലും, പ്രവർത്തികമായി എത്ര മാത്രം നമ്മൾ നമ്മുടെ ജീവിതത്തിൽ അതിനെ മറി കടക്കാൻ ശ്രമിച്ചു എങ്കിലും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ആ സാമൂഹിക അവസ്ഥയുടെ അംശം അല്ലെങ്കിൽ ലാഞ്ജന നമ്മുടെയുള്ളിൽ എവിടെയോ ഒരുപക്ഷെ ഒളിഞ്ഞു കിടപ്പുണ്ട്. അതിനെ നമ്മൾ ഓരോ ദിവസവും എങ്ങിനെയാണ് മറി കടക്കുവാനായി അനിയന്ത്രിതമായി ശ്രമിക്കുന്നത് എന്നുള്ളതിലാണ് നമ്മൾ വിജയിക്കുന്നുവോ ഇല്ലയോ എന്നുള്ളത് തീരുമാനിക്കപ്പെടുന്നത്. അത് സ്ത്രീ ആയാലും പുരുഷൻ ആയാലും ഏത് കുടുംബം ആയാലും” ദിവ്യ എസ് അയ്യർ പറയുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ദിവ്യയുടെ ഈ വാക്കുകൾ നിറഞ്ഞ കയ്യടിയോടെ ആണ് സ്വീകരിക്കപ്പെടുന്നത്.