ബിഗ് ബോസ് മലയാളം സീസണ്‍ ആറിൽ ഒരാള്‍ കൂടി പുറത്തേക്ക്. കഴിഞ്ഞ ആഴ്ചയിലെ എവിക്ഷനാണ് ബുധനാഴ്ചത്തെ എപ്പിസോഡില്‍ നടന്നത്. കഴിഞ്ഞ ശനി ഞായര്‍ ദിവസങ്ങളില്‍ ഫാമിലി വീക്ക് ആയതിനാല്‍ മോഹന്‍ലാല്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് മോഹന്‍ലാലിന്‍റെ ജന്മദിനാഘോഷം അടക്കം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മോഹന്‍ലാല്‍ എത്തി. ഇതില്‍ ബുധനാഴ്ചയാണ് എവിക്ഷന്‍ നടന്നത്.
അഭിഷേക്, ജാസ്മിന്‍, ജിന്‍റോ, അര്‍ജുന്‍, അന്‍സിബ, അപ്സര, ഋഷി, ശ്രിതു, രസ്മിന്‍ എന്നിവരാണ് എവിക്ഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും രസ്മിനാണ് ബിഗ് ബോസ് ഷോയില്‍ നിന്നും വിടവാങ്ങിയത്. കോമണറായാണ് ബിഗ് ബോസിലേക്ക് രസ്മിന്‍ ഭായി വന്നതെങ്കിലും. അതിവേഗം വീട്ടിലെ ഒരു പ്രധാന അംഗമായി മാറി എഴുപത് ദിവസത്തോളം നിന്ന ശേഷമാണ് ബിഗ് ബോസ് സീസണ്‍ 6 നോട് വിടപറയുന്നത്.
ബിഗ് ബോസ് നല്‍കിയ പോഡിയത്തില്‍ പേര് എഴുതിയ 20 ബോളുകള്‍ ക്രമീകരിക്കാന്‍ സാധിക്കുന്നവര്‍ രക്ഷപ്പെടും എന്നാണ് ബിഗ് ബോസ് പറഞ്ഞത്. അഭിഷേക്, ജിന്‍റോ, ശ്രീതുവും ആദ്യവും പിന്നാലെ അപ്സര, അന്‍സിബ, ഋഷി എന്നിവര്‍ സേവ് ആയി. പിന്നാലെ രസ്മിനും ജാസ്മിനുമാണ് അവശേഷിച്ചത്. അവസാനഘട്ടത്തിലെ ബോളുകള്‍ എത്തിയപ്പോള്‍ രസ്മിന് 20 ബോളുകള്‍ കിട്ടിയില്ല. ഇതോടെ രസ്മിന്‍ പുറത്തായി.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണില്‍ രണ്ട് കോമണേഴ്‍സാണ് എത്തിയത്. പൊതുജനങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്ന മത്സരാര്‍ഥികളായിരുന്നു അവര്‍. അതില്‍ ഒരാളായിരുന്നു ഫിസിക്കല്‍ എജുക്കേഷൻ ടീച്ചറായ രസ്‍മിൻ ഭായി.
കൊച്ചി സ്വദേശിയായ രസ്‍മിൻ ഭായി ഷോയില്‍ കോമണറായി എത്തിയെങ്കിലും വിവിധ ഇടപെടലുകളിലൂടെ ശക്തയായ മത്സരാര്‍ത്ഥിയായി മാറി. സെന്റ് തെരേസാസ് കോളേജില്‍ അധ്യാപികയാണ് ഇവര്‍. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുഉള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം രസ്‍മിൻ ഭായി ഫിസിക്കല്‍ എജുക്കേഷൻ പഠനത്തിലേക്ക് തിരിഞ്ഞതും കായിക അധ്യാപികയായി മാറാൻ ശ്രമിച്ചതും. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ സ്വന്തമായ സ്ഥാനം ഉണ്ടാക്കിയാണ് രസ്മിന്‍ വിടവാങ്ങുന്നത്.