നിരവധി ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തെഴുതി. എസ്ഐടി സമർപ്പിച്ച അപേക്ഷയിൽ രേവണ്ണയ്‌ക്കെതിരെ പ്രത്യേക കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ചൂണ്ടിക്കാട്ടി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര, പാസ്‌പോർട്ട് റദ്ദാക്കാനുള്ള അഭ്യർത്ഥനയോട് പ്രതികരിക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. പിന്നാലെയാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തത് .
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത പ്രജ്വൽ രാജ്യം വിടാനും ഒളിവിൽ പോകാനും നയതന്ത്ര പാസ്പോർട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ പാസ്പോർട്ടിന്‍റെ നയതന്ത്ര പരിരക്ഷ റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഒരു മാസത്തോളമായി വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രജ്വലിനെ തിരികെ കൊണ്ടുവരാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും സിദ്ധരാമയ്യ കത്തിൽ ആവശ്യപ്പെട്ടു. കർണാടക സർക്കാരിന്റെ കത്ത് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ മറുപടി.