തൃശ്ശൂർ: കോർപറേഷന്റെ അനാസ്ഥ മൂലം നഗരത്തെ ദുരിതത്തിൽ മുക്കി. സ്വരാജ് റൗണ്ട് അടക്കമുള്ള ഭാഗം പൂർണമായും വെള്ളത്തിലായി. പലയിടത്തും ഇരു ചക്രവാഹനങ്ങൾ ഒലിച്ചു പോയി. ഒരിടത്തുപോലും കോർപറേഷൻ സഹായത്തിനെത്തിയതുമില്ല.. നഗരത്തിലെ കച്ചവടക്കാർക്കു ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. മാർക്കറ്റുകളിലും വെള്ളം കയറി. പ്രളയം വന്നാലും നേരിടാൻ ഒരുങ്ങിയിട്ടുണ്ടെനായിരുന്നു കോർപറേഷന്റേയും മേയറുടേയും അവകാശ വാദം. മേയ് മാസം കഴിയാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെപോലും കാനകളും തോടുകളും വൃത്തിയാക്കിയിട്ടില്ലെന്നും ഇന്നലെ വൈകിട്ടു പെയ്ത മഴ തെളിയിക്കുകയാണുണ്ടായത്. അടുത്ത കാലത്തൊന്നും ഇത്രയും വലിയ അനാസ്ഥ നഗരത്തിലുണ്ടായിട്ടില്ല. മഴയുടെ അളവിനേക്കാളുപരി സംവിധാനങ്ങൾ പാളിയതാണ് പ്രശ്നം.
വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി വെറും തട്ടിപ്പാണെന്ന പ്രതിപക്ഷ ആരോപണം ശരിയ്ക്കുന്നതായിരുന്നു ഇന്നലത്തെ വെള്ളക്കെട്ട്. അടുത്ത കാലത്തൊന്നും വെള്ളം കയറിയിട്ടില്ലാത്ത ഷൊർണൂർ റോഡിൽപോലും വീടുകളിലേക്കു വെള്ളം കയറി. ഇക്കണ്ട വാരിയർ റോഡിലെ കടകളിലേക്കും വെള്ളം കയറി. ആംബുലൻസ് പോലും കുടുങ്ങിക്കിടന്നു. സ്വരാജ് റൗണ്ടിൽ ‘ബിനി’ക്കു സമീപവും ജനറൽ ആശുപത്രിക്കു സമീപവും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സ്ത്രീകളടക്കമുള്ളവർ വെള്ളത്തിൽ വീണു. ലക്ഷക്കണക്കിനു രൂപയുടെ നഷ്മാണു വ്യാപാരികൾക്കുണ്ടായത്. വാഹനം മുങ്ങിപ്പോയി ഉണ്ടായ നഷ്ടം അതിലേറേയും. ബിഷപ്പ് പാലസിന്റെ മതിലിന്റെ ഒരു ഭാഗം വീണു.
കഴിഞ്ഞ വർഷം ആവർത്തിച്ച തെറ്റ് ഇത്തവണയും കോർപറേഷൻ ആവർത്തിച്ചതാണ് നഗരം മുങ്ങാൻ ഇടവന്നത്. മഴ വരുംമുൻപ് കാന വൃത്തിയാക്കൽ തീരുമെന്നു കഴിഞ്ഞ തവണത്തെ വാഗ്ദാനം വെള്ളത്തിൽ മുങ്ങിപ്പോയി. പാട്ടുരായ്ക്കലും ജൂബിലി മിഷൻ ആശുപത്രി റോഡിലും വെള്ളം കയറി. ഇതിനിടെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. ശക്തൻ ബസ് സ്റ്റാൻഡിലും വടക്കേ ബസ് സ്റ്റാൻഡിലും വെള്ളം കയറിയതോടെ വീട്ടിലെത്താനോടുന്ന സ്ത്രീകളടക്കമുള്ള നൂറുകണക്കിനു പേർ വെള്ളത്തിലായി. ഇവിടേക്കുള്ള ബസുകൾ പാതിവഴിയിൽ സർവീസ് നിർത്തി. ബസ് സ്റ്റാൻഡിൽനിന്നു ബസുകൾക്കു പുറത്തു പോകാനാത്ത അവസ്ഥയായി.
വെളിയന്നൂർ, ചെട്ടിയങ്ങാടി, പൂത്തോൾ,കൂർക്കഞ്ചേരി റോഡ്, കൊക്കാല, മുണ്ടുപാലം, ബാല്യ ജംക്‌ഷൻ, പൂങ്കുന്നം, പെരിങ്ങാവ്, പൂത്തോൾ ജംക്‌ഷൻ, പൂങ്കുന്നം, പാട്ടുരായ്ക്കൽ, ദിവാൻജി മൂല തുടങ്ങിയ പ്രദേശമെല്ലാം രാത്രിയും വെള്ളത്തിലാണ്. ഫ്ലാറ്റിനും മറ്റുമായി കുഴിച്ച കുഴികളിൽ വെള്ളം നിറഞ്ഞതു പലയിടത്തും ഭീതി ഉയർത്തിയിട്ടുണ്ട്. കാനങ്ങൾ നിറഞ്ഞു വെള്ളം ഇവിടേക്കു കുത്തിയൊഴുകുകയായിരുന്നു. ഗിരിജ തിയറ്റർ പരിസരത്തെ തോട്, പെരിങ്ങാവ് തോട്, എംഎൽഎ റോഡ്, കുണ്ടുവാറ തോട്, നല്ലങ്കര തോട് എന്നിവയെല്ലാം വെള്ളത്തിലാണ്. ജനം പല തവണ ആവശ്യപ്പെട്ടിട്ടും കാന പൊളിക്കാത്ത കിഴക്കുംപാട്ടുകര കോരത് ലെയ്നിലെ വീടുകളിലേക്കു വെള്ളം കയറി. പാട്ടുരായ്ക്കലിൽ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചെത്തി. കോർപറേഷൻ കമ്മിഷണർ താമസിക്കുന്ന വടക്കേബസ് സ്റ്റാൻഡിനു സമീപത്തെ റോഡും മുങ്ങി. കേരള വർമ കോളജ് ബസ്റ്റോപ്പിനടുത്തു ശങ്കരയ്യ റോഡിലെ വീടുകളിലേക്കു വെള്ളം കയറിയതോടെ ജനം മുകളിലത്തെ നിലയിലേക്കു മാറി. റൗണ്ടിൽ കൊച്ചിൻ ദേവസ്വം ബോർഡ് കെട്ടിടത്തിലേക്കു വെള്ളം സ്വരാജ് റൗണ്ടിൽനിന്നു കുത്തിയൊഴുകിയതോടെ കടകൾ മുങ്ങി.
അശ്വിനി ജംക്‌ഷനും അശ്വിനി ആശുപത്രിക്കു പുറകുവശവും പൂർണമായും മുങ്ങി. അശ്വിനിയിലെ സിടി സ്കാനും എക്സ്റേ മെഷീനും കംപ്യൂട്ടറുകളും വെള്ളം കയറി നാശമായി. അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ മുകൾ നിലയിലേക്കു മാറ്റി. വെള്ളക്കെട്ടു രൂക്ഷമായതോടെ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ പലയിടത്തും സർവീസ് നിർത്തിവച്ചു.
രണ്ടര മണിക്കൂർ പെയ്ത തോരാമഴയിൽ ഗുരുവായൂരിലും വെള്ളക്കെട്ട് രൂക്ഷമായി. ക്ഷേത്രത്തിനു പുറത്തു നാലു നടകളിലും ക്ഷേത്രത്തിനകത്തു നാലമ്പലത്തിലും മതിൽക്കെട്ടിനുള്ളിലും വെള്ളം നിറഞ്ഞു. രാത്രി ഒൻപതോടെ മഴ ശമിച്ചപ്പോൾ വെള്ളക്കെട്ടു നീങ്ങി. ദർശനത്തിനോ ചടങ്ങുകൾക്കോ തടസ്സം നേരിട്ടില്ല. തെക്കേ നടപ്പുരയാകെ വെള്ളമായി. രാത്രി വിളക്കെഴുന്നള്ളിപ്പിനുള്ള ആനകൾ വെള്ളത്തിലൂടെയാണു നടന്നു പോയത്. നഗരസഭാ ഓഫിസിന്റെ പടി വരെയും പാർഥസാരഥി ക്ഷേത്രത്തിലും വെള്ളം കയറി. ഇന്നർ റിങ് റോഡിൽ തെക്കു ഭാഗത്താകെ വെള്ളം നിറഞ്ഞു.