ഇടിയിറച്ചിയുടെ ടേസ്റ്റ് അറിഞ്ഞവർക്ക് അത് പ്രിയപ്പെട്ട വിഭവമാണ്. അധികം മസാലകളില്ലാതെ ‘ഇടിയിറച്ചി ഉലര്‍ത്തിയത് ‘ തയ്യാറാക്കാം. നല്ല ബീഫ് കഷണങ്ങൾ മഞ്ഞൾപൊടിയും ഉപ്പും കുരുമുളകും തിരുമ്മി വെയിലുണ്ടെങ്കിൽ വെയിലുകൊള്ളിച്ചും അതല്ലെങ്കിൽ അടുപ്പിന്റെ ചൂടിലും ഉണക്കിയെടുക്കാവുന്നതാണ്. ആധുനിക സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് പെട്ടെന്ന് വീട്ടിലേക്ക് അതിഥികളെത്തുമ്പോൾ ഇങ്ങനെ ഉണങ്ങി സൂക്ഷിക്കുന്ന ഇറച്ചിയിടിച്ചതായിരുന്നു ഊണിന് സ്പെഷലായി കൊടുത്തിരുന്നത്.
നല്ല ഇടിവെട്ട് ഇടിയിറച്ചി ഉലര്‍ത്തിയത് എങ്ങനെയെന്ന് നോക്കിയാലോ…
ചേരുവകൾ
ഇടിയിറച്ചി – 100g
എണ്ണ – 2 ടേബിൾ സ്പൂൺ
സവാള – 1 (ചെറുതായി അരിഞ്ഞത്)
ചതച്ച വറ്റൽ മുളക് – 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക. ശേഷം ചതച്ച വറ്റൽ മുളക് ചേർത്ത് അഞ്ച് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഇടിയിറച്ചി ചേർക്കുക. പാകത്തിന് ഉപ്പും ഈ സമയത്ത് ചേർക്കാം.
ഇറച്ചി സോഫ്റ്റ് ആകാൻ അര കപ്പ് വെള്ളം ചേർത്ത് മൂടി വച്ച് വേവിയ്ക്കാം. വെള്ളം വറ്റി ഇറച്ചി മൊരിഞ്ഞ് പാകമാവുമ്പോൾ ആവശ്യാനുസരണം വിളമ്പാം.