എത്ര കഴിച്ചാലും വീണ്ടും വിശക്കുന്നു എന്ന് പറയുന്നവരെ കണ്ടിട്ടില്ലേ? എത്ര കഴിച്ചാലും ഇവരുടെ വിശപ്പ് മാറില്ല. എന്താണ് ഇതിന് കാരണമെന്ന് അറിയാമോ? കാരണങ്ങൾ പലതായിരിക്കും.
ചില പോഷകങ്ങളുടെ അഭാവം, ഉറക്കമില്ലായ്മ, അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയൊക്കെ കാരണമാകാം ഇങ്ങനെ എപ്പോഴും വിശക്കുന്നത്. അതുകൊണ്ടുതന്നെ ശരിയായ രീതിയിലുള്ള ആഹാരക്രമവും ജീവിതശൈലിയും പിന്തുടരാൻ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ്, സ്ട്രെസ് ലെവലുകൾ, അന്തർലീനമായ മെഡിക്കൽ അവസ്ഥകൾ എന്നിവയും വിശപ്പിൻ്റെ അളവിനെ സ്വാധീനിക്കും.
പ്രമേഹം
ജീവിതശൈലി രോഗങ്ങളിൽ ഒന്നായ പ്രമേഹത്തെ പേടിക്കണം. പ്രമേഹമുള്ളവർക്ക് എപ്പോഴും വിശപ്പ് അനുഭവപ്പെട്ടേക്കാം. ശരീരം ഇൻസുലിൻ ഉത്പ്പാദനം ശരിയായി നടത്താതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് കോശങ്ങൾക്ക് ശരിയായ ഊർജ്ജം കിട്ടാതാക്കുകയും എപ്പോഴും വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യും.
ഉറക്കമില്ലായ്മ
കുറഞ്ഞത് 8 മണിക്കൂർ എങ്കിലും ഒരു ദിവസം ഉറങ്ങണം. ഉറക്കക്കുറവ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഉറക്കമില്ലായ്മ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാം. ഇത് വിശപ്പ് കൂട്ടും. വിശപ്പിൻ്റെ ഹോർമോണുകളെ ബാധിക്കുന്നതിലൂടെ ആണ് വിശപ്പ് കൂടുന്നത്. ഇത് കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കാൻ ഇടയാക്കും.
മാനസിക സമ്മർദ്ദം
സമ്മർദ്ദം കൂടുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോണും ക്രമാതീതമായി ഉയരും. ഇത് അമിതമായ വിശപ്പിന് കാരണമാകും. ജോലി ഭാരം, വീട്ടിലെ പ്രശ്നങ്ങൾ, അമിതമായ മറ്റ് ടെൻഷനുകൾ എല്ലാം മാനസിക സമ്മർദ്ദം കൂട്ടാനുള്ള കാരണങ്ങളാണ്. സ്ട്രെസ് ഈറ്റിംഗ് എന്ന് കേട്ടിട്ടില്ലേ. ഈ ഘട്ടങ്ങളിലാണ് അത് സംഭവിക്കുന്നത്.
പ്രോട്ടീനിൻ്റെ അഭാവം
ശരീരത്തിൽ ശരിയായ അളവിൽ പ്രോട്ടീൻ ചെല്ലുന്നില്ലെങ്കിൽ എപ്പോഴും വിശപ്പ് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് നിങ്ങളുടെ ഭക്ഷണക്രമത്തിൽ കൃത്യമായ അളവിലുള്ള പ്രോട്ടീനുകൾ ഉൾപ്പെടുത്തുക.
ഇത് അമിതമായ വിശപ്പ് കുറയ്ക്കാൻ ഏറെ സഹായിക്കും. ശരീരത്തിൽ പ്രോട്ടീൻ കുറവാണെങ്കിൽ എപ്പോഴും വിശപ്പ് തോന്നാൻ ഇടയുണ്ട്.
വെള്ളം കുടിക്കുക
ശരീരത്തിൻറെ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കണം. ശരാശരി മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കാൻ ഇത് സഹായിക്കും. മാത്രമല്ല വെള്ളം കുടിക്കുന്നത് കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കാനുള്ള കൊതിയും ഇല്ലാതാക്കും.