ആകാശത്ത് പ്രത്യക്ഷപ്പെട്ട പ്രകാശം പരത്തുന്ന തൂണുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. സയൻസ് എഫിഷൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങൾ ആകാശത്ത് കണ്ടത് സത്യമോ മിഥ്യയോ എന്ന സംശയം ഉണ്ടാക്കി. ഒരു ഏലിയൻ ഷിപ്പ് ഭൂമിയിൽ ലാൻഡ് ചെയ്യാൻ പോകുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ അധികം വൈകാതെ തന്നെ ഇതിനു പിന്നിലെ രഹസ്യം പുറത്തായി.
ജപ്പാനിലെ ടോട്ടോറിയിലാണ് ഈ ദൃശ്യങ്ങൾ കണ്ടത്. മെയ് പതിനൊന്നിന് ആയിരുന്നു സംഭവം. വൈറലായ ദൃശ്യങ്ങൾ ഒരാൾ പങ്കുവെച്ചതാണ്.
‘ഇസിരിബി കൊച്ചു’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. രാത്രി മത്സ്യത്തെ ആകർഷിക്കാൻ മത്സ്യത്തൊഴിലാളികൾ ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതാണ് ഈ കാഴ്ച. മത്സ്യങ്ങളെ ആകർഷിക്കുന്ന പ്രകാശ സ്തംഭങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
ജപ്പാനിൽ ഇതൊരു നിത്യസംഭവമാണ്. രാത്രി ആകാശത്ത് ഈ പ്രകാശകിരണങ്ങളെ കാണാം. മത്സ്യബന്ധനം ബോട്ടുകളിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് ക്രിസ്റ്റലുകളിൽ പ്രതിഫലിക്കുന്നതാണ് ഈ പ്രകാശ തൂണുകൾക്ക് പിന്നിലെ രഹസ്യം.
എന്തൊക്കെ ചേരുമ്പോഴാണ് ഈ കാഴ്ച എന്നു പരിശോധിക്കാം
∙തെളിഞ്ഞ ആകാശം: മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള വെളിച്ചം തടസ്സമില്ലാതെ സഞ്ചരിക്കാൻ ഇത് അനുവദിക്കുന്നു.
∙തണുത്ത താപനില: വായുവിലെ ജലബാഷ്പം ഐസ് പരലുകളായി മരവിപ്പിക്കുന്നതിന് രാത്രിയിലെ താപനില കുറയേണ്ടതുണ്ട്.
∙ഐസ് പരലുകൾ: മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള പ്രകാശം മുകളിലേക്ക് പ്രതിഫലിപ്പിക്കുന്ന ചെറിയ കണ്ണാടികളായി ഐസ് പരലുകൾ പ്രവർത്തിക്കുന്നു.
നൂറുകണക്കിന് മീറ്ററുകളോളം ആകാശത്തേക്ക് നീളുന്ന പ്രകാശ തൂണുകളുടെ അതിശയകരമായ പ്രദർശനമാണ് ഫലം. തീരദേശ ജപ്പാനിൽ ഇസരിബി കൊച്ചു അപൂർവമല്ലെങ്കിലും സഞ്ചാരികളിൽ പലപ്പോഴും വിസ്മയവും അത്ഭുതവും ഉണ്ടാക്കുന്നു.