അൽത്താഫ് സലിം – അനാർക്കലി മരിക്കാർ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘മന്ദാകിനി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഉള്ളം തുടിക്കണ്’ എന്നു തുടങ്ങുന്ന പാട്ടിനു രമ്യത് രാമൻ ആണ് വരികൾ കുറിച്ച് ശബ്ദം നൽകിയത്. വിജീഷ് ലാൽ, വിഷ്ണു പ്രഭാകരൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നു. ബിപിൻ അശോക് ആണ് പാട്ടിന് ഈണമൊരുക്കിയത്.
‘ഉള്ളം തുടിക്കണ്’ ഇതിനകം ആസ്വാദകഹൃദയങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. മികച്ച സ്വീകാര്യതയോടെ പാട്ട് ട്രെൻഡിങ്ങിലും മുൻനിരയിലെത്തി. അൽത്താഫിന്റെ ഇതുവരെ കാണാത്ത പ്രണയഭാവമാണ് പാട്ടിലുടനീളം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നിരവധി പേർ നടന്റെ പുത്തൻ ഭാവത്തിനു കയ്യടിക്കുന്നു.
വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മന്ദാകിനി’. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ചിത്രം നിർമിച്ചിരിക്കുന്നു. ഷിജു.എം.ഭാസ്കർ, ശാലു എന്നിവരുടെതാണു കഥ. ചിത്രത്തിനായ് ക്യാമറ ചലിപ്പിച്ചതും ഷിജു.എം.ഭാസ്കർ തന്നെ.
മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും മന്ദാകിനിയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല.എസ്.നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.