ഡൽഹിയിലെ ചെങ്കോട്ടയും ഇന്ത്യ ഗേറ്റും പാർലമെൻറ് മന്ദിരവും രാഷ്ട്രപതി ഭവനവും എല്ലാം കാണണമെന്ന് പറയുന്നവരുണ്ട്. ഡൽഹിയിലെത്തിയാൽ കുത്തബ്മിനാറും ഹുമയൂണിന്റെ ശവകുടീരവും അക്ഷർധാമും ലോട്ടസ് ടെംപിളും കാണാതെ വിനോദ സഞ്ചാരികൾ മടങ്ങാറില്ല. എന്നാൽ ഡൽഹിയുടെ ഹൃദയത്തുടിപ്പ് ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. ഡൽഹിയുടെ യഥാർത്ഥ തുടിപ്പ് അറിയണമെങ്കിൽ അവിടെ അത്രമേൽ പ്രസിദ്ധമല്ലാത്ത ഇടങ്ങൾ കൂടി കാണണം. അവിടുത്തെ ജനങ്ങളെ പരിചയപ്പെടണം. സഞ്ചാരികളുടെ തിക്കും തിരക്കും ഇല്ലാത്ത എന്നാൽ കണ്ടിരിക്കേണ്ട ഡൽഹിയിലെ അത്ര പ്രസിദ്ധമല്ലാത്ത ചില സ്ഥലങ്ങളെ പരിചയപ്പെടാം.
1.ജഹാസ് മഹൽ
ഡൽഹിയിലെ ജഹാസ് മഹൽ എന്ന് കേട്ടിട്ടുണ്ടോ? ഡൽഹിയിൽ ആൾ തിരക്കില്ലാത്ത ഒരു സ്ഥലമാണിത്. ആൾ തിരക്കില്ലാത്തതു കൊണ്ട് തന്നെ ഇവിടെ കാണാൻ ഒന്നുമില്ല എന്ന് ആരും വിധിക്കേണ്ട.വന്നു കണ്ടാൽ നിങ്ങളെ നിരാശരാക്കാത്ത ഒരിടമാണ് ഡൽഹിയിലെ മെഹ്‌റൗളിയിലെ ഹൗസ്-ഇ-ഷംസിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ജഹസ് മഹൽ. ലോധി വംശത്തിന്‍റെ ഭരണകാലത്ത് ഒരു ഉല്ലാസകേന്ദ്രമായോ സത്രമായോ ആണ് ഇത് നിർമ്മിച്ചതെന്നാണ് കരുതുന്നത്.
ജഹാസ് മഹൽ എന്നത് ഉർദു ഭാഷയിൽ നിന്ന് വന്നതാണ്. ജഹസ് എന്നാൽ കപ്പല്‍ എന്നും മഹൽ എന്നാൽ കൊട്ടാരം എന്നുമാണ് അർത്ഥം. ഈ നിർമ്മിതിക്ക് ചുറ്റുമുള്ള ജലസംഭരണിയിൽ ഇതിന്റെ രൂപം പതിയുമ്പോൾ തടാകത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു കപ്പൽ പോലെ തോന്നിക്കുന്നതിനാൽ ആണ് ഇങ്ങനെയൊരു പേര് നല്കിയത്. താഴികക്കുടത്തിൻ്റെ ആകൃതിയിലുള്ള പവലിയനുകൾ ആണ് ഇതിനുള്ളത്.
ഒക്ടോബർ മാസമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. രാവിലെ 6.00 മുതൽ വൈകിട്ട് 7.00 വരെ ഇവിടെ പ്രവേശനമുണ്ട് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ ഛത്തർപൂർ (യെല്ലോ ലൈൻ). ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ‘ഫൂൽ വാലോൺ കി സെയ്ർ’ (പൂക്കച്ചവടക്കാരുടെ ഘോഷയാത്ര) എന്ന പേരിൽ ഇവിടെ നടക്കുന്ന പുഷ്പ വിൽപ്പനക്കാരുടെ ഉത്സവം പ്രസിദ്ധമാണ്.
2. സത്പുല ബ്രിഡ്ജ്
സപ്പുല പാലംഅഥവ സത്പുല ജലസംഭരണി ഡൽഹിയിലെ കൗതുക കാഴ്ചയാണ്. ഈ ജലസംഭരണി ഖിർക്കി മസ്ജിദിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ജലസേചനം എന്ന ലക്ഷ്യം മാത്രമല്ല, നഗരത്തിന് പ്രതിരോധ സുരക്ഷ നൽകുക എന്ന ഉദ്ദേശവും ഇതിന്‍റെ നിർമ്മാണത്തിന് പിന്നിലുണ്ടായിരുന്നു. സത്പുല എന്നാൽ ഏഴ് പാലങ്ങൾ എന്നാണർത്ഥം. തുഗ്ലക്ക് രാജവംശത്തിലെ മുഹമ്മദ് ഷാ തുഗ്ലക്കിന്‍റെ കാലത്താണ് ഇത് നിർമ്മിച്ചത്.
3. അസോല ഭാട്ടി വന്യജീവി സങ്കേതം
ഡല്‍ഹിയിലെ മറ്റൊരു ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്ന്, അസോല ഭാട്ടി വന്യജീവി സങ്കേതം. ഡൽഹി-ഹരിയാന അതിർത്തിയിലെ ആരവല്ലി മലനിരകളോട് ചേർന്നാണ് 32.71 km2 വിസ്തൃതിയുള്ള അസോല-ഭാട്ടി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തെക്കൻ ഡൽഹിയിലും ഹരിയാന സംസ്ഥാനത്തിലെ ഫരീദാബാദിൻ്റെ വടക്കൻ ഭാഗങ്ങളിലും ഗുരുഗ്രാം ജില്ലകളിലും ആയി ഇത് വ്യാപിച്ചു കിടക്കുന്നു.
4. അഗ്രസേൻ കി ബവോലി
ഇന്ത്യൻ ആർക്കിയോളജിക്കൽ സർവേയുടെ സംരക്ഷിതസ്മാരകമാണ് അഗ്രസേൻ കി ബവോലി. ന്യൂ ഡല്‍ഹിയിൽ കൊണാട്ട് പ്ലേസിന് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 15 മീറ്റർ വീതിയും 60 മീറ്റർ നീളവും ഉള്ള ഈ പടവ്കിണർ പ്രത്യേക സമം ആകൃതിയിലാണുള്ളത്. മൂന്നു നിലകളുള്ള ഇതിന് 108 പടവുകളുണ്ട്.
പല വിശ്വാസങ്ങളും ഈ പടവ് കിണറിനെ ചുറ്റിപ്പറ്റിയുണ്ട്. പ്രേതബാധയുള്ള സ്ഥലമെന്ന് ഒരുവിഭാഗം ആളുകൾ പറയുമ്പോൾ മറ്റു ചിലർ പറയുന്നത് ഇതിനുള്ളിലേക്ക് കടക്കുന്നത് ആളുകളെ സ്വയം മരിക്കുവാൻ പ്രേരിപ്പിക്കുമത്രെ. എന്തായാലും ഡല്‍ഹിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് അഗ്രസേൻ കി ബവോലി.