പത്തനംതിട്ടയിലും തൃശ്ശൂരിലും പുലി ഇറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ടയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചുകൊന്നു. ഇന്നലെ രാത്രി പത്തനംതിട്ട പോത്തുപാറയിലിറങ്ങിയ പുലി വാലുപാറ സ്വദേശി സുനിലിന്റെ വളർത്തുനായയെയാണ് കടിച്ചുകൊന്നത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ പുലിയെ കണ്ടത്. പുളിയിലപ്പാറ പള്ളിക്ക് സമീപം കലുങ്കിൽ പുലി ഇരിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. ഉടൻ അവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.
രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്താൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. ഇതിനിടെ ഭയന്ന് യാത്രക്കാർ വേഗത്തിൽ വാഹനം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. പുലി ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായി വളർത്തു മൃഗങ്ങളെ പിടി കൂടുന്നതായി പരാതി ഉയർന്നിരുന്നു.
















