വീണിടത്തു നിന്നും എഴുന്നേറ്റ് ജീവിതം പല നിറങ്ങളിൽ തുന്നിചേർത്ത കവിത കേശവൻ കുട നിർമ്മാണത്തിലൂടെ മുന്നേറുകയാണ്.
തൃശ്ശൂർ കുന്നംകുളം ഞമ്മനെങ്ങാട് സ്വദേശിയാണ് കവിത. 2002 ൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നട്ടെല്ലിൽ ടിബി വന്ന് നെഞ്ചിന് താഴോട്ട് തളർന്നു പോയതാണ് കവിത. പിന്നെ 12 വർഷത്തോളം കിടപ്പിൽ. ചെയ്ത ചികിത്സകൾ ഒന്നും കവിതയ്ക്ക് ഫലം കണ്ടില്ല. തുടർന്നുള്ള ജീവിതം വീടിനുള്ളിൽ ആയി. ടീവിയിലെ ക്രാഫ്റ്റ് വർക്കുകൾ കാണുമ്പോൾ അതുപോലെ ചെയ്യണം എന്ന് ഉള്ളിൽ തോന്നിയ ആഗ്രഹമാണ് കവിത തന്റെ കഠിന പരിശ്രമം കൊണ്ട് നേടിയെടുത്തത്.
പേപ്പർ,കൊണ്ടുള്ള വർക്കുകൾ, ജ്വല്ലറി മേക്കിങ്, ഗ്ലാസ്സ് പെയിന്റിംഗ് എന്നിവയോടെല്ലാം വലിയ ഇഷ്ട്ടമായിരുന്നു കവിതക്ക്. കവിതയുടെ ആഗ്രഹം തിരിച്ചറിഞ്ഞ പാലിയേറ്റിവ് പ്രവർത്തകർ കവിത പുറത്തിറങ്ങാൻ തയ്യാറാണെങ്കിൽ വാഹനവും ആശാവർക്കറെയും ഏർപ്പാടാക്കാമെന്നു പറഞ്ഞു. അങ്ങനെ എല്ലാ പ്രതിസന്ധികളും മറികടന്ന് കവിത പുറത്തേക്കിറങ്ങി. കവിതക്ക് കുട നിർമ്മിക്കാനുള്ള മെറ്റിരിയലുകൾ എടുത്ത് നൽകുന്നത് സഹായത്ര പാലിയേറ്റിവ് കെയറിലെ പ്രവർത്തകരാണ്.
വീട്ടിലിരുന്ന് പഠിച്ചാണ് 2004ൽ കവിത എസ് എസ് എൽ സി പൂർത്തിയാക്കുന്നത്. പിന്നീട് പഠനം തുടരാൻ സാധിച്ചതുമില്ല. 12 വർഷത്തിന് ശേഷം ഉപരിപഠനത്തിലേക്ക് തിരിച്ചെത്തിയ കവിത എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി കൂടിയാണ്.