Health

വയർ ‘നിറച്ച്’ വയർ കുറയ്ക്കും; ചീര ഇങ്ങനെ കഴിച്ചു നോക്കൂ..

ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്

മിക്ക വീടുകളിലെയും തീൻ മേശകളിലെ സ്ഥിരം സാന്നിധ്യമാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇത്. പ്രതിരോധശേഷി നിലനിര്‍ത്താനും ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചുവന്ന ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ചീരയ്ക്ക് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുമുണ്ട്.

എന്നാൽ ശരീരഭാരം കുറയ്ക്കാനും ചീര സഹായിക്കുമെന്ന് ആർക്കൊക്കെ അറിയാം ? അത്ഭുതപ്പെടേണ്ട, നാരുകൾ കൂടുതൽ ഉള്ള കലോറി കുറഞ്ഞ പച്ചക്കറിയാണ് ചീര. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുവഴി കലോറി ഉപയോഗം കുറയ്ക്കുകയും ചെയ്യും. വയറിലെ കൊഴുപ്പ് കളയാനും ചീര ഉത്തമമാണത്രേ.

ചീരയിൽ കലോറി കുറവാണ്. ഒരു കപ്പ് ചീരയിൽ ഏഴ് ശതമാനം കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.ചീരയിൽ തൈലക്കോയിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പും ആസക്തിയും കുറയ്ക്കും. ഇത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും.അതുവഴി മൊത്തത്തിലെ കലോറി ഉപയോഗവും കുറയ്ക്കാൻ സഹായിക്കുന്നു.

ചീരയിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ് ചീര. ഇതിൽ ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വർധിപ്പിക്കുന്നു. ചീര മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. ഉയർന്ന മെറ്റബോളിസം എന്നതിനർത്ഥം നിങ്ങളുടെ ശരീരം കലോറി കൂടുതൽ കാര്യക്ഷമമായി കത്തിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ്.

എങ്ങനെ കഴിക്കാം?

ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. കറി, തോരൻ ,സലാഡുകൾ, സ്മൂത്തികൾ, സൂപ്പ്, എന്നിങ്ങനെ പല രീതിയിൽ കഴിക്കാം. പലവിധത്തിൽ ചീര തയാറാക്കി കഴിക്കുന്നതിലൂടെ മടുപ്പ് ഒഴിവാക്കാനും എന്നാൽ അതേസമയം ഗുണങ്ങൾ കൃത്യമായി ശരീരത്തിൽ എത്തിക്കാനും സാധിക്കുന്നു.