ശരീര വേദനയും സന്ധിവേദനയും പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് മഴക്കാലത്താണ്. വേദന കുറക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം നിങ്ങളെ സൂപ്പ് സഹായിക്കുന്നു. അതുകൊണ്ട് തണുപ്പ് കാലത്ത് എല്ലാവരും നിര്‍ബന്ധമായും കഴിക്കേണ്ടതാണ് സൂപ്പ്. രുചിയോടെ വളരെ എളുപ്പത്തിൽ ഒരു ഓറഞ്ച്- ടുമാറ്റോ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ – രണ്ട് ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നുറുക്കിയത് – 225 ഗ്രാം
ചുവന്നുള്ളി – 100 ഗ്രാം
ഓറഞ്ച് (നീരെടുത്തതും, തൊലി ചീവിയതും) – 350 ഗ്രാം
തക്കാളി (അരിഞ്ഞത്) – കാൽ കിലോ
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി – ഒരു ടേബിൾ സ്പൂൺ
ചിക്കൻ സ്റ്റോക്ക് – ഒന്നര കപ്പ്
ചീസ് ചുരണ്ടിയത് – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കി ബട്ടർ ഉരുക്കുക. ഉരുളക്കിഴങ്ങും ഉള്ളിയും അതിലിട്ട് ഉള്ളി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ഓറഞ്ച്, തക്കാളി, കറിവേപ്പില, ഉപ്പ്, കുരുമുളകുപൊടി, ചിക്കൻസ്റ്റോക്ക് എന്നിവ ചേർത്ത് കുക്കർ അടച്ച് 10 മിനിറ്റ് കുറഞ്ഞ ചൂടിൽ വേവിക്കുക.
കുക്കർ അടുപ്പത്തുനിന്ന് മാറ്റി ആവിപോയ ശേഷം കറിവേപ്പില എടുത്ത് മാറ്റി അരിച്ചെടുക്കാം. അരിച്ചെടുത്ത സൂപ്പിൽ ചീസ് വിതറി ചൂടോടെ വിളമ്പാം.