അഞ്ചുരുളി എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? പേരിൽ ഒരു കൗതുകം ഒളിപ്പിച്ചിട്ടുണ്ട് അല്ലേ.. ജലാശയത്തോട് ചേർന്ന് അഞ്ച് മലകൾ ഉരുളി കമിഴ്ത്തിയതുപോലെ കാണുന്നതിനാൽ ആദിവാസികളിട്ട പേരാണ് അഞ്ചുരുളി. ഇടുക്കി അണക്കെട്ടിന്റെ ആരംഭം ഇവിടെനിന്നാണ്. മഴക്കാലം ഒഴികെയുള്ള മറ്റെല്ലാ സമയങ്ങളിലും സഞ്ചാരികള്‍ക്ക് തുരങ്കത്തിനുള്ളില്‍ പ്രവേശിക്കാവുന്നതാണ്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമെങ്കിലും വര്‍ഷത്തില്‍ എല്ലാ സമയവും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ട്.
5.5 കിലോമീറ്റര്‍ നീളമുള്ള വൃത്താകൃതിയില്‍ ഉള്ള ഈ തുരങ്കം കട്ടപ്പനക്ക് അടുത്തുള്ള ഇരട്ടയാര്‍ അണക്കെട്ടില്‍ നിന്ന് ഇടുക്കി റീസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകുന്നു. അഞ്ചുരുളി സമുദ്രനിരപ്പിന് 740 m ഉയരത്തിലാണ്. പുതുതായി രൂപംകൊണ്ട ഇടുക്കി നിയോജകമണ്ഡലത്തിലെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കട്ടപ്പന – കുട്ടിക്കാനം സംസ്ഥാന പാതയില്‍ (SH 59) നിന്ന് കാഞ്ചിയാര്‍ വഴി ഈ സ്ഥലത്ത് പെട്ടന്ന് എത്തിച്ചേരാവുന്നതാണ്. കട്ടപ്പനയില്‍ നിന്ന് വെറും പത്തു കിലോമീറ്റര്‍ അകലെയാണ് തുരങ്കം.
1974ൽ കോലഞ്ചേരിക്കാരൻ പൈലിപ്പിള്ളയാണ് ടണലിന്‍റെ പണികൾ തുടങ്ങിയത്. ഒരേ സമയം രണ്ട് വശത്തു നിന്നും പാറ തുരന്നായിരുന്നു നിർമ്മാണം. കല്യാണത്തണ്ട് മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നുത്. 24 അടി വ്യാസത്തിലാണ് ടണൽ പൂർത്തിയാക്കിയത്. പണിക്കിടെയുണ്ടായ അപകടങ്ങളിൽ 22 പേർ മരിച്ചു. 1980-ൽ ടണൽ ഉദ്ഘാടനം ചെയ്തു. വെള്ളം കുറവുള്ളപ്പോൾ ഈ ടണലിനുള്ളിലൂടെ മറുവശത്ത് എത്തിയവർ അനവധിയുണ്ട്. പക്ഷേ ഉള്ളിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം കിലോമീറ്ററുകൾ പതഞ്ഞൊഴുകി ടണൽ മുഖത്ത് നിന്നും ജലാശത്തിലേയ്ക്ക് പതിക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളുടെ കൺ കുളിർപ്പിക്കുന്നതാണ്. മഴക്കാലത്ത് ഒഴുക്ക് ശക്തമാകുന്നതോടെ 50 അടിയിലേറെ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം കൂടുതൽ ആകർഷകമാകും.
അമല്‍ നീരദിന്റെ ഇയോബ്ബിന്റെ പുസ്തകത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്.സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു രംഗമാണ്,അലോഷിയെ സഹോദരന്‍ ആക്രമിക്കാന്‍ വരുന്ന രംഗം. ഈ രംഗം ചിത്രീകരിച്ച അഞ്ചുരുളി ഇപ്പോള്‍ സിനിമപ്രേമികളുടെ ഇടയില്‍ ഹിറ്റ് ലൊക്കേഷന്‍ ആണ്. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്‍ടി, മരംകൊത്തി, രക്ഷ തുടങ്ങിയ മലയാള സിനിമകളും ഇവിടെയാണ് ചിത്രീകരിച്ചത്.