Kerala

“എന്റെ മോളുടെ ആത്മാവിന് ശാന്തി ലഭിക്കണം എങ്കിൽ അയാളെ തൂക്കിക്കൊല്ലണം”! ജിഷ വധക്കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചതിനെ കുറിച്ച് അമ്മയുടെ പ്രതികരണം!

കേരള മനസാക്ഷിയെ മുഴുവൻ ഞെട്ടിച്ച ഒരു വാർത്ത ആയിരുന്നു പെരുമ്പാവൂരിലെ ജിഷ കൊലപാതക കേസ്. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനിയായ ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതിയായ അമിറുൾ ഇസ്ലാമിനു ശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് ജിഷയുടെ അമ്മയുടെ പ്രതികരണം ഇങ്ങിനെ,

“ജിഷ മോൾടെ കേസിന്റെ വിധി ഇന്നാണെന്ന് പത്രത്തിൽ കണ്ടാണ് ഞാൻ കോടതിയിൽ പോയത്. കോടതിയിൽ ചെന്നു അവിടെ ജഡ്ജി വന്ന് വിധി പ്രഖ്യാപിക്കുന്ന കാര്യങ്ങളൊക്കെ ഇംഗ്ലീഷിൽ ആണ് സംസാരിച്ചത്. അപ്പോൾ ഞാൻ അടുത്തുനിൽക്കുന്ന ആൾക്കാരോട് എന്താ പറഞ്ഞേന്ന് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഇന്ന് ജിഷയുടെ കേസിന്റെ വിധി ആണെന്ന്. വിധി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമുണ്ട്. പക്ഷേ അയാളെ തൂക്കിക്കൊന്നു കഴിഞ്ഞാൽ ആണ് എനിക്ക് സമാധാനവും സന്തോഷം കിട്ടുകയുള്ളൂ. പൂർണ്ണമായിട്ട് എന്റെ കൊച്ചിന്റെ ആത്മാവിന് ശാന്തിയും സമാധാനവും കിട്ടുകയുള്ളൂ.

എട്ടു വർഷത്തോളമായി കേസിന്റെ പുറകെ നടന്ന് ഈ വിധി വരുവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. വിധി വന്നപ്പോൾ അവർ പറഞ്ഞു നമുക്ക് അനുകൂലമായിട്ടാണ് വിധി വന്നേക്കുന്നേ എന്നു പറഞ്ഞു. എന്റെ മോളു മരിച്ചപ്പോൾ ഈ ലോകത്തുള്ള എല്ലാ ജനങ്ങളും എന്റെ മോൾക്കും എനിക്കും വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തു. ഊണും ഉറക്കവുമില്ലാതെ ഒരുപാട് പേർ ഞങ്ങളെ സഹായിച്ചു. അവരോട് ഞാൻ എന്റെ നന്ദി, സ്നേഹം എല്ലാം അറിയിക്കുകയാണ്. എന്റെ മകളു മരിച്ചതിനു ശേഷം തന്നെ എത്രയോ കുഞ്ഞുങ്ങളെ കൊന്ന് ഒതുക്കിയിട്ടുണ്ട്.

എനിക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി കറി വാങ്ങാൻ പുറത്തേക്ക് പോയപ്പോഴാണ് ഒരാൾ വന്ന് എന്നോട് പറഞ്ഞത് ഇന്ന് ചേച്ചിയുടെ മോളുടെ കേസിന്റെ വിധിയാണ്. അപ്പോൾ ഞാൻ പത്രം വാങ്ങിച്ചു വായിച്ചു നോക്കി. ഇന്ന് വിധി ആണെങ്കിൽ എനിക്ക് കോടതിയിലേക്ക് പോകാൻ തീരുമാനിക്കാൻ പറ്റുള്ളൂ. പതിനൊന്നരയ്ക്ക് ഞാൻ കോടതിയിൽ എത്തി. വിധി പറയാൻ കുറച്ചു വൈകി. സർക്കാർ ഇട്ട വക്കീലന്മാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. എല്ലാവരും നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നെ വിധി വന്നു എന്നുള്ളതുകൊണ്ട് മാത്രം എനിക്ക് സമാധാനം ഇല്ല. അവനെ എത്രയും പെട്ടെന്ന് തന്നെ തൂക്കിക്കൊല്ലണം.

എന്റെ കാര്യങ്ങൾ ഇവിടുത്തെ പൊതുജനങ്ങൾ ഒക്കെ അന്വേഷിക്കാറുണ്ട്. ഞാൻ ഭക്ഷണം കഴിച്ചോ എന്നൊക്കെ. ഈ ലോകത്ത് നല്ലതുമുണ്ട് ചീത്തയുമുണ്ട്. പക്ഷേ എന്റെ സങ്കടങ്ങളിൽ എന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചവരുണ്ട്. എന്റെ വിഷമം കണ്ട് എനിക്ക് ഒരു നേരത്തെ ആഹാരം തന്നവരുണ്ട്. ഞാനൊരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. മറൈൻ ഡ്രൈവിൽ തന്നെയാണ് ഓരോന്നൊക്ക വിറ്റ് നടക്കുന്നത്.

ചിലപ്പം വിൽക്കും ചിലപ്പം വിൽക്കത്തില്ല. കുട്ടികളുടെ ഇട്ടാപൊട്ട് സാധനങ്ങളൊക്കെ ചിലപ്പോൾ ചെലവായി പോകും. സുഖമില്ലാത്തതിനാൽ ഹോസ്റ്റലിൽ ആയിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായിട്ട് ഇതൊക്കെ വിൽക്കാൻ വേണ്ടിയിട്ട് വീണ്ടും ഞാൻ പുറത്ത് ഇറങ്ങി തുടങ്ങി” ജിഷയുടെ അമ്മ പറയുന്നു.