ഒരു കാലത്ത് മലയാള സിനിമയുടെ തിരക്കുള്ള നായികമാരിൽ ഒരാൾ ആയിരുന്നു മേനക സുരേഷ്. നിർമ്മാതാവും സംവിധായകനും നടനുമായ ജി സുരേഷ് കുമാറിനെ ആണ് മേനക വിവാഹം ചെയ്തിരിക്കുന്നത്. നൂറിനുമുകളിൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മേനക അധികവും ചെയ്തിരിക്കുന്നത് മലയാള സിനിമകൾ ആണ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം നടന്നത്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ തനിക്ക് വന്ന ഒരു മിലിട്ടറിക്കാരന്റെ വിവാഹ ആലോചനയെ പറ്റിയും തന്റെ സിനിമ പ്രവേശനത്തെ കുറിച്ചും മേനക തുറന്നു പറയുകയാണ്.
“അത് നല്ല കല്യാണം ആയിരുന്നില്ല എനിക്ക് അന്ന് വന്നത്. എന്റെ അപ്പച്ചിയുടെ ഭർത്താവ് പറഞ്ഞു, പത്താം ക്ലാസ്സ് ഒക്കെ കഴിഞ്ഞപ്പോൾ കല്യാണം കഴിച്ചു കൊടുക്കാം ഇനിയെന്ന്. അച്ഛനും അമ്മയും ഒക്കെ അദ്ധ്യാപകർ ആണ്. അപ്പച്ചിയുടെ ഭർത്താവ് പറഞ്ഞത് പയ്യൻ മിലിറ്ററിയിൽ ആണ്, നല്ലൊരു ബന്ധം ആണ് എന്നാണ്. അയാൾക്ക് എന്നേക്കാൾ പന്ത്രണ്ട് പതിനാല് വയസിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെയൊരാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു. എനിക്കത് ഇഷ്ടമേയല്ല. എനിക്ക് അത് വേണ്ടാന്ന് പറഞ്ഞു. അമ്മയ്ക്കും ഇഷ്ടം അല്ല, അച്ഛനും ഇഷ്ടമല്ല. ആ സമയത്താണ് എന്റെ സിനിമ കരിയർ ആരംഭിക്കുന്നതും.
അച്ഛന്റെയും അമ്മയുടെയും സ്റ്റുഡന്റ് ആയിരുന്ന സുബ്രമണി എന്നൊരാൾ ഉണ്ടായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സ് കഴിഞ്ഞ സമയത്ത് ഈ സുബ്രമണി ഒരു സെയിൽസ് ടാക്സ് ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം അന്ന് എന്നെ കണ്ടിട്ട് അച്ഛനോടും അമ്മയോടും ചോദിച്ചു, മോളെ സിനിമയിലേക്ക് വിടരുതോ എന്ന്. അച്ഛന് അങ്ങനെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു, കാരണം അമ്മ ഇഷ്ടംപോലെ സിനിമകൾ കാണുമായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് ഞാൻ ഒരു നടി ആവുക എന്നത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. അമ്മയുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് അച്ഛനും എന്റെ കൂടെ നിന്നു.
വിയറ്റ്നാം വീട് സുന്ദരം എന്നൊരു സംവിധായാകനും തിരക്കഥാ കൃത്തും ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കണ്ടിട്ട് അദ്ദേഹത്തിന്റെ സിനിമയിലെ ഹീറോയിൻ ഞാനാണെന്ന് പറഞ്ഞു. നിർഭാഗ്യവശാൽ അന്ന് ആ പ്രോജക്ട് നടന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തായ വെന്തമ്പട്ടി അഴഗപ്പൻ എന്ന ഡയറക്ടർ എന്നെ സെലക്ട് ചെയ്തു. അദ്ദേഹം ആണ് എനിക്ക് മേനക എന്ന പേര് വെച്ചത്. ആർ എസ് പത്മാവതി എന്നായിരുന്നു യഥാർത്ഥ പേര്.
പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെ മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. മേനകയും ഭർത്താവ് സുരേഷ് കുമാറും തമ്മിൽ 5 വയസ്സിന്റെ പ്രായ വെത്യാസം ആണുള്ളത്. തെന്നിന്ത്യയിലെ സൂപ്പർ നായിക ആയിരുന്ന മേനക ഇപ്പോൾ 60 ആം വയസിലേക്ക് കടന്നിരിക്കുകയാണ്. മേനക സുരേഷിന്റെ മകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ മുൻ നായികമാരിലൊരാളാണ്.