സ്ഥിരം റൈസ് വിഭവങ്ങൾ കഴിച്ചു മടുത്തോ? എങ്കിൽ നമ്മുക്ക് ഒന്ന് മാറ്റിപിടിച്ചാലോ.. വേഗം കേടാവാത്തതും രുചികരവുമായ ലെമൺ റൈസ് ആകട്ടെ ഇന്നത്തെ നിങ്ങളുടെ ലഞ്ചിൽ താരം.
കുട്ടികൾക്ക് ലഞ്ചിന്, യാത്ര ചെയ്യുമ്പോഴെല്ലാം കഴിക്കാൻ പറ്റിയ സ്വാദേറിയ വിഭവമാണ് ലെമൺ റൈസ്. ലെമൺ റൈസ് എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
പൊന്നിയരി – ഒന്നര കപ്പ്
വെള്ളം – മൂന്ന് കപ്പ്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
റിഫൈൻഡ് ഓയിൽ – കാൽ കപ്പ്
കടുക് – അര ടീസ്പൂൺ
ഉഴുന്നു പരിപ്പ് – അര ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വറ്റൽ മുളക് ചെറുതായി അരിഞ്ഞത് – നാലെണ്ണം
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കറിൽ വെള്ളമൊഴിച്ച് അരി കഴുകിയതും മഞ്ഞൾ പൊടിയും ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് വാങ്ങി ചൂടാറാൻ വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ കടുകിട്ട് പൊട്ടി തുടങ്ങുമ്പോൾ ഉഴുന്നുപരിപ്പിട്ട് വറുത്തെടുക്കുക. ശേഷം കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് വഴറ്റി ചോറിന് മുകളിൽ ഇടുക. നാരങ്ങാനീരും അൽപ്പം ഉപ്പും ചേർത്തിളക്കി ചോറിന് മുകളിൽ തളിച്ച് ഇളക്കി വിളമ്പാം.