Travel

മൂന്നാറിലെ പ്രധാന കാഴ്ചകൾ എല്ലാം കാണാം; പ്ലാനിങ്ങിൽ ആണ് എല്ലാം, വിട്ടുപോകില്ല ഒന്നും!

വരയാടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം

മഴ തുടങ്ങിയതോടെ മൂന്നാറാണ് ഇപ്പോൾ സഞ്ചാരികളുടെ ലിസ്റ്റിൽ മുൻപന്തിയിൽ കിടക്കുന്നത്. മൂന്നാറിലേക്ക് ആളുകൾ തിക്കി തിരക്കുകയാണ്. മണിക്കൂറുകളോളം വഴിയിൽ കിടന്നു ഗതാഗത തടസ്സങ്ങളെയും മറികടന്ന് വേണം ഒടുവിൽ മൂന്നാറിൽ എത്തിച്ചേരാൻ. റിസോർട്ടുകളും ഹോട്ടലുകളും എല്ലാം ഏകദേശം ബുക്കായ അവസ്ഥയാണ്. മുൻകൂട്ടി ബുക്ക് ചെയ്യാതെ പുറപ്പെട്ടാൽ ഒരുപക്ഷേ താമസത്തിന് അല്പം കഷ്ടപ്പെട്ടേക്കാം. കൃത്യമായ ആസൂത്രണം ഉണ്ടെങ്കിൽ മൂന്നാറിലെ ഒരുവിധപ്പെട്ട എല്ലാ സ്ഥലങ്ങളും കണ്ടു മടങ്ങാം. മൂന്നാറിലെ തിരക്കുള്ള സ്ഥലങ്ങൾ മുൻകൂട്ടി മനസ്സിലാക്കി മൂന്നാറിന്റെ മറ്റു ഭംഗികൾ ആസ്വദിക്കാം.

മൂന്നാറിൽ ധാരാളം റിസോർട്ടുകളുണ്ട്. എന്നാൽ, കയ്യിലൊതുങ്ങുന്ന കാശിന് താമസിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ പിഡബ്യുഡി റസ്റ്റ് ഹൗസും,​ ഗവൺമെന്റ് റസ്റ്റ് ഹൗസും തിരഞ്ഞെടുക്കാവുന്നതാണ്. 600 – 700 രൂപയ്‌ക്ക് ഇവിടെ താമസിക്കാവുന്നതാണ്. ഓൺലൈനായി മാത്രമാണ് ഇവിടെ ബുക്കിംഗുള്ളത്. അതിനാൽ, മുൻകൂട്ടി ബുക്ക് ചെയ്‌തശേഷം മാത്രം പോവുക.

ഇരവികുളം ദേശീയോദ്യാനം

മൂന്നാറിലെത്തുന്ന ഭൂരിഭാഗം ആളുകളും മിസ്സ് ആക്കാത്ത സ്ഥലമാണ് ഇരവികുളം. കേരളത്തിൻറെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണിത്. മൂന്നാറിൽ നിന്നും 17 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളാണ് ഇവിടുത്തെ സവിശേഷത. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും പ്രത്യേക ആകർഷണം തന്നെ.

വരയാടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിലൊഴികെ എല്ലാ സമയത്തും ഇവിടേക്ക് സന്ദർശകർക്ക് വരാം, രാവിലെ എട്ട് മുതൽ വൈകീട്ട് 4.30 വരെയാണ് സന്ദർശന സമയം. ഒരു ദിവസം പരമാവധി 2800 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇരവികുളത്തിന് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നേരത്തെ ടിക്കറ്റ് ഉറപ്പാക്കി വരാം. ഓൺലൈൻ ആയി സന്ദർശകർക്ക് രാജമലയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം.

മാട്ടുപ്പെട്ടി ഡാം

മൂന്നാറിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് മാട്ടുപ്പെട്ടി അണക്കെട്ട്. സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മൂന്നാറിലെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു സ്ഥലമാണിത്. ഇവിടെയെത്തിയാൽ തേയിലത്തോട്ടം കാണാനും അണക്കെട്ട് സന്ദർശിക്കാനും ബോട്ടിംഗ് ആസ്വദിക്കാനും സാധിക്കുന്നു. മാട്ടുപ്പെട്ടി ദേവികുളം താലൂക്കിന്റെ ഭാഗമാണ്.

ഇക്കോ പോയിന്റ്

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ ഒരിക്കലും കാണാതെ പോകാത്ത ഇടം. മൂന്നാറിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിൽ ഒന്നാണിത്. മൂന്നാറിൽ നിന്നും 15 മീറ്റർ ദൂരെയാണ് ഈ സ്ഥലം.

തേയിലത്തോട്ടങ്ങൾ

വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ടതാണ് മൂന്നാർ. സന്ദർശകർക്ക് സമൃദ്ധമായ തേയില തോട്ടങ്ങളിലൂടെ നടക്കാനും തേയില പറിക്കുന്നത് നേരിട്ട് കാണാനും ചുറ്റുമുള്ള കുന്നുകളുടെ മൂടൽമഞ്ഞുള്ള കാഴ്ചകൾ ആസ്വദിക്കാനും കഴിയും. ടാറ്റ ടീ മ്യൂസിയം, കൊളുക്കുമല ടീ എസ്റ്റേറ്റ്, ലോക്ക്ഹാർട്ട് ടീ മ്യൂസിയം എന്നിവയാണ് ഈ പ്രദേശത്തെ ചില പ്രശസ്തമായ തേയിലത്തോട്ടങ്ങളും ആകർഷണങ്ങളും.

ആനയിറങ്കൽ ഡാം റിസർവോയർ

സമൃദ്ധമായ തേയിലത്തോട്ടങ്ങളാലും നിബിഡ വനങ്ങളാലും ചുറ്റപ്പെട്ട ആനയിറങ്കൽ ഡാം റിസർവോയറിൽ സന്ദർശകർക്ക് ബോട്ട് സവാരി ആസ്വദിക്കാം. ആന സവാരി, സമൃദ്ധമായ പച്ചപ്പ്, ശാന്തമായ അന്തരീക്ഷം എന്നിവയ്ക്കും ഈ പ്രദേശം പ്രശസ്തമാണ്.

എന്നാൽ ഈ സമയത്തെ മറ്റൊരു പ്രധാന ആകർഷണം മൂന്നാറിന്റെ തെരുവോരങ്ങളിൽ പൂവിട്ട ജക്രാന്ത( നീല വാക) മരങ്ങളാണ്. ചിത്തിരപുരം രണ്ടാം മൈൽ മുതൽ മറയൂർ റോഡിലെ തലയാർ വരെയുള്ള ഭാഗങ്ങളിലാണ് പ്രധാന പാതയുടെ രണ്ട് വശങ്ങളിലായി ജക്രാന്ത മരങ്ങൾ പൂവിട്ടു നിൽക്കുന്നത്. 125 വർഷം മുൻപ് മൂന്നാറിൽ തേയിലക്കൃഷിക്ക് വേണ്ടിയെത്തിയ ബ്രിട്ടീഷുകാരാണ് അവരുടെ നാട്ടിൽ നിന്നും കൊണ്ടുവന്ന ജക്രാന്ത മരങ്ങൾ തേയിലകൾക്കിടയിലും പാതയോരങ്ങളിലും വച്ചുപിടിപ്പിച്ചത്.