ഒരു കാലത്ത് സിനിമകളില്‍ സജീവമായിരുന്ന ആനി തന്റെ വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആനി പിന്നീട് തിരിച്ചെത്തുന്നത് ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു. ഇത്തരത്തില്‍ ആനിക്ക് വലിയ ഹൈപ്പ് നല്‍കിയ പരിപാടിയാണ് ആനീസ് കിച്ചണ്‍. ‘അമ്മയാണെ സത്യം’എന്ന ചിത്രത്തിലൂടെ 15-ാമത്തെ വയസിലാണ് ആനി സിനിമയിലേക്കെത്തിയത്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചും അമ്മയുടെ കൈപ്പുണ്യം അറിയാൻ നടന്ന വഴികളെ കുറിച്ചും ആനീസ് കിച്ചണിലൂടെ ആനി മനസ് തുറക്കുകയാണ്.
“ചേച്ചി കുഞ്ഞിലേ മുതലേ കുക്ക് ചെയ്യാൻ തുടങ്ങിയിരുന്നോ” എന്നുള്ള ഗായിക അഭയാ ഹിരൺമയിയുടെ ചോദ്യത്തിന് ആനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. കുക്കിംഗ് ഇഷ്ടമായിരുന്നു. “എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അമ്മ മരിച്ചുപോയി. അമ്മ മരിച്ചപ്പോൾ അമ്മയുടെ രുചികളെ കുറിച്ച് എനിക്കറിയില്ലായിരുന്നു. പക്ഷേ എനിക്ക് അമ്മയുടെ ടേസ്റ്റ് അറിയണം. എന്റെ അമ്മ മരിച്ചുപോകും എന്ന് വിചാരിച്ചിട്ട് അല്ലല്ലോ നമ്മൾ ജീവിക്കുന്നത്. എല്ലാം വളരെ പെട്ടെന്നായിരുന്നു. വയ്യാതെ കിടക്കുന്ന ഒരാളാണെങ്കിൽ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ എവിടെയെങ്കിലും കിടക്കുന്നുണ്ടാവും അമ്മയുടെ ടേസ്റ്റ് ഇതായിരിക്കുമെന്ന്. ഇതിപ്പോ അങ്ങിനെയൊരു സ്റ്റോറിങ് ഇല്ലായിരുന്നു.
എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ എനിക്ക് എന്റെ അമ്മയുടെ ടേസ്റ്റ് അറിയണമായിരുന്നു. അതിനുവേണ്ടി ഞാൻ നടക്കുകയായിരുന്നു. ഇത് ചെയ്താൽ ചിലപ്പോൾ അമ്മയുടെ ടേസ്റ്റ് കിട്ടും എന്നൊക്കെ ചിന്തിച്ചിട്ട് ഞാൻ ഓരോന്ന് ചെയ്യുമായിരുന്നു. പക്ഷേ അമ്മയുടെ ടേസ്റ്റ് എന്നതാ എന്ന് ചേച്ചിക്ക് അറിയാമായിരുന്നു. അമ്മയുടെ കൈപ്പുണ്യം എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. എത്രയൊക്കെ വലിയ ഗിഫ്റ്റ് കിട്ടിയാലും അമ്മയുടെ കയ്യിൽ നിന്ന് ഒരു ഉരുള ചോറ് തിന്നുന്നത് മറ്റൊന്നും കിട്ടിയില്ലെങ്കിൽ പോലും നമ്മുടെ മനസും വയറും നിറയ്ക്കും. മിക്ക പെൺകുട്ടികളുടെ കൈയിലും അമ്മയുടെ റെസിപ്പി എന്ന് പറയുന്ന ഒരു ബുക്ക് എപ്പോഴും ഉണ്ടാകും എന്നുവെച്ചാൽ കല്യാണം കഴിഞ്ഞു പോകുന്ന എല്ലാ പെൺകുട്ടികളുടെ കയ്യിലും. എനിക്ക് അത് വലിയ വിഷമമായിരുന്നു. ഞങ്ങൾ പെൺകുട്ടികൾ ആയിട്ട് അമ്മയുടെ ഭക്ഷണത്തിന്റെ ഒരു റെസിപ്പിയും ഞങ്ങളുടെ കയ്യിൽ കയ്യിൽ ഇല്ല. അമ്മ ഇല്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമായിരുന്നു. ഞാൻ എന്റെ അമ്മയുടെ രുചിയ്ക്ക് വേണ്ടി കുറെ തിരഞ്ഞു.
കല്യാണം കഴിഞ്ഞ് പോയപ്പോ ഷാജിയേട്ടന്റെ അമ്മ എന്നെ എല്ലാം പഠിപ്പിച്ചു. പക്ഷേ എന്റെ അമ്മയുടെ ടേസ്റ്റ് വന്നില്ല. ഞാൻ ഓരോന്ന് ചെയ്ത് ചേച്ചിയ്ക്ക് കൊടുക്കുമ്പോൾ ചേച്ചി പറയും ഇതല്ലടി അമ്മയുടെ ടേസ്റ്റ്. ഞാൻ അപ്പൊ എന്റെ ചേച്ചിയോട് പറയുമായിരുന്നു നീയെന്നതെങ്കിലും ഉണ്ടാക്കാൻ പഠിച്ചിരുന്നെങ്കിൽ എനിക്കത് ഗുണമുണ്ടായേനെ എന്ന്. അമ്മയുടെ ടേസ്റ്റ് പൂർണമായും കോട്ടയം സ്റ്റൈൽ ആയിരിക്കുമല്ലോ.
ഞാൻ അപ്പൊ എന്നാ ചെയ്‌തെന്ന് വെച്ചാൽ കെ എം മാത്യു അമ്മച്ചിയില്ലേ ആ അമ്മച്ചിയുടെ റെസിപ്പി കുറെ ട്രൈ ചെയ്തു. എന്റെ അമ്മയും ക്രിസ്ത്യാനിയാണ് അമ്മച്ചിയും ക്രിസ്ത്യാനിയാണ്. ഇതിൽ വല്ല ഗുണവും ഉണ്ടായാലോ എന്ന് വിചാരിച്ചിട്ട് പരീക്ഷിച്ച് പരീക്ഷിച്ച് അപ്പൊ ഏട്ടന് മനസിലായി എനിക്ക് ഇതിനോടൊരു ഇഷ്ടമുണ്ടെന്ന്. അങ്ങനെയാണ് ഞാൻ ഇതിലോട്ട് വരുന്നത്. അമ്മയെ തേടിയുള്ള ഒരു യാത്രയായിരുന്നു എന്റെ കുക്കിംഗ്.” ആനി പറയുന്നു.