ഉത്തരേന്ത്യൻ വിഭവങ്ങളിൽ പ്രസിദ്ധമാണ് ചോള ബട്ടൂര. വ്യത്യസ്തമായൊരു പ്രഭാത ഭക്ഷണമാണ്. ഇത് വളരെ വ്യത്യസ്തമായ രീതിയിൽ നിത്യ ദാസ് തയാറാകുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിത്യയുടെ ഭർത്താവ് ഒരു നോർത്ത് ഇന്ത്യക്കാരൻ ആയതിനാൽ വീട്ടിലെ പ്രധാന പ്രഭാത ഭക്ഷണം ഇതാണെന്ന് നിത്യ പറയുന്നുണ്ട്.
ചേരുവകൾ
കാബൂളി കടല -1 കപ്പ് (വെള്ളത്തിൽ കുതിർത്തത്)
തക്കാളി – 1
സവാള – 1
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 4
മുളകുപൊടി -1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
കസൂരിമേത്തി -1 ടീ സ്പൂൺ
ചന മസാല -2 ടീ സ്പൂൺ
ചിക്കൻ മസാല – 2 ടീ സ്പൂൺ
ജീരകം – 1 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
മല്ലിയില – കുറച്ച്
തയാറാക്കുന്ന വിധം
കടല കുക്കറിൽ അല്പം വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് കുറച്ച് ജീരകം ഇടുക. ജീരകം പൊട്ടിയതിനുശേഷം ഗ്രാമ്പൂ, കറുവപ്പട്ട ചേർക്കണം. ശേഷം വലിയ ഏലയ്ക്ക ചതച്ചിടണം. ഇതൊന്ന് മൂത്ത് വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കുക. ഇഞ്ചി വെളുത്തുള്ളി ഒന്ന് മൂത്ത് വരുമ്പോൾ അതിലേക്ക് അരച്ച സവാളയും പച്ചമുളകും കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ബെ ലീഫ് കൂടി ഇട്ടു കൊടുക്കുക.
ഉള്ളി കുറച്ച് മൂത്തതിനു ശേഷം അതിലേക്ക് തക്കാളി അരച്ചത് ചേർത്ത് കൊടുക്കുക. മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. പിന്നെ ഗരം മസാല. കുറച്ച് ചന മസാല കുറച്ച് ചിക്കൻ മസാല പിന്നെ കുറച്ചു മല്ലിപ്പൊടിയും കൂടി ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ എണ്ണ മേലേക്ക് വരണം. അപ്പോൾ ഒരു ഒന്ന് രണ്ട് ചെറിയ സ്പൂൺ നെയ്യ് ചേർക്കുക. ഒന്ന് ചതച്ച് കടല ഇട്ടുകൊടുക്കുക.. അതിനുശേഷം എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കുക. എന്നിട്ട് കടല വേവിച്ച വെള്ളം എടുത്ത് അതിൽ ഒഴിക്കുക. കസൂരി മേത്തി ഇട്ടു കൊടുക്കുക. അവസാനം ജീരകം ഒന്ന് വറുത്തുപൊടിച്ച് ഇടുക. സ്റ്റവ് അണച്ചതിന് ശേഷം മല്ലിയില ഇട്ടുകൊടുക്കുക. ഒരൽപ്പം നെയ്യ് തൂവി കൊടുക്കുക.
ബട്ടൂര
ചേരുവകൾ
മൈദ -1 1/2 കപ്പ്
ആട്ട – 1/2 കപ്പ്
തൈര് -1/2 കപ്പ്
പഞ്ചസാര -1 ടീസ്പൂൺ
ബേക്കിങ് പൗഡർ -3/4 ടീസ്പൂൺ
ബേക്കിങ് സോഡാ -2 നുള്ള്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തൈര്, പഞ്ചസാര, ബേക്കിങ് സോഡാ, ബേക്കിങ് പൗഡർ, ഉപ്പ് എല്ലാം നന്നായി യോജിപ്പിച്ച് അതിലേക്ക് മൈദയും ആട്ടയും ആവശ്യമെങ്കിൽ അല്പം വെള്ളം കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. അല്പം എണ്ണ തടവി 2 മണിക്കൂർ വയ്ക്കുക. രണ്ടുമണിക്കൂറിനു ശേഷം ഇഷ്ട്ടമുള്ള ആകൃതിയിൽ പരത്തി എടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.