മൂന്നാർ: പാർക്കിങ്ങിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ രാത്രിയിലുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിൽ എ.ഗണേശ് മൂർത്തിക്കാണു (42) നെഞ്ചിൽ കുത്തേറ്റത്.
ഓട്ടോ ഡ്രൈവർ ദാസ് (38), ഭാര്യ മഹാലക്ഷ്മി (34), ബന്ധുവായ മണി (40) എന്നിവരാണു പിടിയിലായത്. ഞായർ രാത്രി 10.30ന് ആണു സംഭവം. ഗണേശ് മൂർത്തിയുടെ വീടിനു സമീപം അയൽവാസിയായ ദാസ് ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി.
ഇതിനിടെ ദാസിന്റെ ഭാര്യ മഹാലക്ഷ്മിയും ബന്ധുവായ മണിയും ആയുധവുമായെത്തി ഗണേശിനെ കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കുത്തേറ്റ ഗണേശ് മൂർത്തി ഗുരുതരാവസ്ഥയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിലാണ് ഇന്നലെ പുലർച്ചെ പ്രതികളെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.