Health

പ്രതീക്ഷിക്കാത്ത നേരത്ത് വരും: എലിപ്പനിയുടെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പൊതുവെ മഴക്കാലത്ത് വളരെ വേഗത്തിൽ പടർന്ന് പിടിക്കുന്ന രോഗമാണ് എലിപ്പനി. ശുദ്ധമല്ലാത്ത വെള്ളതിലൂടെ ആണ് രോഗം പടരുന്നത്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് മഞ്ഞപ്പിത്തം പടരുകയാണ്, ഇതിന് പിന്നാലെയാണ് അതിശക്തമായ മഴ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും തുടരുന്നത്. വെള്ളക്കെടുകളും പരിസരത്തെ ശുചിത്വമില്ലാത്തതുമൊക്കെ പലപ്പോഴും എലിപ്പനി പടർന്ന് പിടിക്കാൻ കാരണമാകാറുണ്ട്. മഴക്കാലമാകുമ്പോൾ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെല്ലാം അതിശക്തമായ കൂടാറുണ്ട്. ഇതിൽ പ്രധാനിയാണ് എലിപ്പനി. ഇതിൻ്റെ പ്രധാന ലക്ഷണങ്ങളും ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും നോക്കാം.

എന്താണ് എലിപ്പനി?

എലിപ്പനി അഥവ ലെപ്റ്റോസ്പൈറോസ് ഒരു ജന്തുജന്യ രോ​ഗമാണ്. എലികളുടെ മൂത്രത്തിലൂടെ ആണ് ഈ രോ​ഗം പടരുന്നത്. ഇതിലൂടെ പുറത്ത് വരുന്ന രോ​ഗാണുക്കളാണ് മനുഷ്യരിൽ ഈ രോ​ഗം പട‍ർത്തുന്നത്. രോ​ഗബാധയുള്ള എലിയുടെ പൊറലിലൂടെയോ അല്ലെങ്കിൽ കടിച്ചാലും ഈ രോ​ഗം പടരാം. എലികൾക്ക് പുറമെ അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കും ഈ രോഗം ഉണ്ടാകാം. മനുഷ്യരുടെ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയും രോ​ഗം പടരാം.

പ്രധാന ലക്ഷണങ്ങൾ

അതിശക്തമായ പനിയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. കൂടാതെ പനിയ്ക്ക് ഒപ്പം വിറയലും ഉണ്ടാകും. പനി ഇല്ലാതെ കുളിര് തോന്നിയാലും ശ്രദ്ധിക്കണം. . കഠിനമായ തലവേദന, പേശി വേദന, കാല്‍മുട്ടിന് താഴെ വേദന, നടുവേദന, കണ്ണിന് ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിലും സൂക്ഷിക്കേണ്ടതാണ്. എലിപ്പനി ഗുരുതരമായാൽ ശരീരത്തിലെ ആന്തരിക അവയവങ്ങളെ അത് ബാധിക്കാം.

സമ്പർക്കത്തിലൂടെ പകരുമോ

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കാര്യമായി രോഗം പടരില്ല. മനുഷ്യരെ ബാധിക്കുന്ന ലെപ്‌റ്റോസ്‌പൈറോസിസ് ബാക്ടീരിയകൾ അത്ര ശക്തമല്ല. വായുവിലൂടെ ഈ രോഗം പടരില്ല. രോഗം ബാധിച്ച വ്യക്തിയുടെ രക്തം പുരണ്ടതോ മൂത്രത്താല്‍ കുതിര്‍ന്നതോ ആയ തുണികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികൾ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

മഴക്കാലത്ത് വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ടത്. മലിനജലത്തിലോ അല്ലെങ്കിൽ മഴ വെള്ളത്തിലോ ഇറങ്ങേണ്ട സാഹചര്യമുണ്ടായാൽ കാലുകളും കൈകളുമൊക്കെ വ്യത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഒരു കാരണവശാലും കുട്ടികളെ ഇറക്കരുത്. വെള്ളത്തിൽ ഇറങ്ങേണ്ട സാഹചര്യമുണ്ടാകുകയാണെങ്കിൽ ഗ്ലൌസുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.