Health

ഇടയ്ക്കിടെയുള്ള കൈ കാൽ വേദന: കാരണമെന്താണ്?

സന്ധികളില്‍ നീര്‍ക്കെട്ടിന് കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നിങ്ങനെ സന്ധിവാതം പല തരത്തിലുണ്ട്. വര്‍ഷം തോറും ലക്ഷണക്കണക്കിന് പേര്‍ക്ക് ഈ രോഗം ബാധിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് സന്ധിവാതം വരാനുള്ള സാധ്യത അധികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ പോലുള്ള ഹോര്‍മോണുകളുടെ തോത് സ്ത്രീകളില്‍ അധികമായിരിക്കുന്നത് അവരുടെ സന്ധികളുടെ ആരോഗ്യത്തെ ബാധിക്കാമെന്ന് ഗാസിയാബാദ് മണിപ്പാല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് കണ്‍സള്‍ട്ടന്റ് ഡോ. അശുതോഷ് ഝാ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഉയര്‍ന്ന തോതിലുള്ള ഈസ്ട്രജന്‍ സന്ധികളിലെ തരുണാസ്ഥിയെ വളരെ വേഗത്തില്‍ ക്ഷയിപ്പിക്കുന്നത് ഓസ്റ്റിയോആര്‍ത്രൈറ്റിസിലേക്ക് നയിക്കാം. ഗര്‍ഭകാലത്തും ആര്‍ത്തവവിരാമത്തിലും ഉണ്ടാകുന്ന ഹോര്‍മോണല്‍ മാറ്റങ്ങളും സന്ധിവേദനയ്ക്കും സന്ധികളിലെ പിരിമുറുക്കത്തിനും കാരണമാകാം.

ഇന്ത്യയില്‍ 60 വയസ്സിന് മുകളിലുള്ള മൂന്നിലൊരു സ്ത്രീക്കും സന്ധിവാതം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. 20കളിലും 30കളിലുമുള്ള സ്ത്രീകള്‍ക്കും സന്ധിവേദന സാധ്യത ഇപ്പോള്‍ അധികമാണ്. സന്ധിവേദനയും ദൃഢതയും മൂലം നടപ്പ്, നില്‍പ്പ്, പേന പിടിക്കല്‍ പോലുള്ള ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടുന്ന യുവതികള്‍ ഉണ്ടെന്ന് ഗുരുഗ്രാമിലെ പരസ് ഹെല്‍ത്ത് ജോയിന്റ് റീപ്ലേസ്‌മെന്റ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഇഞ്ച്വറി സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാഹുല്‍ കുമാറും അഭിപ്രായപ്പെടുന്നു.

ജനിതക പാരമ്പര്യം സന്ധിവേദനയുടെ കാര്യത്തില്‍ നിര്‍ണ്ണായക ഘടകമാകാറുണ്ട്. കുടുംബപരമായി സന്ധിവേദനയുടെ ചരിത്രമുള്ളവര്‍ക്ക് ഈ രോഗം വരാന്‍ സാധ്യത അധികമാണ്. അമിതവണ്ണം, അലസ ജീവിതശൈലി എന്നിവയും സന്ധിവേദനയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സന്ധികള്‍ ചെറുതായതിനാല്‍ ഇവിടുത്തെ തരുണാസ്ഥിയുടെ അളവ് കുറവാണെന്നതും ഇവരിലെ സന്ധിവേദനയുടെ സാധ്യത കൂട്ടുന്നു.

സന്ധിവേദനയ്ക്ക് പരിഹാരമില്ലെങ്കിലും ഇതിന്റെ വരവ് വൈകിപ്പിക്കാനും ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിക്കും. നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നുകളാണ് പല തരത്തിലുള്ള സന്ധിവേദനയുടെ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. ചിലതരം വ്യായാമങ്ങളും വേദന കുറയ്ക്കുന്നതാണ്.