മലയാളത്തിലടക്കം തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് സ്നേഹ. മലയാളത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ജസ്റ്റ് ഫോര്‍ വിമണ്‍’ മാസികയുടെ പുരസ്കാരവേദിയില്‍ സ്നേഹയുടെ ഭർത്താവും നടനുമായ പ്രസന്ന അവാർഡ് സമ്മാനിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ശ്രദ്ധ നേടുന്നത്.
പട്ടാസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്നേഹയ്ക്ക് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് ലഭിച്ചു. കുറ്റമറ്റ ആക്ഷൻ സീക്വൻസുകൾക്കും പട്ടാസ് എന്ന ചിത്രത്തിലെ പ്രകടനത്തിനും ആണ് അവാർഡ്. സ്നേഹയുടെ ഭർത്താവും നടനുമായ പ്രസന്ന സംവിധായകൻ ഭാഗ്യരാജിനൊപ്പം ആണ് സ്നേഹയ്ക്ക് അവാർഡ് സമ്മാനിച്ചത്. സ്നേഹ തൻ്റെ അമ്മയുടെ ജന്മദിനമാണ് ഇന്ന് എന്നും, അമ്മയെ ഇവിടെ വച്ചു വിഷ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. അമ്മയിൽ നിന്നും സ്നേഹ അവാർഡ് വാങ്ങി. ഇത് പിറന്നാൾ ദിവസം അമ്മയ്ക്കുള്ള സമ്മാനം ആണെന്നും പറഞ്ഞു.
താനും പ്രസന്നയും കരിയറിലും വ്യക്തിജീവിതത്തിലും പരസ്പരം പിന്തുണയ്ക്കുന്നു എന്നും സ്നേഹ പറഞ്ഞു. “പട്ടാസിൻ്റെ സെറ്റിൽ ഏറ്റവും മികച്ച ടീം ആണ് ഉണ്ടായിരുന്നത്. സിനിമയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഞാൻ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭകാലത്ത് കൂടുതൽ ശ്രദ്ധിക്കണമെന്ന് എല്ലാവരും ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇഷ്ടമുള്ളത് ചെയ്യുന്നതിൽ നിന്ന് എന്നെ ആരും തടയില്ലെന്ന് ഞാൻ ഉറപ്പാക്കുകയും ചെയ്തു” സ്നേഹ പറഞ്ഞു.
ഇതിനോട് പ്രസന്നയും പ്രതികരിച്ചു. “അവളുടെ ഗർഭകാലത്ത് ഈ സിനിമയ്ക്കും മറ്റും അവൾ രാവും പകലും ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൾ സുന്ദരിയും കഴിവുള്ളവളും മിടുക്കിയുമായ അമ്മയുമാണ്. അവൾക്ക് ഇങ്ങനെ സർപ്രൈസ് കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം. ശരിക്കും അവൾ അർഹിക്കുന്ന ഈ ഒരു അവാർഡ് ഇന്ന് അവൾക്ക് കൊടുക്കാൻ കഴിഞ്ഞതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്” എന്നാണ് പ്രസന്ന പറഞ്ഞത്.
2011 ല്‍ ആണ് സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളാണ് ഈ താര ദമ്പതികള്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നു. കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴും സ്നേഹ സിനിമകളില്‍ സജീവമാണ്. നായിക റോളിലും സഹനായിക റോളിലും നടി അഭിനയം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ കൂടിയാണ് ഇരുവരും. 2009ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്നേഹയും ആദ്യമായി ബിഗ് സ്ക്രീനിൽ ജോഡികളായി എത്തി അഭിനയിച്ചത്. ആ സിനിമയുടെ ഷൂട്ടിങിനിടെയാണ് ഇരുവരും പരസ്പരം പ്രണയത്തിലായത്.