മദ്യപാനം നിരവധി അസുഖങ്ങൾ വരുത്തി വയ്ക്കുമെന്ന് എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. എന്നാൽ പലരും കരുതുന്നത് മദ്യം മിതമായ അളവിൽ കഴിച്ചത് പ്രശ്നമില്ല എന്നാണ്. പക്ഷെ ഈ ധാരണ പൂർണ്ണമായും തെറ്റാണെന്നു. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് മദ്യം മിതമായ അളവിൽ കുടിച്ചാലും നിരവധി പ്രശ്നങ്ങൾ ഉണ്ടാകുമെന്നതാണ്. മദ്യത്തിന്റെ പ്രയോഗം മൂലം പ്രധാനമായും വരുവാൻ സാധ്യതയുള്ള രോഗമാണ് ആൾക്കഹോളിക് ലിവർ ഡിസീസ്
ആൽക്കഹോളിക്ക് ലിവർ ഡിസീസിന്റെ ഘട്ടങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്?
മദ്യം മൂലമുള്ള കരൾരോഗത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.
ഒന്നാംഘട്ടം: ആൽക്കഹോളിക്ക് ഫാറ്റി ലിവർ (Alcoholic Fatty Liver)
90 ശതമാനം അമിത മദ്യപാനികളിലും ഫാറ്റി ലിവർ കാണപ്പെടുന്നു. കരളിൽ കൊഴുപ്പ് നിറയുന്ന ഘട്ടമാണിത്. കൊഴുപ്പ് നിറഞ്ഞ് കരൾ വീർത്തുവരുന്ന അവസ്ഥ മിക്കവാറും ഉണ്ടാകാറുണ്ട്. ഇതിനെ ഹെപ്പറ്റോമെഗാലി (Hepatomegaly)എന്ന് പറയുന്നു. നിർഭാഗ്യവശാൽ ആൽക്കഹോളിക്ക് ഫാറ്റി ലിവർ പൊതുവേ ഒരു ലക്ഷണവും കാണിക്കാറില്ല. മദ്യപാനം നിർത്തിയാൽ ഫാറ്റിലിവറിൽനിന്ന് മുക്തമാകാം എന്നുള്ളതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.
രണ്ടാം ഘട്ടം: ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് (Alcoholic hepatitis)
കരൾവീക്കം ഉണ്ടാകുന്ന രണ്ടാമത്തെ ഘട്ടമാണിത്. ചെറിയ രീതിയിലുള്ള കരൾവീക്കം മരുന്നുകളിലൂടെ ഭേദമാക്കാമെങ്കിലും തീവ്രമായ ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് വളരെകൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്ന അസുഖമാണ്. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, ഛർദി, അമിത ക്ഷീണം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ കരൾപരാജയം ഉണ്ടാവുകയും രക്തസ്രാവം, ബുദ്ധിസ്ഥിരതയിലെ വ്യതിയാനം, അബോധാവസ്ഥ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യാം. ചെറിയ കാലയളവിലുള്ള അമിതമദ്യപാനം (binge drinking) പലപ്പോഴും ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്.
മൂന്നാംഘട്ടം: സിറോസിസ്( Cirrhosis)
സിറോസിസ് എന്നാൽ ഘടനയിൽ വ്യത്യാസം വന്ന് ചുരുങ്ങി, പ്രവർത്തനക്ഷമത കുറഞ്ഞ കരൾ എന്നാണ് മനസ്സിലാക്കേണ്ടത്. കരളിലെ പ്രഷർ കൂടുന്നതിനാൽ കരളിലേക്ക് എത്തിച്ചേരുന്ന രക്തക്കുഴലുകളിലെയും പ്രഷർ കൂടുന്നു. അന്നനാളത്തിലെയും ആമാശയത്തിലെയും രക്തക്കുഴലുകളാണ് ഇതിൽ പ്രധാനം. അമിത പ്രഷർ കാരണം ഇവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. ഇത് രക്തം ഛർദിക്കുന്നതിനും മലത്തിലൂടെ കറുപ്പ് നിറത്തിൽ രക്തം പോകുന്നതിനും കാരണമാകുന്നു. കൂടാതെ കരളിലെ പ്രഷറും ആൽബുമിന്റെ അഭാവവും കാരണം വയറ്റിലും, കാലിലും വെള്ളം നിറയുന്നു.
വയറ്റിൽ വെള്ളം നിറയുന്നതിനെ അസൈറ്റിസ് (Ascites) എന്ന് പറയുന്നു. വിഷാംശങ്ങൾ നിർവീര്യമാക്കാൻ പറ്റാത്തതിനാൽ ഇവയുടെ അംശം തലച്ചോറിലേക്ക് എത്തി തലച്ചോറിന്റെ പ്രവർത്തനം അവതാളത്തിലാവുന്നു. ഇത് സ്വഭാവവ്യത്യാസം, ഉറക്കകൂടുതൽ, അമിത ദേഷ്യം, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. രക്തത്തിൽ ബിലിറൂബിൻ അളവ് കൂടുന്നതിനാൽ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും, കണ്ണിനും ശരീരത്തിനും മഞ്ഞനിറം കാണപ്പെടുകയും ചെയ്യുന്നു.
രക്തം കട്ടയാകാനുള്ള കഴിവ് കുറയുന്നതിനാൽ മോണയിൽനിന്നും മൂക്കിൽനിന്നും മൂത്രത്തിലൂടെയും രക്തസ്രാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സിറോസിസ് ബാധിച്ച കരളിലെ പ്രഷർ കൂടുന്നത് ഹൃദയം, വൃക്ക, ശ്വാസകോശംപോലുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കാൻ ഇടയാക്കും. സിറോസിസ് ഉള്ള കരളിൽ കാൻസർ വരാനുളള സാധ്യതയും കൂടുതലാണ്.
മദ്യപാനംമൂലം കരൾരോഗം വരാൻ സാധ്യത കൂടുതൽ ആർക്കൊക്കെ ?
ഏത് അളവിലാണെങ്കിലും, ഏത് തരത്തിലുള മദ്യമാണെങ്കിലും അത് കരളിനും മറ്റ് അവയവങ്ങൾക്കും ഉപദ്രവകാരിയാണ്. മദ്യത്തിന്റെ അളവും മദ്യപാനത്തിന്റെ കാലയളവും കരൾരോഗത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
കരളിനുണ്ടാക്കുന്ന അസുഖങ്ങളുടെ തീവ്രത മദ്യത്തിലെ കലർപ്പില്ലാത്ത ആൽക്കഹോളിന്റെ (Absolute Alcohol) അളവിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് 36 ശതമാനം വരെ ആൽക്കഹോളിന്റെ അംശമുള്ള ബീർ ഉണ്ടാക്കുന്നതിനെക്കാൾ ദോഷം 40 ശതമാനം ആൽക്കഹോൾ അംശമുള്ള വീര്യംകൂടിയ മദ്യം ഉണ്ടാക്കുന്നു. ഒരു ദിവസം ഏകദേശം 30 ഗ്രാം ആൽക്കഹോൾ എന്ന തോതിൽ മദ്യം കഴിക്കുന്നത് കരൾ രോഗത്തിന് വഴിയൊരുക്കുന്നു. എന്നാൽ ഈ അളവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.
ഓരോരുത്തരുടെയും ജനിതകഘടനയനുസരിച്ച് മദ്യത്തോടുള്ള കരളിന്റെ പ്രതികരണം വ്യത്യാസപ്പെട്ടിരിക്കാം. അതിനാൽ ചെറിയ അളവ് മദ്യംപോലും കരളിന് ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂട്ടാം. ഇത് കൂടാതെ പ്രമേഹം, അമിത ബി.പി., കൊളസ്‌ട്രോൾ വ്യതിയാനങ്ങൾപോലുള്ള മറ്റ് അസുഖങ്ങളുടെ സാന്നിധ്യം, പുകവലി പോലുള്ള ദുശ്ശീലം എന്നിവ ഉണ്ടെങ്കിൽ മദ്യപാനികളിൽ കരൾ തകരാറിന് സാധ്യത കൂടുന്നു. സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ അളവിലുള്ള മദ്യ ഉപയോഗം പോലും കരൾരോഗം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചെറിയ കാലയളവിൽ വലിയ അളവിലുള്ള മദ്യപാനം (Binge drinking)കൂടുതൽ അപകടകാരിയാണ്.
എങ്ങനെയാണ് രോഗം നിർണയിക്കുന്നത്?
രോഗനിർണയത്തിന് രോഗിയുടെ മദ്യപാന ശീലത്തെക്കുറിച്ചുള്ള (Drinking habits) വിവരങ്ങൾ വളരെ പ്രധാനമാണ്. പരിശോധനയിൽ മഞ്ഞപ്പിത്തവും കരളിന്റെ വീക്കവും അമിത മദ്യപാനത്തിന്റെ ലക്ഷണങ്ങളും പ്രകടമായേക്കാം. ലിവർ ഫങ്ഷൻ രക്തസാമ്പിളിലൂടെ പരിശോധിക്കാവുന്നതാണ്. എസ്.ജി.പി.ടി, എസ്.ജി.ഒ.ടി തുടങ്ങിയ ലിവർ എൻസൈമുകൾ ഫാറ്റി ലിവർ ഘട്ടത്തിൽ ചിലപ്പോൾ നോർമലോ കൂടുതലോ ആയിരിക്കാം.
ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിൽ ലിവർ എൻസൈമുകൾ കൂടുതലായിരിക്കും. ബിലിറൂബിന്റെ അളവ് കൂടുന്നത് മഞ്ഞപ്പിത്തത്തിന് കാരണമാകും. സിറോസിസിൽ ആൽബുമിന്റെ അളവ് കുറവായിരിക്കും. അൾട്രാസൗണ്ട് സ്‌കാനിങ്, സി.ടി. സ്‌കാൻ, എം.ആർ.ഐ. എന്നിവയുടെ സഹായത്തോടെ കരളിന്റെ ഘടനയെ മനസ്സിലാക്കാനും കരളിലെ മുഴകൾ കണ്ടുപിടിക്കാനും സാധിക്കുന്നു.
മറ്റെന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ വരാം?
ഇൻസുലിൻ എങ്ങനെ ഉപയോഗിക്കുന്നുവെന്നും ഗ്ലൂക്കോസിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും നിയന്ത്രിക്കാൻ പാൻക്രിയാസ് സഹായിക്കുന്നു. പാൻക്രിയാറ്റിസ് അല്ലെങ്കിൽ കരൾ രോഗം കാരണം നിങ്ങളുടെ പാൻക്രിയാസും കരളും ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, ഹൈപ്പോഗ്ലൈസീമിയയോ അനുഭവപ്പെടാം.
ദഹനവ്യവസ്ഥ
മദ്യപാനം നിങ്ങളുടെ ദഹനനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കുന്നതിൽ നിന്ന് നിങ്ങളുടെ കുടലിനെ തടയുകയും ചെയ്യുന്നു. ഇത് സ്ഥിരമായി ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു
പ്രതിരോധ ശേഷി
മദ്യപാനം നിങ്ങളുടെ ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നു. അതിനാൽ തന്നെ രോഗാണുക്കളിൽ നിന്നും വൈറസുകളിൽ നിന്നും അതിജീവിക്കുവാൻ നിങ്ങളുടെ ശരീരത്തിന് പ്രയാസമനുഭവപ്പെടും
ദീർഘകാലം അമിതമായി മദ്യപിക്കുന്നവർക്കും സാധാരണക്കാരെ അപേക്ഷിച്ച് ന്യുമോണിയയോ ക്ഷയരോഗമോ വരാനുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടന (WHO) ലോകമെമ്പാടുമുള്ള ക്ഷയരോഗബാധിതരുടെ 8.1 ശതമാനം മദ്യപാനവുമായി ബന്ധിപ്പിക്കുന്നു.
സൈക്കോളജിക്കൽ ഇഫക്റ്റുകൾ
ദീർഘകാല മദ്യപാനം നിങ്ങളുടെ തലച്ചോറിലെ കെമിക്കൽ ഇമ്പാലൻസിനു കാരണമാകും
എന്തൊക്കെ നഷ്ട്ടപ്പെടും?
- ഓർമ്മയും ഏകാഗ്രതയും
- പ്രേരണ നിയന്ത്രണം
- മാനസികാവസ്ഥ, വ്യക്തിത്വം
പതിവ് മദ്യപാനം മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും, കാരണം മദ്യം ഉത്കണ്ഠ, വിഷാദം, ബൈപോളാർ ഡിസോർഡർ എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥകളെ കൂടുതൽ കുഴപ്പത്തിലാക്കും
മദ്യം കുടിക്കുന്നതിനു മുൻപായി എന്തൊക്കെ ചെയ്യാം?
ഭക്ഷണം: വേഗത്തിൽ ലഹരി ഉണ്ടാകാതിരിക്കാൻ ഒഴിഞ്ഞ വയറ്റിൽ കുടിക്കുന്നത് ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
വേഗം: മദ്യം പ്രോസസ്സ് ചെയ്യാൻ നിങ്ങളുടെ ശരീരത്തിന് ധാരാളം സമയം നൽകുക. സാവധാനം കുടിക്കുക. നിങ്ങളുടെ കരളിന് ഓരോ മണിക്കൂറിലും 1 ഔൺസ് മദ്യം പ്രോസസ്സ് ചെയ്യാൻ കഴിയും.
മദ്യപിച്ച് വാഹനമോടിക്കരുത്: മദ്യപിച്ച് വാഹനമോടിക്കരുത്.